പാരിസ്– ഗാസ മുനമ്പ് പിടിച്ചടക്കാനുള്ള ഇസ്രായിൽ പദ്ധതിക്കെതിരെ ശക്തമായ എതിർപ്പുമായി ഫ്രാൻസും. കൂടുതൽ സൈന്യത്തെ വിന്യസിച്ച് ഗാസ പിടിച്ചടക്കാനും നിയന്ത്രിക്കാനുമുള്ള ഇസ്രായിൽ തീരുമാനം അസ്വീകാര്യമാണെന്നും മനുഷ്യാവകാശ നിയമങ്ങളുടെ ലംഘനമാണെന്നും ഫ്രാൻസ് വിദേശകാര്യമന്ത്രി ഷോൺ നോയൽ ബാരറ്റ് പറഞ്ഞു. ഗാസയിലേക്ക് കൂടുതൽ സൈന്യത്തെ അയക്കാനുള്ള തീരുമാനത്തിന് ഞായറാഴ്ച ഇസ്രായിൽ സുരക്ഷാ കാബിനറ്റ് അംഗീകാരം നൽകിയിരുന്നു. ഗാസയിലെ ജനങ്ങളെ അവിടെ നിന്ന് മാറ്റുമെന്ന് ഇസ്രായിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു തിങ്കളാഴ്ച മുന്നറിയിപ്പ് നൽകുകയും ചെയ്തു.
‘ഗാസ മുനമ്പിലെ ഇസ്രായിൽ സൈനിക നീക്കത്തെ ഞങ്ങൾ വളരെ ശക്തമായി എതിർക്കുന്നു. അത് തീർത്തും അസ്വീകാര്യമാണ്. അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങളുടെ ലംഘനവുമാണ്.’ – ഷോൺ നോയൽ ബാരറ്റ് പറഞ്ഞു.
ഫലസ്തീൻ – ഇസ്രായിൽ പ്രശ്‌നത്തിൽ തങ്ങൾക്ക് വലിയ ആശങ്കയുണ്ടെന്നും ഗാസയിൽ ഇസ്രായിൽ നടത്തുന്ന സൈനിക നീക്കത്തിൽ തങ്ങൾക്ക് എതിർപ്പുണ്ടെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ലിൻ ജിയാൻ പറഞ്ഞു. ‘ഗാസയിൽ ഇസ്രായിൽ തുടരുന്ന സൈനിക നീക്കങ്ങളെ ഞങ്ങൾ എതിർക്കുന്നു. എല്ലാ കക്ഷികളും തുടർച്ചയായും ഫലപ്രദമായും ചർച്ച ചെയ്ത് വെടിനിർത്തൽ കരാറിൽ എത്തണം’ – ലിൻ ജിയാൻ കൂട്ടിച്ചേർത്തു.
ഹമാസിനെ കീഴടക്കുന്നതിനു വേണ്ടി ശക്തമായ സൈനിക നീക്കം നടത്തുമെന്നും ‘സുരക്ഷയ്ക്കു വേണ്ടി’ ഗാസയിലെ ജനങ്ങളെ അവിടെ നിന്ന് മാറ്റുമെന്നുമാണ് സമൂഹമാധ്യമമായ എക്‌സിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ നെതന്യാഹു പറഞ്ഞത്. യു.എസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് മിഡിൽ ഈസ്റ്റ് സന്ദർശനം കഴിഞ്ഞു മടങ്ങിയ ശേഷമാവും ഗാസയിലെ പുതിയ സൈനിക നീക്കമെന്ന് ഇസ്രായിൽ സുരക്ഷാ കാബിനറ്റ് തീരുമാനിച്ചിട്ടുണ്ട്.
ഗാസ പിടിച്ചടക്കാനുള്ള നീക്കത്തിനെതിരെ ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ ആന്റോണിയോ ഗുട്ടറസും രംഗത്തെത്തിയിരുന്നു. കൂടുതൽ സിവിലിയന്മാർ കൊല്ലപ്പെടാൻ ഈ നീക്കം കാരണമാകുമെന്നും ഗാസ കൂടുതൽ തകർക്കപ്പെടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.