ഗാസ– ഗാസയില്‍ ഇസ്രായില്‍ സൈന്യം ഇന്ന് നടത്തിയ ആക്രമണങ്ങളില്‍ നാലു ഫലസ്തീനികള്‍ കൊല്ലപ്പെടുകയും ഏതാനും പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഹമാസ് തട്ടിക്കൊണ്ടുപോയി ഗാസയില്‍ തടവിലാക്കിയ അവസാന ഇസ്രായിലി ബന്ദിയായ സുരക്ഷാ സൈനികന്‍ റാന്‍ ഗാവിലിയുടെ മൃതദേഹം വീണ്ടെടുത്തതായി ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഗാസയില്‍ ഇസ്രായില്‍ സൈന്യം നാല് ഫലസ്തീനികളെ കൊലപ്പെടുത്തിയത്. ഗാസ നഗരത്തിന് കിഴക്കുള്ള അല്‍തുഫാഹ് ഡിസ്ട്രിക്ടിലുള്ള അല്‍ബത്ശ് സെമിത്തേരിക്ക് സമീപം ഇസ്രായില്‍ സൈന്യം നടത്തിയ വെടിവെപ്പില്‍ നാല് ഫലസ്തീനികള്‍ കൊല്ലപ്പെടുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഗാസ മുനമ്പില്‍ ഇസ്രായിലി വെടിവെപ്പില്‍ തിങ്കളാഴ്ച മൂന്ന് ഫലസ്തീനികള്‍ കൊല്ലപ്പെട്ടിരുന്നു.
ഇസ്രായില്‍ യുദ്ധവിമാനങ്ങള്‍ ഇന്ന് പുലര്‍ച്ചെ തെക്കന്‍ ഗാസ നഗരമായ റഫയില്‍ വ്യോമാക്രമണം നടത്തി. ഇതോടൊപ്പം സൈനിക വാഹനങ്ങളില്‍ നിന്ന് കനത്ത വെടിവെപ്പുമുണ്ടായി. ഗാസ സിറ്റിയുടെയും ഖാന്‍ യൂനിസിന്റെയും കിഴക്കന്‍ പ്രദേശങ്ങളില്‍ ഇസ്രായില്‍ സൈന്യം പീരങ്കികള്‍ ഉപയോഗിച്ച് ഷെല്ലാക്രമണം നടത്തി. ഖാന്‍ യൂനിസിന് സമീപം കടലില്‍ ഇസ്രായില്‍ നാവികസേന ഫലസ്തീനികളുടെ മത്സ്യബന്ധന ബോട്ടുകളെ ആക്രമിച്ചതായും ഫലസ്തീന്‍ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ പറഞ്ഞു. ഒക്ടോബര്‍ 10 ന് വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്നതു മുതല്‍, ഇസ്രായില്‍ സൈന്യം നടത്തിയ 1,300 ലേറെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങളുടെ ഫലമായി കൊല്ലപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്ത ഫലസ്തീന്‍ പൗരന്മാരുടെ എണ്ണം 1,850 കവിഞ്ഞതായി ഫലസ്തീന്‍ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ റിപ്പോര്‍ട്ട് ചെയ്തു.
റാന്‍ ഗാവിലിയുടെ മൃതദേഹം ഇസ്‌ലാമിക് ജിഹാദ് പ്രസ്ഥാനം സ്ഥാപിച്ച ഒരു കൂട്ടക്കുഴിമാടത്തില്‍ തെറ്റായി കുഴിച്ചിട്ടതായി ഇസ്രായിലിന് മാസങ്ങള്‍ക്ക് മുമ്പ് ഇന്റലിജന്‍സ് വിവരങ്ങള്‍ ലഭിച്ചിരുന്നു. അവിടെ പരിശോധന നടത്താന്‍ ഇസ്രായില്‍ സൈന്യം അഭ്യര്‍ഥിച്ചെങ്കിലും രാഷ്ട്രീയ നേതൃത്വം അത് തടഞ്ഞു. പകരം റാന്‍ ഗാവിലുയുടെ മൃതദേഹം ഹമാസ് വിട്ടുകൊടുക്കണമെന്ന് രാഷ്ട്രീയ നേതൃത്വം ആവശ്യപ്പെട്ടുകൊണ്ടിരുന്നു. ചര്‍ച്ചകളില്‍ വിലപേശല്‍ തുറുപ്പുചീട്ടായി ഉപയോഗിക്കാന്‍ ഹമാസ് മനഃപൂര്‍വ്വം മൃതദേഹം പിടിച്ചുവെക്കുകയാണെന്ന് ഇസ്രായില്‍ രാഷ്ട്രീയ നേതൃത്വം ആരോപിക്കുകയും ചെയ്തു.
