പത്തനംതിട്ട– മെഴുവേലിയില്‍ നവജാത ശിശുവിന്റെ മരണ കാരണം തലയ്ക്കേറ്റ ക്ഷതമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. കുഞ്ഞിനെ വലിച്ചെറിഞ്ഞപ്പോഴോ, യുവതി തലകറങ്ങി വീണപ്പോഴോ ക്ഷതമേറ്റതാവാമെന്നാണ് സംശയം. കുട്ടിയുടെ അച്ഛന് കാമുകനാണെന്ന യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് കാമുകനെയും ഉടന്‍ ചോദ്യം ചെയ്യും. പോസ്റ്റ്മോര്ട്ടത്തിലെ വിവരങ്ങള്‍ അടക്കം ജില്ലാ പോലീസ് മേധാവിക്ക് റിപ്പോര്‍ട്ട് നല്കി. കോട്ടയം മെഡിക്കല്‍ കോളജില്‍ വെച്ചാണ് പോസ്റ്റ്മോര്‍ട്ടം നടത്തിയത്.
ഇന്നലെയായിരുന്നു അവിവാഹിതയായ യുവതി രക്തസ്രാവത്തെ തുടര്‍ന്ന് ചെങ്ങന്നൂരില്‍ ചികിത്സക്കായെത്തിയത്. ബിരുദ വിദ്യാര്‍ഥിയായ യുവതി വീട്ടില്‍ പ്രസവിച്ചതാണെന്നും കുഞ്ഞിനെ തൊട്ടടുത്ത പറമ്പില്‍ ഉപേക്ഷിച്ചിരിക്കുകയാണെന്ന് ആശുപത്രി അധികൃതരാണ് പോലീസിനെ അറിയിച്ചത്. സ്ഥലം പരിശോധിച്ച ഇലവുംതിട്ട പോലീസ് ആള് താമസമില്ലാത്ത വീടിന്റെ പറമ്പില്‍ നിന്നാണ് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. ഗര്‍ഭിണിയായ വിവരം വീട്ടുകാര്‍ അറിയില്ലെന്നാണ് യുവതി മറ്റുള്ളവരോട് പറഞ്ഞത്. കുഞ്ഞിന്റെ ശരീരത്തില്‍ മറ്റു മുറിവുകളോ അസ്വാഭാവിക പാടുകളോ ഇല്ലെന്ന് പോലീസ് വ്യക്തമാക്കി.
ചേമ്പിലയില്‍ പൊതിഞ്ഞ രൂപത്തില്‍ കണ്ടെത്തിയ കുഞ്ഞിനെ കുറഞ്ഞതു 2 ദിവസം മുന്‍പ് പ്രസവിച്ചതാണെന്നാണ് ആശുപത്രി അധികൃതരുടെ വിലയിരുത്തല്‍. നിലവില്‍ യുവതി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. പോലീസ് വീട്ടില്‍ നടത്തിയ പരിശോധനയില്‍ മുറിക്കുള്ളില്‍ രക്തക്കറ കണ്ടെത്തി. ഫോറന്‍സിക് സംഘവും പരിശോധന നടത്തി.