ജിദ്ദ – ഈജിപ്തില്‍ തലസ്ഥാന നഗരിയായ കയ്‌റോക്ക് കിഴക്ക് സൂയസ് ഗവര്‍ണറേറ്റിലെ അല്‍ജലാല-അല്‍സുഖ്‌ന റോഡില്‍ 12 യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥികള്‍ മരണപ്പെടുകയും 33 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഈജിപ്ഷ്യന്‍ ആരോഗ്യ, പാര്‍പ്പിടകാര്യ മന്ത്രാലയം അറിയിച്ചു. അല്‍ജലാല യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥികളും വിദ്യാര്‍ഥിനികളും സഞ്ചരിച്ച ബസാണ് അപകടത്തില്‍ പെട്ടത്. യൂനിവേഴ്‌സിറ്റിയില്‍ നിന്ന് വീടുകളിലേക്ക് മടങ്ങുകയായിരുന്ന വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസ് തിങ്കളാഴ്ച വൈകീട്ട് അഞ്ചു മണിക്കാണ് അപകടത്തില്‍ പെട്ടത്. എക്‌സ്പ്രസ്‌വേയിലെ റൗണ്ട് എബൗട്ടിനു സമീപം അമിത വേഗം നിയന്ത്രണം വിട്ട് ബസ് മറിയുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
അല്‍സഅ്ഫറാന, സൂയസ് ദിശയില്‍ അല്‍ജലാല-അല്‍സുഖ്‌ന റോഡിലാണ് ബസ് മറിഞ്ഞതെന്നും അപകട സ്ഥലത്തേക്ക് 28 ആംബുലന്‍സുകള്‍ അയച്ചതായും ആരോഗ്യ, പാര്‍പ്പിടകാര്യ മന്ത്രാലയം പറഞ്ഞു. അല്‍സുഖ്‌ന അടക്കം ചെങ്കടല്‍ തീരത്തെ നഗരങ്ങളുമായി തലസ്ഥാന നഗരിയായ കയ്‌റോയെ ബന്ധിപ്പിക്കുന്ന അല്‍ജലാല എക്‌സ്പ്രസ്‌വേയിലാണ് അപകടം. പരിക്കേറ്റവരെ സൂയസ് ഗവര്‍ണറേറ്റിലെ ഹെല്‍ത്ത് കെയര്‍ അതോറിറ്റിക്കു കീഴിലെ സൂയസ് മെഡിക്കല്‍ കോംപ്ലക്‌സില്‍ പ്രവേശിപ്പിച്ചതായും ആരോഗ്യ, പാര്‍പ്പിടകാര്യ മന്ത്രാലയം പറഞ്ഞു.
മുന്‍വശത്തെ ടയര്‍ റോഡ് മധ്യത്തിലെ ഡിവൈഡറില്‍ ഇടിച്ച് നിയന്ത്രണം വിട്ടാണ് ബസ് മറിഞ്ഞതെന്നാണ് അപകട സ്ഥലത്തെ ദൃശ്യങ്ങള്‍ സൂചിപ്പിക്കുന്നതെന്ന് സൂയസ് ഗവര്‍ണര്‍ പറഞ്ഞു. അമിത വേഗമാണോ അതല്ല, ടയറിലെ പ്രശ്‌നമാണോ അപകടത്തിന് കാരണമെന്ന് തനിക്കറിയില്ല. അന്വേഷണ റിപ്പോര്‍ട്ട് ലഭിക്കുന്നത് കാത്തിരിക്കുകയാണെന്നും ഗവര്‍ണര്‍ പറഞ്ഞു. ഉപപ്രധാനമന്ത്രിയും ആരോഗ്യ, പാര്‍പ്പിടകാര്യ മന്ത്രിയുമായ ഡോ. ഖാലിദ് അബ്ദുല്‍ഗഫാര്‍ ചുമതലപ്പെടുത്തിയതു പ്രകാരം ഡെപ്യൂട്ടി ആരോഗ്യ മന്ത്രി ഡോ. മുഹമ്മദ് അല്‍ത്വയ്യിബ് പരിക്കേറ്റവരെ പ്രവേശിപ്പിച്ച ആശുപത്രിയിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തുകയും ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു.