തെല്‍അവീവ്– ഇസ്രായിൽ സൈനികര്‍ക്കിടയില്‍ ആത്മഹത്യകള്‍ വര്‍ധിച്ചതായി ഇസ്രായില്‍ പാര്‍ലമെന്റിന്റെ (നെസറ്റ്) റിസേര്‍ച്ച് ആന്റ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ പുറത്തിറക്കിയ രേഖ വെളിപ്പെടുത്തുന്നു. സമീപകാലത്ത് റിസര്‍വ് സൈനികര്‍ക്കിടയില്‍ ആത്മഹത്യാ പ്രവണത വര്‍ധിച്ചുവരുന്നതിന്റെ സൂചനകളുണ്ട്. നിര്‍ബന്ധിത, സ്ഥിരം, സജീവ റിസര്‍വ് സൈനിക സര്‍വീസുകളില്‍ സേവനമനുഷ്ഠിക്കുന്ന 124 പേരാണ് എട്ട് വര്‍ഷത്തിനിടെ ആത്മഹത്യ ചെയ്തത്. പിരിച്ചുവിടുകയോ വിരമിക്കുകയോ ചെയ്ത ശേഷം ജീവനൊടുക്കിയവരെ ഉള്‍പ്പെടുത്താതെയുള്ള കണക്കുകളാണിത്. യുദ്ധം ആരംഭിച്ച ശേഷം റിസര്‍വ് സൈനികര്‍ക്കിടയില്‍ ആത്മഹത്യകള്‍ ഗണ്യമായി വര്‍ധിച്ചു. പ്രതിമാസം ഒരു റിസര്‍വ് സൈനികന്‍ തോതില്‍ ജീവനൊടുക്കുന്നു.
ആത്മഹത്യ ചെയ്ത സൈനികരില്‍ ഭൂരിഭാഗവും പുരുഷന്മാരാണെന്നും രേഖ വ്യക്തമാക്കുന്നുണ്ട്. ആത്മഹത്യ ചെയ്തവരില്‍ ഏകദേശം 17 ശതമാനം പേര്‍ മാത്രമേ മരണത്തിന് മുമ്പുള്ള രണ്ട് മാസങ്ങളില്‍ മാനസികാരോഗ്യ വിദഗ്ധനെ കണ്ടിട്ടുള്ളൂവെന്ന് രേഖ വെളിപ്പെടുത്തി. അപ്പോയിന്റ്‌മെന്റുകള്‍ മാസങ്ങളോളം വൈകിയെന്നും ചില കേസുകളില്‍ നിരീക്ഷണ നടപടിക്രമങ്ങള്‍ സ്വീകരിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
സമീപ വര്‍ഷങ്ങളില്‍ ആത്മഹത്യാശ്രമങ്ങളും വളരെ കൂടുതലാണ്. ഒന്നര വര്‍ഷത്തിനിടെ 279 ആത്മഹത്യാശ്രമങ്ങളാണ് രേഖപ്പെടുത്തിയത്. അതില്‍ 12 ശതമാനം ഗുരുതരമായിരുന്നു.
ഇസ്രായിലി പ്രതിരോധ മന്ത്രാലയം സപ്പോര്‍ട്ട് സെന്റര്‍ തുറക്കുകയും നൂറുകണക്കിന് റിസര്‍വ് മാനസികാരോഗ്യ ഉദ്യോഗസ്ഥരെ നിയമിക്കുകയും ഫ്രണ്ട്ലൈന്‍, പരിശീലന യൂണിറ്റുകളില്‍ മാനസികാരോഗ്യ വിദ്ഗധരുടെ എണ്ണം വര്‍ധിപ്പിക്കുകയും ബ്രിഗേഡുകളിലും യൂണിറ്റുകളിലും മാനസികാരോഗ്യ വിദഗ്ധരെ നിയമിക്കുകയും കമാന്‍ഡര്‍മാര്‍ക്ക് പരിശീലനവും സൈനികരുടെ കുടുംബങ്ങള്‍ക്ക് പിന്തുണയും നല്‍കുകയും ചെയ്തു.
ആത്മഹത്യ ചെയ്ത സൈനികരുടെ പ്രായം, സേവന കാലം, ജനിച്ച രാജ്യങ്ങള്‍, വൈവാഹിക നില, വ്യക്തിഗത ആയുധങ്ങള്‍ കൈവശം വെക്കല്‍, ആത്മഹത്യക്ക് ശേഷമുള്ള അന്വേഷണ നടപടിക്രമങ്ങള്‍, റിസര്‍വ് സൈനികര്‍ക്കുള്ള ചികിത്സാ പദ്ധതി എന്നിവയുള്‍പ്പെടെ ആവശ്യമായ വിവരങ്ങളുടെ വലിയൊരു ഭാഗം പ്രതിരോധ മന്ത്രാലയം നല്‍കിയിട്ടില്ലെന്ന് റിസേര്‍ച്ച് ആന്റ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ സൂചിപ്പിച്ചു. അതിനാൽ തന്നെ ആത്മഹത്യാ പ്രവണതയുടെ കാരണത്തെ കുറിച്ചും അത് കൈകാര്യം ചെയ്യാനുള്ള സംവിധാനങ്ങളെയും കുറിച്ചുള്ള വിവരങ്ങളും വ്യക്തമല്ലെന്ന് ഇവർ വ്യക്തമാക്കി .



