വാഷിംഗ്ടൺ – സൈനിക രേഖകളും രഹസ്യങ്ങളും ചോർത്തിയെന്ന പേരിൽ ഇന്ത്യൻ വംശജനായ യുഎസ് പ്രതിരോധ വിദഗ്ധനെ പോലീസ് അറസ്റ്റ് ചെയ്തു. പ്രശസ്ത വിദേശനയ പണ്ഡിതനും പ്രതിരോധ തന്ത്രജ്ഞനുമായ ആഷ്‌ലി ജെ ടെല്ലിസാണ് അറസ്റ്റിലായത്. പ്രതിരോധവുമായി ബന്ധപ്പെട്ട രേഖകൾ അനധികൃതമായി കൈവശം വച്ചുവെന്നും സുരക്ഷിതമായ സ്ഥലങ്ങളിൽ നിന്ന് രഹസ്യ രേഖകൾ നീക്കം ചെയ്യുകയും ചൈനീസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തുവെന്നും ആരോപിച്ചാണ് അറസ്റ്റെന്ന് വിർജീനിയയിലെ യുഎസ് അറ്റോർണി ലിൻഡ്സെ ഹാലിഗൻ അറിയിച്ചു.
കുറ്റക്കാരനാണെന്ന് തെളിഞ്ഞാൽ, ടെല്ലിസിന് 10 വർഷം വരെ തടവും 250,000 ഡോളർ പിഴയും ലഭിക്കാം. കൂടാതെ ബന്ധപ്പെട്ട രേഖകൾ കണ്ടുകെട്ടുകയും ചെയ്യും. അതേസമയം ഇത് ആരോപണം മാത്രമാണെന്നും കുറ്റം തെളിയിക്കപ്പെടുന്നത് വരെ ടെല്ലിസിനെ നിരപരാധിയായി കണക്കാക്കുമെന്നും സർക്കാർ വ്യക്തമാക്കി. ഇന്ത്യ- യുഎസ് ബന്ധങ്ങളിൽ പ്രധാന പങ്കുവഹിച്ചിരുന്ന ടെല്ലിസ് രാഷ്ട്രീയ കാര്യങ്ങളുടെ അണ്ടർ സെക്രട്ടറിയുടെ മുതിർന്ന ഉപദേഷ്ടാവ് എന്ന നിലയിലും സേവനമനുഷ്ടിച്ചിട്ടുണ്ട്. പ്രസിഡൻ്റ് ജോർജ്ജ് ഡബ്ല്യു. ബുഷിൻ്റെ പ്രത്യേക സഹായിയായും സ്ട്രാറ്റജിക് പ്ലാനിങ് ആൻഡ് സൗത്ത് വെസ്റ്റ് ഏഷ്യയുടെ സീനിയർ ഡയറക്ടറായും ദേശീയ സുരക്ഷാ കൗൺസിലിലും അദ്ദഹം സേവനമനുഷ്ടിച്ചിട്ടുണ്ട്. സർക്കാർ സേവനത്തിന് മുമ്പ്, ടെല്ലിസ് റാൻഡ് കോർപ്പറേഷനിൽ സീനിയർ പോളിസി അനലിസ്റ്റായും പ്രൊഫസറായും പ്രവർത്തിച്ചിരുന്നു.