റാമല്ല – ഖത്തര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അല്‍ജസീറ ടി.വിക്ക് ഫലസ്തീനില്‍ പ്രവര്‍ത്തന വിലക്കേര്‍പ്പെടുത്താന്‍ ഫലസ്തീന്‍ അതോറിറ്റി തീരുമാനിച്ചു. സാംസ്‌കാരിക, ആഭ്യന്തര, വാര്‍ത്താവിനിമയ മന്ത്രാലയങ്ങള്‍ അടങ്ങുന്ന ഫലസ്തീന്‍ മന്ത്രിതല സമിതി അല്‍ജസീറ ടി.വിയുടെയും അല്‍ജസീറയുടെ ഫലസ്തീനിലെ ഓഫീസിന്റെയും എല്ലാ പ്രവര്‍ത്തനങ്ങളും മരവിപ്പിക്കാന്‍ തീരുമാനിച്ചതായി ഫലസ്തീന്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. നിയമാനുസൃത പദവി ശരിയാക്കുന്നതു വരെ അല്‍ജസീറ ചാനലിനു കീഴില്‍ ഫലസ്തീനില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ റിപ്പോര്‍ട്ടര്‍മാരുടെയും ജീവനക്കാരുടെയും പ്രവര്‍ത്തനം താല്‍ക്കാലികമായി മരവിപ്പിക്കാനും ഫലസ്തീന്‍ അതോറിറ്റി തീരുമാനിച്ചിട്ടുണ്ട്.
ഫലസ്തീനിലെ നിയമങ്ങള്‍ ലംഘിച്ചതാണ് അല്‍ജസീറ ചാനലിനെതിരായ നടപടിക്ക് കാരണം. കുഴപ്പങ്ങള്‍ ഇളക്കിവിടുന്നതും കലാപങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നതും ഫലസ്തീന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നതും തെറ്റായതുമായ റിപ്പോര്‍ട്ടുകള്‍ സംപ്രേക്ഷണം ചെയ്യാന്‍ അല്‍ജസീറ പിടിവാശി കാണിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ചാനലിന് വിലക്കേര്‍പ്പെടുത്താനുള്ള തീരുമാനം കൈക്കൊണ്ടത്.
സായുധ വിഭാഗങ്ങളെ അമര്‍ച്ച ചെയ്യാന്‍ വെസ്റ്റ് ബാങ്കിലെ ജെനിന്‍ അഭയാര്‍ഥി ക്യാമ്പില്‍ ഫലസ്തീന്‍ സുരക്ഷാ വകുപ്പുകള്‍ മൂന്നാഴ്ചയായി വിപുലമായ സുരക്ഷാ ഓപ്പറേഷന്‍ നടത്തിവരികയാണ്. ജെനിന്‍ അഭയാര്‍ഥി ക്യാമ്പില്‍ സായുധ വിഭാഗങ്ങള്‍ കാര്‍ ബോംബുകള്‍ തയാറക്കലും സര്‍ക്കാര്‍ വാഹനങ്ങള്‍ മോഷ്ടിക്കലും ഉള്‍പ്പെടെ സുരക്ഷ തകര്‍ക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നു.
പൗരന്മാരുടെ ദൈനംദിന ജീവിതത്തെ തടസ്സപ്പെടുത്തുകയും പൊതുസേവനങ്ങള്‍ സ്വതന്ത്രമായും സുരക്ഷിതമായും സ്വീകരിക്കാനുള്ള അവരുടെ അവകാശം കവര്‍ന്നെടുക്കുകയും ചെയ്ത നിയമ വിരുദ്ധരുടെ നിയന്ത്രണത്തില്‍ നിന്ന് ജെനിന്‍ ക്യാമ്പിനെ വീണ്ടെടുക്കാനാണ് സുരക്ഷാ ഓപ്പറേഷനിലൂടെ ലക്ഷ്യമിടുന്നതെന്ന് ഫലസ്തീന്‍ സുരക്ഷാ ഫോഴ്‌സ് വക്താവ് ബ്രിഗേഡിയര്‍ അന്‍വര്‍ റജബ് പറഞ്ഞു. ജെനിന്‍ നഗരത്തിലെയും അഭയാര്‍ഥി ക്യാമ്പിലെയും സാധാരണ ജീവിതത്തെ ബാധിക്കുന്നതോ പൗരന്മാരുടെ ജീവിതത്തെ ബാധിക്കുന്നതോ ആയ പ്രത്യാഘാതങ്ങളില്‍ നിന്ന് പൗരന്മാരെ സംരക്ഷിക്കാനുള്ള എല്ലാ നടപടികളും മുന്‍കരുതലുകളും സുരക്ഷാ വകുപ്പുകള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ബ്രിഗേഡിയര്‍ അന്‍വര്‍ റജബ് പറഞ്ഞു.
2023 ഒക്‌ടോബര്‍ ഏഴു മുതല്‍ ഇസ്രായില്‍ ഗാസ യുദ്ധം ആരംഭിച്ചതോടനുബന്ധിച്ച്, വെസ്റ്റ് ബാങ്കില്‍ നിരവധി ഫലസ്തീനികളെ ഇസ്രായില്‍ കൊലപ്പെടുത്തുകയും പരിക്കേല്‍പിക്കുകയും 12,000 ലേറെ ഫലസ്തീനികളെ അറസ്റ്റ് ചെയ്യുകയും വ്യാപകമായ ആക്രമണങ്ങള്‍ നടത്തുകയും ചെയ്ത് വെസ്റ്റ് ബാങ്കില്‍ ഇസ്രായില്‍ സൈനിക നടപടി രൂക്ഷമാക്കിയ പശ്ചാത്തലത്തിലാണ് ജെനിന്‍ അഭയാര്‍ഥി ക്യാമ്പില്‍ ഫലസ്തീന്‍ സുരക്ഷാ വകുപ്പുകളും സായുധ വിഭാഗങ്ങളും മൂന്നാഴ്ചയായി ഏറ്റുമുട്ടുന്നത്. 2023 ഒക്‌ടോബര്‍ ഏഴിന് ഹമാസ് ഇസ്രായിലില്‍ നടത്തിയ മിന്നലാക്രമണത്തില്‍ 1,200 ഇസ്രായിലികള്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനു തിരിച്ചടിയെന്നോണം ഇസ്രായില്‍ ആരംഭിച്ച യുദ്ധത്തില്‍ ഇതുവരെ 46,000 ഓളം ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 1,08,000 പേര്‍ക്ക് പരിക്കേല്‍ക്കുകയും പതിനായിരത്തിലേറെ പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്.