ഗാസ – ഗാസ അതിര്‍ത്തിയില്‍ രണ്ടു സൈനിക വാഹനങ്ങള്‍ കൂട്ടിയിടിച്ച് 12 പേര്‍ക്ക് പരിക്കേറ്റതായി ഇസ്രായില്‍ സൈന്യം. പരിക്കേറ്റവരെ ചികിത്സക്കായി ആശുപത്രികളിലേക്ക് മാറ്റി. അവരുടെ ആരോഗ്യനിലകളെ കുറിച്ച് അവരുടെ കുടുംബങ്ങളെ അറിയിച്ചിട്ടുണ്ടെന്നും സൈന്യം കൂട്ടിച്ചേര്‍ത്തു. അപകടത്തിന്റെ സാഹചര്യങ്ങളും അതിന്റെ കാരണങ്ങളും നിര്‍ണയിക്കാന്‍ അടിയന്തിര അന്വേഷണം ആരംഭിച്ചതായി സൈന്യം വ്യക്തമാക്കി.


അതേസമയം, ഗാസ നഗരത്തിന് കിഴക്കുള്ള സെയ്തൂന്‍, ശുജാഇ ഡിസ്ട്രിക്ടുകളില്‍ ഇസ്രായില്‍ സൈന്യം റെസിഡന്‍ഷ്യല്‍ കെട്ടിടങ്ങള്‍ തകര്‍ത്തതിനെ തുടര്‍ന്ന് നഗരത്തില്‍ നാല് സ്‌ഫോടനങ്ങള്‍ ഉണ്ടായി. നഗരത്തിലുടനീളം പുകപടലങ്ങളും വെടിമരുന്നിന്റെ ഗന്ധവും പടരാന്‍ ഇത് കാരണമായി. ഇതോടൊപ്പം നഗരത്തിലെ വ്യോമമേഖലയില്‍ വലിയ തോതില്‍ ഡ്രോണ്‍ സാന്നിധ്യവുണ്ടായതായി ഫലസ്തീന്‍ ന്യൂസ് ആന്റ് ഇന്‍ഫര്‍മേഷന്‍ ഏജന്‍സി (വഫാ) അറിയിച്ചു. 2023 ഒക്ടോബര്‍ ഏഴു മുതല്‍ ഗാസ മുനമ്പില്‍ ഇസ്രായില്‍ ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 68,519 ആയും പരിക്കേറ്റവരുടെ എണ്ണം 1,70,382 ആയും ഉയര്‍ന്നതായി ഗാസ മുനമ്പിലെ മെഡിക്കല്‍ സ്രോതസ്സുകള്‍ അറിയിച്ചു. വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി ഇസ്രായില്‍ കൈമാറിയ 195 മൃതദേഹങ്ങളില്‍ 64 പേരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും മെഡിക്കല്‍ വൃത്തങ്ങള്‍ പറഞ്ഞു.