അതിനിടെ, തെക്കന്‍ ലെബനോനില്‍ ഭൂഗര്‍ഭ സൗകര്യം പുനരധിവസിപ്പിക്കാന്‍ ശ്രമിച്ച രണ്ട് ഹിസ്ബുല്ല അംഗങ്ങളെ കൊലപ്പെടുത്തിയതായി ഇസ്രായില്‍ സൈന്യം ഇന്ന് അറിയിച്ചു. ഇന്നലെ രാത്രി നടന്ന വ്യോമാക്രമണത്തിലാണ് ഇരുവരും കൊല്ലപ്പെട്ടത്. തെക്കന്‍ ലെബനോനിലെ നബത്തിയ്യ പ്രദേശം സൈന്യം ഇന്നലെ ആക്രമിച്ചതായും ഭൂഗര്‍ഭ ഹിസ്ബുല്ല കേന്ദ്രത്തിനുള്ളില്‍ ജോലി ചെയ്തിരുന്ന രണ്ട് ഹിസ്ബുല്ല അംഗങ്ങളെ കൊലപ്പെടുത്തിയതായും ഇസ്രായില്‍ സൈനിക വക്താവ് അവിചായ് അഡ്രഇ എക്‌സ് പ്ലാറ്റ്ഫോമിലൂടെ അറിയിച്ചു. ഭൂഗര്‍ഭ കേന്ദ്രം പുനരധിവസിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഇസ്രായിലും ലെബനോനും തമ്മിലുള്ള ധാരണകളെ ലംഘിക്കുന്നതായും ഇസ്രായില്‍ രാജ്യത്തിനുള്ള ഏതൊരു ഭീഷണിയും ഇല്ലാതാക്കാന്‍ പ്രവര്‍ത്തിക്കുന്നത് ഇസ്രായില്‍ സൈന്യം തുടരുമെന്നും അഡ്രഇ പറഞ്ഞു.
ഒരു വര്‍ഷത്തിലേറെ നീണ്ടുനിന്ന യുദ്ധത്തിനൊടുവില്‍ നവംബര്‍ 27 മുതല്‍ ഇസ്രായിലും ലെബനീസ് ഗ്രൂപ്പായ ഹിസ്ബുല്ലയും തമ്മില്‍ വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്നു.
ഇസ്രായില്‍ അതിര്‍ത്തിയില്‍ നിന്ന് ഏകദേശം 30 കിലോമീറ്റര്‍ ദൂരെ ലിതാനി നദിയുടെ തെക്ക് ഭാഗത്തുള്ള പ്രദേശത്തു നിന്ന് ഹിസ്ബുല്ല പോരാളികളെ പിന്‍വലിക്കാനും സൈനിക അടിസ്ഥാന സൗകര്യങ്ങള്‍ പൊളിച്ചുമാറ്റാനും കരാര്‍ വ്യവസ്ഥ ചെയ്യുന്നു. പകരം ഇവിടെ ലെബനീസ് സൈന്യത്തെയും ലെബനോനിലെ ഐക്യരാഷ്ട്രസഭയുടെ ഇടക്കാല സേനയെയും (യൂണിഫില്‍) ശക്തമായി വിന്യസിക്കണം. യുദ്ധസമയത്ത് പ്രവേശിച്ച എല്ലാ ലെബനീസ് പ്രദേശങ്ങളില്‍ നിന്നും ഇസ്രായില്‍ സൈന്യം പിന്‍വാങ്ങണമെന്നും കരാര്‍ വ്യവസ്ഥ ചെയ്യുന്നു. എന്നാല്‍ അതിര്‍ത്തിയുടെ ഇരുവശങ്ങളും നിരീക്ഷിക്കാന്‍ അനുവദിക്കുന്ന അഞ്ച് തന്ത്രപ്രധാനമായ കുന്നിന്‍ പ്രദേശങ്ങളില്‍ ഇസ്രായില്‍ സൈനിക സാന്നിധ്യം നിലനിര്‍ത്തി. സൈനിക ലക്ഷ്യങ്ങളോ ഹിസ്ബുല്ല പ്രവര്‍ത്തകരോ ആണെന്ന് അവകാശപ്പെടുന്നവര്‍ക്കെതിരെ ഇസ്രായില്‍ സൈന്യം ദിവസേന ആക്രമണങ്ങള്‍ നടത്തുകയും ചെയ്യുന്നു.



