പാരീസ്– കിഴക്കൻ ഫ്രാൻസിലെ ഹാജൻബാക്ക് ഗ്രാമത്തിൽ സ്വന്തം പിതാവ് തന്റെ വാനിനുള്ളിൽ ഏകദേശം 18 മാസത്തോളം പൂട്ടിയിട്ട ഒൻപത് വയസ്സുകാരനെ പോലീസ് അതിസാഹസികമായി രക്ഷപ്പെടുത്തി. വാനിനുള്ളിൽ നിന്ന് കുട്ടിയുടെ ശബ്ദം കേട്ട അയൽവാസി പോലീസിനെ വിവരമറിയിച്ചതോടെയാണ് ഈ ക്രൂരത ലോകമറിഞ്ഞത്. പോലീസ് വാൻ ബലമായി തുറന്നപ്പോൾ കണ്ട കാഴ്ച അങ്ങേയറ്റം ദയനീയമായിരുന്നു. മാലിന്യക്കൂമ്പാരങ്ങൾക്കും വിസർജ്യങ്ങൾക്കും ഇടയിൽ, വസ്ത്രങ്ങളില്ലാതെ വെറും ഒരു കമ്പിളി പുതച്ചു കിടക്കുകയായിരുന്നു ആ കുട്ടി. മാസങ്ങളോളം എഴുന്നേറ്റു നിൽക്കാൻ പോലും കഴിയാത്ത വിധം ഇരുന്നിരുന്നതിനാൽ കുട്ടിയുടെ കാലുകളുടെ ചലനശേഷി നഷ്ടപ്പെടുകയും ശരീരം അത്യന്തം മെലിയുകയും ചെയ്തിട്ടുണ്ട്. 2024-ന് ശേഷം കുട്ടി കുളിച്ചിട്ടുപോലുമില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
തന്റെ പങ്കാളി കുട്ടിയെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് അയക്കാൻ ശ്രമിച്ചപ്പോൾ അവനെ സംരക്ഷിക്കാനാണ് വാനിൽ ഒളിപ്പിച്ചതെന്നാണ് പിതാവിന്റെ വാദം. എന്നാൽ കുട്ടിക്ക് മുൻപ് യാതൊരു വിധ മാനസിക പ്രശ്നങ്ങളും ഉണ്ടായിരുന്നില്ലെന്നും അവൻ പഠനത്തിൽ മിടുക്കനായിരുന്നുവെന്നും രേഖകൾ വ്യക്തമാക്കുന്നു. കുട്ടി മാനസികാരോഗ്യ കേന്ദ്രത്തിലാണെന്നാണ് ബന്ധുക്കളും അധ്യാപകരും വിശ്വസിച്ചിരുന്നത്. നിലവിൽ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട കുട്ടി ഇപ്പോൾ തീവ്രപരിചരണത്തിലാണ്. പിതാവിന്റെ പങ്കാളിക്കെതിരെയും കേസെടുത്തിട്ടുണ്ട്. വീടിനുള്ളിൽ കഴിഞ്ഞിരുന്ന മറ്റ് രണ്ട് കുട്ടികളെ അധികൃതർ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി.



