കയ്‌റോ – ദക്ഷിണ ഈജിപ്തിലെ മിന്‍യ നഗരത്തിലെ ജനപ്രിയ റെസ്റ്റോറന്റില്‍ നിന്ന് ഭക്ഷണം കഴിച്ച കുട്ടികള്‍ ഉള്‍പ്പെടെ 104 പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. നഗരത്തിലെ അബൂഹിലാല്‍ പ്രദേശത്തെ റെസ്റ്റോറന്റില്‍ ഭക്ഷണം കഴിച്ചവര്‍ക്കാണ് വിഷബാധയേറ്റത്. ഇവരെ ഉടന്‍ തന്നെ ആശുപത്രികളിലേക്ക് മാറ്റി.
ഭക്ഷണം കഴിച്ചതിനെ തുടർന്ന് ഛര്‍ദ്ദി, വയറിളക്കം, പനി എന്നിവ അനുഭവപ്പെട്ടതായി മിന്‍യ ഗവര്‍ണറേറ്റ് ആരോഗ്യ വകുപ്പ് അറിയിച്ചു. ഭക്ഷ്യവിഷബാധയുടെ കാരണവും ഭക്ഷണത്തിന്റെ ഗുണനിലവാരവും നിര്‍ണയിക്കാന്‍ റെസ്‌റ്റോറന്റില്‍ നിന്ന് സാമ്പിളുകളും ഭക്ഷ്യവിഷബാധയേറ്റവരുടെ സാമ്പിളുകളും ശേഖരിച്ച് പരിശോധനക്കായി ആരോഗ്യ മന്ത്രാലയത്തിന്റെ സെന്‍ട്രല്‍ ലബോറട്ടറികളിലേക്ക് അയക്കാന്‍ അധികൃതരുടെ തീരുമാനം.
മിന്‍യ ഗവര്‍ണറേറ്റുകളിൽ സമീപ കാലങ്ങളിലായി നിരവധി ഭക്ഷ്യവിഷബാധാ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രണ്ട് മാസം മുമ്പ് മല്ലവി നഗരത്തിലെ റെസ്റ്റോറന്റില്‍ നിന്ന് ഡസന്‍ കണക്കിനാളുകള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റിരുന്നത്. ഈ റെസ്റ്റോറന്റിന്റെ ഉടമയെ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്യുകയും ഭക്ഷണ സാമ്പിളുകള്‍ ലബോറട്ടറികളിലേക്ക് പരിശോധനക്കായി അയക്കുകയും ചെയ്തിരുന്നു.