ലാഹോര്‍: പാക്കിസ്ഥാനിലെ ബലുചിസ്ഥാന്‍ പ്രവിശ്യയുടെ തലസ്ഥാനമായ ക്വറ്റയില്‍ റെയില്‍വേ സ്റ്റേഷനില്‍ ഭീകരര്‍ നടത്തിയ ചാവേര്‍ ബോംബാക്രമണത്തില്‍ 24 പേര്‍ കൊല്ലപ്പെട്ടു. 40ലേരെ പേര്‍ക്ക് പരിക്കുണ്ട്. ശനിയാഴ്ച രാവിലെ 8.45ഓടെയാണ് ആക്രമണം ഉണ്ടായത്. സംഭവ സമയത്ത് സ്‌റ്റേഷന്‍ പ്ലാറ്റ്‌ഫോമില്‍ ട്രെയിന്‍ കാത്തു നില്‍ക്കുകയായിരുന്ന നൂറോളം പേരുണ്ടായിരുന്നതായാണ് റിപോര്‍ട്ട്.
ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി എന്ന വിഘടനവാദ സംഘടന ഏറ്റെടുത്തിട്ടുണ്ട്. റെയില്‍വേ സ്റ്റേഷനിലുണ്ടായിരുന്ന സൈനികരെ ലക്ഷ്യമിട്ടാണ് ചാവേറാക്രമണം നടത്തിയതെന്നാണ് ഇവര്‍ പറയുന്നത്. ബലൂചിസ്ഥാനെ പാക്കിസ്ഥാനില്‍ നിന്നും സ്വതന്ത്രമാക്കണമെന്ന് ആവശ്യപ്പെട്ട് സായുധ ആക്രമണങ്ങള്‍ നടത്തി വരുന്ന ഈ സംഘടനയെ പാക്കിസ്ഥാന്‍ നേരത്തെ നിരോധിച്ചിട്ടുണ്ട്.
ക്വറ്റ ആക്രമണത്തിനു പിന്നില്‍ തങ്ങളാണെന്ന് ബിഎല്‍എയുടെ വാദം പരിശോധിച്ചു വരികയാണെന്ന് സര്‍ക്കാര്‍ വക്താവ് ശാഹിദ് റിന്ദ് പറഞ്ഞു. സുരക്ഷാ ഉദ്യോഗസ്ഥര്‍ തെളിവുകള്‍ ശേഖരിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു.
പാക്കിസ്ഥാനിലെ ഏറ്റവും വലുതും ഏറ്റവും ദരിദ്ര്യമുള്ളതുമായ പ്രവിശ്യയാണ് ബലൂചിസ്ഥാന്‍. അഫ്ഗാനിസ്ഥാനോടും ഇറാനിനോടും അതിര്‍ത്തി പങ്കിടുന്ന ഈ പ്രവിശ്യ വിഘടനവാദികളുടേയും സായുധ പോരാളികളുടേയും കേന്ദ്രമാണ്. ഇത്തരം സംഘടനകളില്‍ ഏറ്റവും വലുതാണ് ബലുചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി. ഈ വര്‍ഷം ബലൂചിസ്ഥാനില്‍ ആക്രമണ സംഭവങ്ങല്‍ വര്‍ധിച്ചിട്ടുണ്ട്. ഇക്കൂട്ടത്തില്‍ ഏറ്റവും വലിയ ആക്രമാണ് ശനിയാഴ്ച ഉണ്ടായത്.