തെഹ്റാന്‍ – തെക്കന്‍ ഇറാനിലെ പ്രധാന തുറമുഖത്ത് ഇന്നുണ്ടായ ഉഗ്രസ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം നാലായി. 500 ലേറെ പേര്‍ക്ക് പരിക്കേറ്റു. സ്‌ഫോടനത്തിന്റെ കാരണം വ്യക്തമല്ല. പരിക്കേറ്റ നൂറു കണക്കിനാളുകളെ ഷാഹിദ് റജാഈ തുറമുഖം സ്ഥിതി ചെയ്യുന്ന തെക്കന്‍ പ്രവിശ്യയായ ഹോര്‍മോസ്ഗാനിലെ മെഡിക്കല്‍ സെന്ററുകളിലേക്ക് മാറ്റി. ഷാഹിദ് റജാഈ തുറമുഖ ഡോക്കിന്റെ ഒരു ഭാഗത്താണ് സ്‌ഫോടനം ഉണ്ടായത്. ഞങ്ങള്‍ തീ അണക്കുകയാണ് – പ്രാദേശിക തുറമുഖ ഉദ്യോഗസ്ഥനായ ഇസ്മായില്‍ മാലിക്കിസാദെ സ്റ്റേറ്റ് ടി.വിയോട് പറഞ്ഞു.
തലസ്ഥാനമായ തെഹ്റാനില്‍ നിന്ന് 1,000 കിലോമീറ്ററിലേറെ തെക്കുള്ള ഷാഹിദ് റജാഈ പോര്‍ട്ട് ഇറാനിലെ ഏറ്റവും വികസിത കണ്ടെയ്‌നര്‍ തുറമുഖമാണെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ഹോര്‍മോസ്ഗാന്‍ പ്രവിശ്യാ തലസ്ഥാനമായ ബന്ദര്‍ അബ്ബാസിന് പടിഞ്ഞാറ് 23 കിലോമീറ്റര്‍ അകലെയും ലോകത്തിലെ എണ്ണ ഉല്‍പാദനത്തിന്റെ അഞ്ചിലൊന്ന് കടന്നുപോകുന്ന ഹുര്‍മുസ് കടലിടുക്കിന് വടക്കുമായാണ് തുറമുഖം സ്ഥിതി ചെയ്യുന്നത്. നിരവധി കണ്ടെയ്നറുകള്‍ സ്ഥിതി ചെയ്യുന്ന തുറമുഖ പ്രദേശത്തു നിന്ന് കറുത്ത പുക ഉയരുന്നത് സ്റ്റേറ്റ് ടി.വി കാണിച്ചു. സ്‌ഫോടനത്തിന്റെ കാരണം കണ്ടെത്താനും നാശനഷ്ടത്തിന്റെ വ്യാപ്തി വിലയിരുത്താനും ഫസ്റ്റ് വൈസ് പ്രസിഡന്റ് മുഹമ്മദ് റിസ ആരിഫ് അന്വേഷണത്തിന് ഉത്തരവിട്ടതായി ഇറാന്‍ സ്‌റ്റേറ്റ് ന്യൂസ് ഏജന്‍സി അറിയിച്ചു.
ഷാഹിദ് റജാഈ തുറമുഖത്തെ വാര്‍ഫ് പ്രദേശത്ത് സൂക്ഷിച്ചിരുന്ന നിരവധി കണ്ടെയ്നറുകള്‍ പൊട്ടിത്തെറിക്കുകയായിരുന്നെന്ന് ഹോര്‍മോസ്ഗാന്‍ പ്രവിശ്യ ക്രൈസിസ് മാനേജ്മെന്റ് അതോറിറ്റി തലവന്‍ മെഹ്ര്‍ദാദ് ഹസ്സന്‍സാദെ സ്റ്റേറ്റ് ടി.വിയോട് പറഞ്ഞു. സ്‌ഫോടനം വളരെ ശക്തമായിരുന്നു. ഏകദേശം 50 കിലോമീറ്റര്‍ അകലെ വരെ അത് അനുഭവപ്പെടുകയും കേള്‍ക്കുകയും ചെയ്തതായി ഫാര്‍സ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. തുറമുഖത്ത് നിന്ന് അകലെ പോലും ഭൂമി കുലുക്കം അനുഭവപ്പെട്ടതായി പ്രദേശവാസികള്‍ പറഞ്ഞു. സ്‌ഫോടനത്തിന്റെ ആഘാതതരംഗം വളരെ ശക്തമായിരുന്നതിനാല്‍ തുറമുഖ കെട്ടിടങ്ങളില്‍ ഭൂരിഭാഗവും സാരമായി തകര്‍ന്നതായി തസ്‌നിം വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ഷാഹിദ് റജാഈ തുറമുഖത്തെ സ്‌ഫോടനത്തിന് എണ്ണ ശുദ്ധീകരണശാലകളുമായോ ഇന്ധന ടാങ്കുകളുമായോ വിതരണ സമുച്ചയങ്ങളുമായോ എണ്ണ പൈപ്പ്‌ലൈനുകളുമായോ യാതൊരു ബന്ധവുമില്ലെന്ന് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള നാഷണല്‍ ഇറാനിയന്‍ ഓയില്‍ പ്രൊഡക്ട്‌സ് ഡിസ്ട്രിബ്യൂഷന്‍ കമ്പനി പറഞ്ഞു. ബന്ദര്‍ അബ്ബാസ് എണ്ണ വ്യവസായ കേന്ദ്രങ്ങള്‍ നിലവില്‍ തടസ്സമില്ലാതെ പ്രവര്‍ത്തിക്കുന്നതായും കമ്പനി പറഞ്ഞു.
സമീപ വര്‍ഷങ്ങളില്‍ ഇറാനിലുണ്ടായ ഏറ്റവും മാരകമായ ജോലി അപകടങ്ങളിലൊന്ന് സംഭവിച്ച് ഏതാനും മാസങ്ങള്‍ക്കു ശേഷമാണ് ഷാഹിദ് റജാഈ തുറമുഖത്തുണ്ടായ സ്‌ഫോടനം. ഇറാന്റെ കിഴക്കന്‍ ഭാഗത്തുള്ള തബാസില്‍ സെപ്റ്റംബറില്‍ ഉണ്ടായ കല്‍ക്കരി ഖനി സ്‌ഫോടനത്തില്‍ 50 ലേറെ പേര്‍ മരിച്ചിരുന്നു.