ബ്രസ്സൽസ്– അന്താരാഷ്ട്ര നിയമങ്ങൾ മറികടന്ന് ഗാസയിൽ അധിനിവേശം നടത്തുകയും ജനങ്ങളെ കുടിയൊഴിപ്പിക്കുകയും ചെയ്യുന്ന ഇസ്രായിൽ നടപടിക്കെതിരെ നിർണായക നീക്കവുമായി യൂറോപ്യൻ യൂണിയൻ. ഇസ്രായിലുമായുള്ള രാഷ്ട്രീയ, സാമ്പത്തിക ബന്ധങ്ങളെ നിയന്ത്രിക്കുന്ന കരാർ പുനഃപരിശോധിക്കാൻ തീരുമാനിച്ചതായി യൂറോപ്യൻ യൂണിയന്റെ മുഖ്യ നയതന്ത്രജ്ഞ കജ കല്ലാസ് പ്രഖ്യാപിച്ചു. ഗാസയിലെ മനുഷ്യാവകാശ ലംഘനങ്ങൾക്ക് ഇസ്രായേൽ ഉത്തരവാദിയാണെന്നു കാണിച്ചാണ് 2000-ൽ നിലവിൽ വന്ന ഇ.യു-ഇസ്രായേൽ അസോസിയേഷൻ കരാർ പുനഃപരിശോധിക്കുന്നത്. കരാറിലെ “മനുഷ്യാവകാശങ്ങളോടും ജനാധിപത്യ തത്വങ്ങളോടുമുള്ള ബഹുമാനം” എന്ന വ്യവസ്ഥ ഇസ്രായിൽ ലംഘിച്ചതായാണ് ഇ.യു വിലയിരുത്തൽ.
ഇസ്രായിലുമായുള്ള സ്വതന്ത്ര വ്യാപാര ചർച്ചകളിൽ നിന്ന് പിന്‍മാറുകയും അംബാസഡറെ വിളിച്ചുവരുത്തി ശാസിക്കുകയും ചെയ്ത ബ്രിട്ടന്റെ നടപടിക്കു പിന്നാലെയാണ് യൂറോപ്യൻ യൂണിയനും നിർണായക നീക്കം നടത്തിയിരിക്കുന്നത്. ഗാസ അധിനിവേശം തുടർന്നാൽ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ഫ്രാൻസ് പ്രസിഡണ്ട്, ബ്രിട്ടന്‍റെയും കാനഡയുടെയും പ്രധാനമന്ത്രിമാർ എന്നിവർ കഴിഞ്ഞ ദിവസം സംയുക്ത പ്രസ്താവനയിൽ പറഞ്ഞിരുന്നു. സ്പെയിൻ, അയർലാന്റ് രാജ്യങ്ങൾ നേരത്തെ തന്നെ ഇസ്രായിലിനെതിരെ പരസ്യമായി രംഗത്തുവന്നിട്ടുണ്ട്. അതേസമയം, യൂറോപ്യൻ യൂണിയനിലെ 27 അംഗരാജ്യങ്ങളിൽ, ജർമനി, ഓസ്ട്രിയ, ഹംഗറി എന്നിവ ഇസ്രായേലിനെ പിന്തുണയ്ക്കുന്നു.
വ്യാപാര കരാറിൽ നിന്ന് യൂറോപ്യൻ യൂണിയൻ പിന്മാറുകയാണെങ്കിൽ വലിയ നഷ്ടമാണ് ഇസ്രായിലിനെ കാത്തിരിക്കുന്നത്. കഴിഞ്ഞ വർഷം 46 ബില്ല്യൺ ഡോളറിന്റെ വ്യാപാരം നടത്തിയ ഇ.യു ഇസ്രായിലിന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളികളിലൊന്നാണ്. യൂറോപ്യൻ വിപണിയിൽ ഉയർന്ന നികുതി നൽകേണ്ടി വരുന്ന സാഹചര്യം ഇസ്രായിലിനെ കൃഷി, സാങ്കേതികവിദ്യ, ഫാർമസ്യൂട്ടിക്കൽ മേഖലകളിൽ പ്രതികൂലമായി ബാധിക്കും. ഇസ്രായിലിൽ നിക്ഷേപിക്കാനൊരുങ്ങുന്ന വിദേശ നിക്ഷേപകരുടെ ആത്മവിശ്വാസം നഷ്ടപ്പെടുത്താനും ഇത് കാരണമാകും. ഇതിനു പുറമെ, അന്താരാഷ്ട്ര തലത്തിൽ ഇസ്രായിൽ ഒറ്റപ്പെടാനും ഇത് കാരണമാകും.
