ന്യൂഡൽഹി– വിവാദമായ വഖഫ് ഭേദഗതി നിയമത്തിന്റെ ചില വ്യവസ്ഥകൾക്ക് സുപ്രീംകോടതി ഭാഗിക സ്റ്റേ അനുവദിച്ചു. സ്വത്ത് വഖഫ് ആക്കാൻ അഞ്ച് വർഷമെങ്കിലും മുസ്‌ലിം വിശ്വാസിയായിരിക്കണമെന്ന വ്യവസ്ഥയാണ് സ്റ്റേ ചെയ്തത്. ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ്, ജസ്റ്റിസുമാരായ വിനോദ് ചന്ദ്രൻ, അതുൽ എസ്. ചന്ദർകർ എന്നിവരടങ്ങുന്ന ബെഞ്ചാണ് മുസ്‌ലിം സംഘടനകളുടെ ഹർജിയിൽ ഈ വിധി പ്രസ്താവിച്ചത്. 2025 മേയിൽ വാദം പൂർത്തിയാക്കി വിധി പറയാൻ മാറ്റിവെച്ച ഹർജികളിലാണ് തീരുമാനം.
ജില്ലാ കലക്ടർക്ക് നൽകിയിരുന്ന അധികാരവും കോടതി സ്റ്റേ ചെയ്തു. അന്തിമ ഉത്തരവ് വരെ വഖഫ് സ്വത്തുകളുടെ സ്വഭാവം മാറ്റരുതെന്നും കോടതി നിർദേശിച്ചു. വഖഫ് ബോർഡ് സിഇഒ ആയി മുസ്‌ലിമിനെ നിയമിക്കുന്നതാണ് അഭികാമ്യമെങ്കിലും, മുസ്‌ലിം ഇതര വിശ്വാസികളെയും നിയമിക്കാമെന്ന് വ്യക്തമാക്കി. നിയമത്തിന്റെ ചട്ടങ്ങൾ രൂപീകരിക്കുന്നതുവരെ സ്റ്റേ തുടരുമെന്നും കോടതി അറിയിച്ചു. എന്നാൽ, നിയമത്തിലെ മുഴുവൻ വകുപ്പുകളും സ്റ്റേ ചെയ്യാനുള്ള ആവശ്യം കോടതി തള്ളി.
വഖഫ് സ്വത്തുകൾ രാജ്യവ്യാപകമായി കൈയേറ്റത്തിനും നശീകരണത്തിനും വിധേയമാകുന്ന സാഹചര്യത്തിലാണ് ഈ വിധി. വഖഫ് ബോർഡുകളിൽ ഇതര മതസ്ഥരെ നിയമിക്കുന്നത് ശരിയല്ലെന്നും, അഞ്ച് വർഷത്തെ മതപരമായ അനുഷ്ഠാനം ആവശ്യമാണെന്ന വ്യവസ്ഥ ഒഴിവാക്കണമെന്നും ഹർജിക്കാർ വാദിച്ചു. ദീർഘകാല ഉപയോഗത്തിലൂടെ വഖഫ് ആയ സ്വത്തുകൾക്ക് സാധുതയുണ്ടെന്നും, എല്ലാ സ്വത്തുകൾക്കും രേഖകൾ നിർബന്ധമാക്കാനാകില്ലെന്നും, അന്വേഷണം തുടങ്ങിയാൽ വഖഫ് സ്വത്ത് അപ്രസക്തമാകുമെന്ന വ്യവസ്ഥ അംഗീകരിക്കാനാവില്ലെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി.
2025 മേയ് 22-നാണ് നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത ഹർജികളിൽ സുപ്രീംകോടതി വിധി പറയാൻ മാറ്റിവെച്ചത്. നിയമം ഭരണഘടനാ വിരുദ്ധമാണെന്നായിരുന്നു ഹർജിക്കാരുടെ വാദം. എന്നാൽ, വഖഫ് ഇസ്‌ലാമിലെ അനിവാര്യ മതാചാരമല്ലെന്നും, സ്വത്ത് സംബന്ധമായ വിഷയങ്ങൾ മതാടിസ്ഥാനത്തല്ല നിർണയിക്കപ്പെടുന്നതെന്നും, പുറമ്പോക്ക് പരിശോധിക്കാൻ സർക്കാരിന് അധികാരമുണ്ടെന്നും കേന്ദ്രസർക്കാർ വാദിച്ചു. നിയമപരമായ നടപടികൾക്കെതിരെ കോടതിയെ സമീപിക്കാമെന്നും, ഏകപക്ഷീയമായി നിയമം പാസാക്കിയെന്ന ആരോപണം തെറ്റാണെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി.