മരിച്ചവരിലും പരിക്കേറ്റവരിലും ഭൂരിഭാഗവും കുട്ടികളും സ്ത്രീകളുമാണ്. നിരവധി പേർ ഇപ്പോഴും അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുന്നു.
ഗാസ: ഇന്ന് പുലർച്ചെ മുതൽ ഗാസയിൽ ഇസ്രായേൽ ആക്രമണത്തില്‍ 50-ലേറെ പേർ കൊല്ലപ്പെട്ടതായി ഫലസ്തീൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഗാസ സിറ്റിയിലെ അഭയാർഥികൾ താമസിക്കുന്ന ഫഹ്മി അൽജർജാവി സ്കൂളിനും വടക്കൻ ഗാസയിലെ ജബാലിയ അൽബലദിലെ ഒരു വീടിനും നേരെ ഇസ്രായേൽ ആക്രമണം നടത്തി. ഗാസ സിറ്റിയിലെ അൽദറജ് ജില്ലയിലുള്ള സ്കൂളിന് നേരെയുണ്ടായ വ്യോമാക്രമണത്തിൽ 33 പേർ കൊല്ലപ്പെട്ടതായി ഗാസ സിവിൽ ഡിഫൻസ് വക്താവ് മഹ്മൂദ് ബസൽ അറിയിച്ചു. ആക്രമണത്തിൽ ഡസൻ കണക്കിന് ആളുകൾക്ക് പരിക്കേറ്റു. മരിച്ചവരിലും പരിക്കേറ്റവരിലും ഭൂരിഭാഗവും കുട്ടികളും സ്ത്രീകളുമാണ്. നിരവധി പേർ ഇപ്പോഴും അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുന്നു.
സിവിൽ ഡിഫൻസ് ജീവനക്കാർ അവരെ രക്ഷിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും, അവശിഷ്ടങ്ങൾ നീക്കംചെയ്യാനുള്ള ഉപകരണങ്ങൾ ഇല്ല. കത്തിക്കരിഞ്ഞ നിലയിൽ കുട്ടികളുടെയും സ്ത്രീകളുടെയും മൃതദേഹങ്ങൾ സ്ഥലത്തുനിന്ന് കണ്ടെടുത്തു. അഭയാർഥികൾ നിറഞ്ഞ മുറികൾ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നതെന്ന് മഹ്മൂദ് ബസൽ വ്യക്തമാക്കി.
വ്യോമാക്രമണത്തെ തുടർന്ന് സ്കൂൾ കെട്ടിടത്തിലെ നിരവധി മുറികൾക്ക് തീപിടിച്ചു. ഒരു കൊച്ചു പെൺകുട്ടി കത്തുന്ന മുറിയിൽനിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിന്റെ വീഡിയോയും, സ്കൂളിനുള്ളിൽനിന്ന് കത്തിക്കരിഞ്ഞ മൃതദേഹങ്ങളും പരിക്കേറ്റവരും സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർ പുറത്തെടുക്കുന്നതിന്റെ ദൃശ്യങ്ങളും ആക്ടിവിസ്റ്റുകൾ പകർത്തി പുറത്തുവിട്ടു. മരിച്ചവരെയും പരിക്കേറ്റവരെയും ഗാസ സിറ്റിയിലെ അൽശിഫ, ബാപ്റ്റിസ്റ്റ് ആശുപത്രികളിലേക്ക് മാറ്റിയതായി സിവിൽ ഡിഫൻസ് അറിയിച്ചു. ഗാസ സിറ്റിയിലെ സ്കൂളിൽ സ്ഥിതിചെയ്യുന്ന ഹമാസിന്റെയും ഇസ്‌ലാമിക് ജിഹാദിന്റെയും കമാൻഡ് സെന്ററിൽ പ്രവർത്തിക്കുന്ന മുതിർന്ന ഭീകരരെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഇസ്രായേൽ സൈന്യം വ്യക്തമാക്കി.
വടക്കൻ ഗാസയിലെ ജബാലിയ അൽബലദ് പ്രദേശത്തെ അബ്ദുറബ്ബ് കുടുംബത്തിന്റെ വീടിന് നേരെയുണ്ടായ വ്യോമാക്രമണത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 19 ഫലസ്തീനികൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഹമാസിന്റെ സൈനിക, ഭരണപരമായ ശേഷികൾ ഇല്ലാതാക്കാനും 2023 ഒക്ടോബറിൽ പിടികൂടിയ ശേഷിക്കുന്ന ബന്ദികളെ വീണ്ടെടുക്കാനും ശ്രമിക്കുന്നതിന്റെ ഭാഗമായാണ് ആക്രമണമെന്ന് ഇസ്രായേൽ സൈന്യം അവകാശപ്പെട്ടു. മെയ് മാസം മുതൽ ഗാസയിൽ ഇസ്രായേൽ സൈനിക നടപടികൾ ശക്തമാക്കിയിട്ടുണ്ട്.
പട്ടിണി മുന്നറിയിപ്പുകൾക്കിടയിലും മാനുഷിക സഹായ വിതരണത്തിനുള്ള ഉപരോധം നീക്കാൻ ഇസ്രായേലിനുമേൽ അന്താരാഷ്ട്ര സമ്മർദം വർധിച്ചിട്ടുണ്ട്. എന്നിട്ടും, ഗാസ മുനമ്പിന്റെ പൂർണ നിയന്ത്രണം ഏറ്റെടുക്കുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചു. നിലവിൽ ഗാസ മുനമ്പിന്റെ ഏകദേശം 77 ശതമാനവും ഇസ്രായേലിന്റെ നിയന്ത്രണത്തിലാണ്.