ഗാസയിലെ വംശഹത്യയുടെ പശ്ചാത്തലത്തിൽ ഇ.യു-ഇസ്രായേൽ കരാർ പുനഃപരിശോധിക്കണമെന്ന് സ്പെയിനും അയർലൻഡും 15 മാസങ്ങൾക്ക് മുമ്പ് ആവശ്യപ്പെട്ടിരുന്നെങ്കിലും, മറ്റ് രാജ്യങ്ങളുടെ പിന്തുണ ലഭിച്ചിരുന്നില്ല. എന്നാൽ, മാർച്ച് മുതൽ ഗാസയിലേക്ക് സഹായ ട്രക്കുകൾ എത്തുന്നത് ഇസ്രായിൽ പൂർണമായി തടയുകയും പട്ടിണി മരണവും നിർബന്ധിത പലായനവും പതിവാവുകയും ചെയ്തതോടെ, നെതർലൻഡ്സിന്റെ നേതൃത്വത്തിൽ ഈ ആവശ്യം വീണ്ടും ഉന്നയിക്കപ്പെട്ടു.
യൂണിയന്റെ സാമ്പത്തിക ബന്ധങ്ങൾ ഉപയോഗിച്ച് ഇസ്രായിലിന് മേൽ സമ്മർദം ചെലുത്തണമെന്ന് സ്പെയിൻ വിദേശകാര്യ മന്ത്രി ജോസ് മാനുവൽ അൽബാരസ് ആവശ്യപ്പെട്ടു. ഇസ്രായിൽ ഗാസയിൽ നടത്തുന്നത് വംശഹത്യയാണെന്ന് സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസും അഭിപ്രായപ്പെട്ടു. ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുന്നതായി അയർലൻഡിന്റെ ഉപപ്രധാനമന്ത്രി സൈമൺ ഹാരിസ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
27 അംഗരാജ്യങ്ങളിൽ, ജർമനി, ഓസ്ട്രിയ, ഹംഗറി എന്നിവ ഇസ്രായേലിനെ പിന്തുണയ്ക്കുമ്പോൾ, സ്പെയിൻ, അയർലൻഡ്, ഫ്രാൻസ്, നെതർലൻഡ്സ്, സ്ലോവേനിയ എന്നിവ ഗാസയിലെ മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ ശക്തമായ നിലപാടാണ് സ്വീകരിക്കുന്നത്. അംഗരാജ്യങ്ങളുടെ ഏകകണ്ഠമായ പിന്തുണയില്ലാതെ ഇസ്രായിലുമായുള്ള കരാർ പൂർണമായി റദ്ദാക്കൽ വെല്ലുവിളിയാണെങ്കിലും ഭൂരിപക്ഷം രാജ്യങ്ങളുടെ നിലപാട് നിർണായകമാവും. നിലവിൽ 17 രാജ്യങ്ങളും കരാർ റദ്ദാക്കണമെന്ന പക്ഷക്കാരാണ്.
ഇസ്രായേലിന്റെ പ്രതികരണം
യൂറോപ്യൻ യൂണിയന്റെയും ബ്രിട്ടന്റെയും നടപടികൾ നീതിവിരുദ്ധവും ഇരട്ടത്താപ്പുമാണെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വിശേഷിപ്ച്ചു. 2023 ഒക്ടോബർ 7-ലെ ഹമാസിന്റെ ആക്രമണത്തിന് മറുപടിയായാണ് ഗാസയിലെ സൈനിക നടപടികൾ എന്നും, “ബാഹ്യ സമ്മർദങ്ങൾ ഇസ്രായേലിന്റെ സുരക്ഷാ നയങ്ങളെ മാറ്റില്ല” എന്നും ഇസ്രായേൽ വിദേശകാര്യ മന്ത്രാലയം പ്രസ്താവിച്ചു.