തെഹ്‌റാൻ: ഇസ്രായിലിന്റെ വിദേശ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദിന് വേണ്ടി ചാരവൃത്തി നടത്തിയ രണ്ടുപേരുടെ വധശിക്ഷ ഇറാനിൽ നടപ്പാക്കി. ഒമിദ് ബെഹ്സാദി, ബോരിയ സഫ്വത്തി എന്നിവരുടെ വധശിക്ഷയാണ് നടപ്പാക്കിയതെന്ന് ഇറാൻ ജുഡീഷ്യറിയുടെ ഔദ്യോഗിക വാർത്താ വെബ്‌സൈറ്റായ ‘മീസാൻ ഓൺലൈൻ’ റിപ്പോർട്ട് ചെയ്തു.
രാജ്യത്തെ തന്ത്രപ്രധാനമായ സൈനിക, സുരക്ഷാ കേന്ദ്രങ്ങളുടെ വിവരങ്ങളും കോർഡിനേറ്റുകളും മൊസാദ് ഏജന്റുമാർക്ക് ചോർത്തി നൽകിയതാണ് ഇവർക്കെതിരെയുള്ള പ്രധാന കുറ്റം. ചാരവൃത്തി, സയണിസ്റ്റ് ഭരണകൂടവുമായുള്ള സഹകരണം എന്നീ കുറ്റങ്ങൾ തെളിഞ്ഞതിനെ തുടർന്നാണ് നടപടിയെന്ന് വെബ്‌സൈറ്റ് വ്യക്തമാക്കി. അതേസമയം, ഇവരുടെ അറസ്റ്റ് തീയതിയെക്കുറിച്ചോ വിചാരണ നടപടികളെക്കുറിച്ചോ ഉള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
യു.എസ്-ഇസ്രായിൽ ആക്രമണത്തോടെ ആരംഭിച്ച നിലവിലെ സംഘർഷങ്ങൾക്കിടയിലും 2025 ജൂണിൽ നടന്ന 12 ദിവസത്തെ യുദ്ധത്തിനിടയിലും ഇരുവരും ചാരവൃത്തി നടത്തിയതായി ഇറാൻ സ്റ്റേറ്റ് ടെലിവിഷൻ റിപ്പോർട്ട് ചെയ്തു.
ചൈനയ്ക്ക് ശേഷം ലോകത്ത് ഏറ്റവും കൂടുതൽ വധശിക്ഷ നടപ്പാക്കുന്ന രണ്ടാമത്തെ രാജ്യമാണ് ഇറാനെന്ന് ആംനസ്റ്റി ഇന്റർനാഷണൽ ഉൾപ്പെടെയുള്ള മനുഷ്യാവകാശ സംഘടനകൾ ചൂണ്ടിക്കാണിക്കുന്നു. അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളുടെ കണക്കനുസരിച്ച് 2025-ൽ മാത്രം കുറഞ്ഞത് 1,639 പേരെയാണ് ഇറാൻ വധശിക്ഷയ്ക്ക് വിധേയരാക്കിയത്. 1989-ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിതെന്ന് നോർവേ ആസ്ഥാനമായുള്ള ‘ഹ്യൂമൻ റൈറ്റ്സ് ഇൻ ഇറാനും’ പാരീസ് ആസ്ഥാനമായുള്ള ‘ടുഗെദർ എഗെയ്ൻസ്റ്റ് ദി ഡെത്ത് പെനാൽറ്റിയും’ വ്യക്തമാക്കുന്നു.
കഴിഞ്ഞ ശൈത്യകാലത്ത് രാജ്യത്തുണ്ടായ സർക്കാർ വിരുദ്ധ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് കൂടുതൽ പേരെ തൂക്കിലേറ്റാൻ ഇറാൻ തീരുമാനിച്ചതിന് പിന്നാലെ, രാജ്യത്ത് വധശിക്ഷ നടപ്പാക്കുന്നതിലുണ്ടായ വർധനവിനെ അപലപിച്ച് ആംനസ്റ്റി ഇന്റർനാഷണൽ രംഗത്തെത്തിയിരുന്നു.






