ബെംഗളൂരു– കർണാടകയിലെ ചിക്കമംഗളൂരുവിൽ വിനോദയാത്രയ്ക്കിടെ കാണാതായ പാലക്കാട് കടമ്പഴിപ്പുറം സ്വദേശിനി ശ്രീനന്ദയുടെ (15) മൃതദേഹം കണ്ടെത്തി. നാല് ദിവസം നീണ്ടുനിന്ന തീവ്രമായ തിരച്ചിലിനൊടുവിലാണ് പെൺകുട്ടിയെ കാണാതായ മാണിക്കധാര വെള്ളച്ചാട്ടത്തിന് സമീപത്തുനിന്നുതന്നെ മൃതദേഹം ലഭിച്ചത്. വെള്ളച്ചാട്ടത്തിന്റെ വ്യൂ പോയിന്റിനോട് ചേർന്നുള്ള അതീവ അപകടകരമായ ചെങ്കുത്തായ ഭാഗത്ത്, ഏകദേശം 1500 അടി താഴ്ചയിലാണ് മൃതദേഹം കിടന്നിരുന്നത്. ദുർഘടമായ ഈ മേഖലയിൽ ഇറങ്ങി നടത്തിയ പരിശോധനയിലാണ് തിരച്ചിൽ സംഘത്തിന് മൃതദേഹം കണ്ടെത്താനായത്.
കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ട് കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമൊപ്പമാണ് ശ്രീനന്ദ ചിക്കമംഗളൂരുവിൽ എത്തിയത്. ബാബാബുധാൻ ഗിരിയിലെ മാണിക്കധാര വെള്ളച്ചാട്ടത്തിന് സമീപം വെച്ച് മറ്റ് രണ്ട് കുട്ടികൾക്കൊപ്പം ശ്രീനന്ദ ഫോട്ടോ എടുത്തിരുന്നു. ഇതിന് പിന്നാലെ സംഘം മലയിറങ്ങാൻ തുടങ്ങിയപ്പോഴാണ് കുട്ടിയെ കാണാനില്ലെന്ന വിവരം പുറത്തറിയുന്നത്. 40 അംഗ സംഘത്തോടൊപ്പമാണ് പെൺകുട്ടി എത്തിയത്. കുട്ടിയെ ആരെങ്കിലും തട്ടിക്കൊണ്ടുപോയതാകാമെന്ന സംശയം മാതാപിതാക്കൾ നേരത്തെ പ്രകടിപ്പിച്ചിരുന്നെങ്കിലും, ഒടുവിൽ അപകടത്തിൽപ്പെട്ട നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
പൊലീസ്, വനംവകുപ്പ്, അഗ്നിരക്ഷാസേന എന്നിവരടങ്ങിയ നൂറംഗ പ്രത്യേക സംഘമാണ് നാല് ദിവസമായി ചന്ദ്രഗിരി പർവത മേഖലയിൽ തിരച്ചിൽ നടത്തിയിരുന്നത്. ചെങ്കുത്തായ ഇറക്കങ്ങളിലും കൊക്കകളിലും പരിശോധന നടത്താൻ അത്യാധുനിക തെർമൽ ഡ്രോണുകളും ഉപയോഗിച്ചിരുന്നു. തിരച്ചിലിന് സഹായവുമായി കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഉൾപ്പെടെ 15 പേർ സ്ഥലത്ത് തന്നെ തങ്ങിയിരുന്നു.



