ബാഴ്‌സലോണ: കൗമാര താരം ലമീൻ യമാലിന്റെ ശമ്പളം പത്തിരട്ടിയോളം വർധിപ്പിച്ച് സ്പാനിഷ് ചാമ്പ്യന്മാരായ ബാഴ്‌സലോണ. 2031 വരെ ഒപ്പിട്ട കരാർ പ്രകാരം 40 മില്ല്യൺ യൂറോ (386 കോടി രൂപ) ആണ് ഓരോ വർഷവും സ്പാനിഷ് താരത്തിന് ലഭിക്കുക. ഇതോടെ ബാഴ്‌സയിൽ ഏറ്റവുമധികം പ്രതിഫലം പറ്റുന്ന കളിക്കാരനായി 17-കാരൻ മാറി. മാനേജർ ഹാൻസി ഫ്‌ളിക്ക്, ബ്രസീലിയൻ വിംഗർ റഫിഞ്ഞ എന്നിവരുടെ കരാറും ബാഴ്‌സ പുതുക്കിയിട്ടുണ്ട്.
2023-ൽ ബാഴ്‌സയിൽ അരങ്ങേറ്റം കുറിച്ച യമാൽ ആ കരാർ പ്രകാരം ക്ലബ്ബിലെ ഏറ്റവും കുറഞ്ഞ പ്രതിഫലം വാങ്ങുന്ന കളിക്കാരനായിരുന്നു. ഫെർമിൻ ലോപസ്, എറിക് ഗാർഷ്യ, ആേ്രന്ദ ക്രിസ്റ്റ്യൻസൻ എന്നിവർ പോലും യമാലിനേക്കാൾ കൂടുതലാണ് ശമ്പളം വാങ്ങിയിരുന്നത്. 2023-ലെ കരാറിൽ ഉണ്ടായിരുന്നതിന്റെ പത്തിരട്ടിയോളമാണ് പുതിയ കരാറിലെ ശമ്പളം എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
പുതിയ കരാർ പ്രകാരം നികുതി കിഴിച്ചാൽ യമാലിന്റെ വാർഷിക ശമ്പളം 30 മില്ല്യൺ യൂറോ (289 കോടി രൂപ) ആയിരിക്കും. അതായത് ഓരോ ആഴ്ചയും താരം മൂന്നര ലക്ഷം യൂറോ (2.77 കോടി രൂപ) സമ്പാദിക്കും.
2023 ഏപ്രിൽ 29-ന് ബാഴ്‌സയ്ക്കു വേണ്ടി അരങ്ങേറിയ യമാൽ 2024-25 സീസണിൽ ടീമിന്റെ കിരീട ധാരണത്തിലെ സുപ്രധാന കണ്ണിയായിരുന്നു. ക്ലബ്ബിനു വേണ്ടി ഇതിനകം 25 ഗോൾ നേടുകയും 34 എണ്ണത്തിന് വഴിയൊരുക്കുകയും ചെയ്ത താരം കഴിഞ്ഞ വർഷം സ്‌പെയിനിന്റെ യൂറോ കപ്പ് നേട്ടത്തിലും നിർണായക പങ്കുവഹിച്ചു. ലയണൽ മെസ്സിക്കു ശേഷം ടീമിലെ സൂപ്പർതാരമായി ആരാധകരും വിദഗ്ധരും യമാലിനെ വിശേഷിപ്പിച്ചതോടെ താരവുമായുള്ള കരാർ പുതുക്കാൻ ബാഴ്‌സ മാനേജ്‌മെന്റിനു മേൽ വലിയ സമ്മർദമാണ് ഉണ്ടായിരുന്നത്.
പുതിയ മാറ്റത്തോടെ ക്ലബ്ബിൽ നിന്നുള്ള വേതനത്തിന്റെ കാര്യത്തിൽ വെറ്ററൻ താരം റോബർട്ട് ലെവൻഡവ്‌സ്‌കി രണ്ടാം സ്ഥാനത്തായി. 36 മില്ല്യൺ യൂറോ ആണ് പോൡഷ് താരത്തിന്റെ ശമ്പളം.