വാഷിംഗ്ടൺ- ഇസ്രായേലിലേക്ക് പോകുകയായിരുന്ന ഫ്ലൈ ദുബായ് വിമാനം തകർക്കാൻ ശ്രമിച്ച കോ-പൈലറ്റിന് ഇറാനുമായി ബന്ധമുണ്ടാകാമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വിമാനത്തിനുള്ളിൽ വെച്ച് ക്യാപ്റ്റനെ കോ-പൈലറ്റ് കുത്തിപ്പരിക്കേൽപ്പിച്ചതിനെ തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട വിമാനം കുത്തനെ താഴേക്ക് പതിച്ചിരുന്നു. തുടർന്ന് മറ്റ് ജീവനക്കാരുടെയും യാത്രക്കാരുടെയും സമയോചിതമായ ഇടപെടലിലൂടെയാണ് വിമാനം സൗദി അറേബ്യയിൽ സുരക്ഷിതമായി ഇറക്കിയത്. സംഭവത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് ട്രംപിന്റെ സുപ്രധാന പരാമർശം.
ആക്രമണത്തിന് പിന്നിലുള്ള പൈലറ്റും ഇറാനും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, ‘ഞങ്ങൾ ഇപ്പോൾ അതിനെ കുറിച്ച് പരിശോധിച്ചുകൊണ്ടിരിക്കുകയാണ്’ എന്നായിരുന്നു ട്രംപിന്റെ മറുപടി. എനിക്ക് ലഭിക്കുന്ന വിവരങ്ങൾ വെച്ച് നോക്കുമ്പോൾ ഉത്തരം ‘അതെ’ എന്നാണ്, എങ്കിലും വിഷയം ഔദ്യോഗികമായി പരിശോധിച്ചുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ ഇറാൻ ഇതിൽ ഉൾപ്പെട്ടിട്ടുണ്ടാകാമെന്ന് കരുതുന്നതിന്റെ വ്യക്തമായ കാരണങ്ങൾ അദ്ദേഹം വിശദീകരിച്ചില്ല.
ആക്രമണത്തിന് പിന്നിൽ ഇറാനാണെങ്കിൽ അമേരിക്ക തിരിച്ചടിക്കുമോ എന്ന ചോദ്യത്തിന്, ‘തീർച്ചയായും അവർക്ക് കനത്ത തിരിച്ചടി നേരിടേണ്ടിവരും, വിഷമിക്കേണ്ടതില്ല. അവർക്ക് എന്താണ് സംഭവിച്ചതെന്ന് നന്നായി അറിയാം’ എന്നായിരുന്നു ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്. യുദ്ധം അവസാനിപ്പിക്കാനുള്ള നയതന്ത്ര നീക്കങ്ങൾ സ്തംഭിച്ചതായി വിലയിരുത്തപ്പെടുന്ന പശ്ചാത്തലത്തിലാണ് ഈ പരാമർശങ്ങൾ പുറത്തുവന്നിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







