- ബെയ്‌റൂത്ത് ആക്രമണത്തില്‍ രണ്ടു കമാണ്ടര്‍മാര്‍ അടക്കം തങ്ങളുടെ 16 പോരാളികള്‍ കൊല്ലപ്പെട്ടതായി ഹിസ്ബുല്ല
ജിദ്ദ – ദക്ഷിണ ഗാസയില്‍ ഫലസ്തീന്‍ അഭയാര്‍ഥികള്‍ കൂട്ടത്തോടെ കഴിയുന്ന അല്‍സൈത്തൂന്‍ സ്‌കൂളിനു നേരെ ഇസ്രായില്‍ നടത്തിയ വ്യോമാക്രമണത്തില്‍ 22 പേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ 13 പേര്‍ കുട്ടികളാണ്. ഇക്കൂട്ടത്തില്‍ മൂന്നു മാസം മാത്രം പ്രായമായ കുഞ്ഞുബാലനും ഉള്‍പ്പെടുന്നു. ആറു സ്ത്രീകളും ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി ഹമാസ് ഗവണ്‍മെന്റ് മീഡിയ ഓഫീസ് പറഞ്ഞു. 30 ലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ കൂടുതലും സ്ത്രീകളും കുട്ടികളുമാണ്. ആയിരക്കണക്കിന് അഭയാര്‍ഥികള്‍ കഴിയുന്ന സ്‌കൂളിനു നേരെയാണ് ഇസ്രായില്‍ മിസൈല്‍ ആക്രമണം നടത്തിയതെന്ന് ഗാസ സിവില്‍ ഡിഫന്‍സ് വക്താവ് മഹ്മൂദ് ബസല്‍ പറഞ്ഞു.
ദക്ഷിണ ഗാസയിലെ റഫയില്‍ ഗാസ ആരോഗ്യ മന്ത്രാലയത്തിനു കീഴിലെ വെയര്‍ഹൗസിനു നേരെ ഇസ്രായില്‍ നടത്തിയ മറ്റൊരു ആക്രമണത്തില്‍ നാലു ആരോഗ്യ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. ഒരു വര്‍ഷമായി തുടരുന്ന ഗാസ യുദ്ധത്തില്‍ 41,000 ലേറെ ഫലസ്തീനികള്‍ കൊല്ലപ്പെടുകയും ഒരു ലക്ഷത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും നിരവധി പേരെ കാണാതാവുകയും 23 ലക്ഷം വരുന്ന ഗാസ ജനസംഖ്യ ഏറെക്കുറെ പൂര്‍ണമായും ഭവനരഹിതരാക്കപ്പെടുകയും ചെയ്തിട്ടുണ്ട്.

അതേസമയം, വെള്ളിയാഴ്ച ബെയ്‌റൂത്തിന്റെ ദക്ഷിണ പ്രാന്തപ്രദേശത്ത് ഇസ്രായില്‍ നടത്തിയ വ്യോമാക്രമണത്തില്‍ മുതിര്‍ന്ന രണ്ടാമത്തെ കമാണ്ടര്‍ അടക്കം 16 പോരാളികള്‍ കൊല്ലപ്പെട്ടതായി ഹിസ്ബുല്ല പറഞ്ഞു. ഹിസ്ബുല്ലക്കു കീഴിലെ റദ്‌വാന്‍ ഫോഴ്‌സ് മേധാവി ഇബ്രാഹിം അഖീല്‍ അടക്കമുള്ള കമാണ്ടര്‍മാര്‍ വെള്ളിയാഴ്ചയിലെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി ഇസ്രായില്‍ പറഞ്ഞു. ഇബ്രാഹിം അഖീല്‍ കൊല്ലപ്പെട്ടതായി ഹിസ്ബുല്ല നേരത്തെ തന്നെ സ്ഥിരീകരിച്ചിരുന്നു.
ഇന്നലെയുണ്ടായ ആക്രമണത്തില്‍ ചുരുങ്ങിയത് 31 പേര്‍ കൊല്ലപ്പെട്ടതായി ലെബനീസ് ആരോഗ്യ മന്ത്രാലയം പറഞ്ഞു. ഇക്കൂട്ടത്തില്‍ മൂന്നു പേര്‍ കുട്ടികളും ഏഴു പേര്‍ സ്ത്രീകളുമാണ്. ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ആയിരക്കണക്കിന് പേജറുകളും വാക്കി ടോക്കികളും ഒരേസമയം സ്‌ഫോടനങ്ങളിലൂടെ തകര്‍ത്തതിലൂടെ 37 പേര്‍ കൊല്ലപ്പെടുകയും 3,500 ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് വെള്ളിയാഴ്ച രഹസ്യ യോഗം ചേര്‍ന്ന ഹിസ്ബുല്ല കമാണ്ടര്‍മാരെ ലക്ഷ്യമിട്ട് ഇസ്രായില്‍ ശക്തമായ വ്യോമാക്രമണം നടത്തിയത്. ഇബ്രാഹിം അഖീലിനു പുറമെ രണ്ടാം കമാണ്ടര്‍ അഹ്മദ് മഹ്മൂദ് വഹ്ബിയും ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി ഹിസ്ബുല്ല പറഞ്ഞു. വെള്ളിയാഴ്ചത്തെ ആക്രമണത്തില്‍ ഒരു വലിയ ഗര്‍ത്തം രൂപപ്പെടുകയും ബഹുനില കെട്ടിടത്തിന്റെ താഴത്തെ നിലകള്‍ കത്തിനശിക്കുകയും ചെയ്തു. ഗാസ യുദ്ധം ആരംഭിച്ച ശേഷം ഹിസ്ബുല്ല നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രായില്‍ നടത്തുന്ന രണ്ടാമത്തെ ആക്രമണമാണിത്. ജൂലൈയില്‍ ബെയ്‌റൂത്തില്‍ നടത്തിയ ആക്രമണത്തില്‍ മുതിര്‍ന്ന ഹിസ്ബുല്ല നേതാവ് ഫുവാദ് ശുക്ര്‍ കൊല്ലപ്പെട്ടിരുന്നു.