പാരീസ് – യുദ്ധം അവസാനിപ്പിക്കാനുള്ള ധാരണാപത്രത്തില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനും ഇലക്ട്രോണിക് രീതിയില്‍ ഒപ്പുവെച്ചു. ഇതോടെ ധാരണാപത്രം ഔദ്യോഗികമായി പ്രാബല്യത്തില്‍ വന്നു. യുദ്ധം അവസാനിപ്പിക്കുക, ഉപരോധങ്ങള്‍ നീക്കുക, ഹോര്‍മുസ് കടലിടുക്കിലൂടെ സുരക്ഷിതമായ കപ്പല്‍ ഗതാഗതം ഉറപ്പാക്കുക എന്നിവയാണ് ധാരണാപത്രത്തിലെ പ്രധാന വ്യവസ്ഥകള്‍. ഞാന്‍ ഇറാനുമായി ധാരണാപത്രത്തില്‍ ഒപ്പുവെച്ചുവെന്ന് ഫ്രാന്‍സിലെ വെര്‍സൈല്‍സ് കൊട്ടാരത്തില്‍ നിന്ന് പുറത്തുപോകുമ്പോള്‍ ട്രംപ് പറഞ്ഞു. ഫ്രഞ്ച് പ്രസിഡന്റുമായുള്ള അത്താഴവിരുന്നിനിടെയാണ് മിഡില്‍ ഈസ്റ്റിലെ യുദ്ധം അവസാനിപ്പിക്കാനായി ട്രംപ് ഇറാനുമായി ധാരണാപത്രത്തില്‍ ഒപ്പുവെച്ചതെന്ന് ആക്‌സിയോസ് വാര്‍ത്താ വെബ്സൈറ്റ് റിപ്പോര്‍ട്ട് ചെയ്തു. ജി-7 ഉച്ചകോടിക്ക് ശേഷം വെര്‍സൈല്‍സ് കൊട്ടാരത്തില്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനൊപ്പം അത്താഴവിരുന്നിനിടെ ട്രംപ് നേരിട്ട് ധാരണാപത്രത്തിന്റെ പകര്‍പ്പില്‍ ഒപ്പിട്ടതായി ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
അതേസമയം, ധാരണാപത്രത്തില്‍ ഔദ്യോഗികമായി ഒപ്പുവെച്ചെങ്കിലും ചര്‍ച്ചാ പ്രതിനിധി സംഘം സ്വിറ്റ്സര്‍ലന്‍ഡിലേക്ക് പോകേണ്ടിവരുമെന്ന് ഇറാന്‍ വിദേശ മന്ത്രാലയ വക്താവ് ഇസ്മായില്‍ ബഗായ് പറഞ്ഞു. വെള്ളിയാഴ്ച നടക്കേണ്ടിയിരുന്ന ഒപ്പുവെക്കല്‍ ചടങ്ങ് റദ്ദാക്കിയതായും അദ്ദേഹം സൂചിപ്പിച്ചു. പെസെഷ്‌കിയാന്‍ യു.എസുമായി ധാരണാപത്രത്തില്‍ ഒപ്പുവെക്കുന്നതിന്റെ ഫോട്ടോകള്‍ ഇറാന്‍ വാര്‍ത്താ ഏജന്‍സിയായ ഇര്‍ന പുറത്തുവിട്ടു. യുദ്ധം അവസാനിപ്പിക്കാനായി അമേരിക്കയുമായുള്ള ധാരണാപത്രത്തിന്റെ നിബന്ധനകള്‍ നേരത്തെ ഇറാന്‍ പ്രസിദ്ധീകരിച്ചിരുന്നു. അമേരിക്ക മുമ്പ് പ്രസിദ്ധീകരിച്ച നിബന്ധനകളുമായി ഈ വ്യവസ്ഥകള്‍ ഏറെക്കുറെ പൊരുത്തപ്പെടുന്നു. ഇരു രാജ്യങ്ങളും പരസ്പരം ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടില്ലെന്നും ചര്‍ച്ചകള്‍ക്ക് ശേഷം 60 ദിവസത്തിനുള്ളില്‍ അന്തിമ കരാറിലെത്തുമെന്നും അമേരിക്കയും ഇറാനും പ്രതിജ്ഞയെടുത്തു. അന്തിമ കരാറിനുള്ള ചര്‍ച്ചാ സമയം ദീര്‍ഘിപ്പിക്കാവുന്നതാണ്. ആണവായുധങ്ങള്‍ നിര്‍മ്മിക്കുകയോ സ്വന്തമാക്കുകയോ ചെയ്യില്ലെന്ന് ഇറാന്‍ ഉറപ്പുനല്‍കി. ഹോര്‍മുസ് കടലിടുക്കിലെ സമുദ്ര ഗതാഗതം യുദ്ധത്തിന് മുമ്പുള്ള നിലവാരത്തിലേക്ക് മടങ്ങും. ഇറാനു മേല്‍ ഏര്‍പ്പെടുത്തിയ എല്ലാ ഉപരോധങ്ങളും പിന്‍വലിക്കാന്‍ അമേരിക്ക പ്രതിജ്ഞാബദ്ധമാണ്. കൂടാതെ അമേരിക്ക പ്രാദേശിക പങ്കാളികളുമായി സഹകരിച്ച് ഇറാന്റെ സാമ്പത്തിക പുനര്‍നിര്‍മ്മാണത്തിനായി പ്രത്യേക പ്രോഗ്രാം തയാറാക്കുമെന്നും ധാരണാപത്രം പറയുന്നു.



