ന്യൂഡൽഹി: കോൺഗ്രസിന് തുർക്കിയിൽ ഓഫീസ് ഉണ്ടെന്ന വ്യാജപ്രചരണത്തിൽ അർണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടി.വി മാപ്പുപറഞ്ഞു. 2025 മെയ് 15-ന് റിപബ്ലിക് ടിവി തങ്ങളുടെ പ്രൈം ടൈം ഷോയിലാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസിന് തുർക്കിയിൽ രജിസ്റ്റർ ചെയ്ത ഓഫീസ് ഉണ്ടെന്ന് റിപ്പബ്ലിക് ടി.വി അവകാശപ്പെട്ടത്. എഡിറ്റർ-ഇൻ-ചീഫ് അർണബ് ഗോസ്വാമി, ഇസ്താംബുൾ കോൺഗ്രസ് സെന്റർ എന്ന കെട്ടിടത്തിന്റെ ചിത്രം കാണിച്ച്, ഇത് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഓഫീസാണെന്ന് വാദിച്ചു. എന്നാൽ, നിരവധി ഫാക്ട് ചെക്കർമാർ ഇത് തെറ്റാണെന്ന് തെളിയിച്ചതോടെയാണ് സമൂഹമാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ച കുറിപ്പിൽ റിപ്പബ്ലിക് ടി.വി മാപ്പുപറഞ്ഞത്.
പഹൽഗാം ഭീകരാക്രമണത്തെ തുടർന്നുണ്ടായ ഇന്ത്യ-പാകിസ്താൻ സംഘർഷത്തിൽ പാകിസ്താന്റെ പക്ഷം ചേർന്ന തുർക്കിക്കെതിരെ രാജ്യത്ത് പൊതുവികാരം ശക്തമാണ്. വിവിധ മേഖലകളിൽ തുർക്കിയുമായുള്ള സഹകരണം അവസാനിപ്പിക്കുന്നതിനിടെയാണ് കോൺഗ്രസിന് തുർക്കിയിൽ ഓഫീസ് ഉണ്ടെന്ന് അർണബ് ഗോസ്വാമി വ്യാജപ്രചരണം നടത്തിയത്.
2019-ൽ തുർക്കിയിൽ ഓഫീസ് തുറക്കാനുള്ള ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്റെ പ്രഖ്യാപനവും ഇസ്താംബൂൾ കോൺഗ്രസ് സെന്റർ കെട്ടിടത്തെയും ചേർത്തു കെട്ടിയാണ് കോൺഗ്രസിന് തുർക്കിയിൽ ഓഫീസുണ്ടെന്ന് അർണാബ് ഗോസ്വാമി വാദിച്ചത്. ‘ശത്രുവിന്റെ സുഹൃത്തും ശത്രുവാണെ’ന്നു പറഞ്ഞ അർണാബ് കോൺഗ്രസ് പാർട്ടിയെ ബഹിഷ്‌കരിക്കണമെന്നും നിരോധിക്കണമെന്നും ആവശ്യപ്പെട്ടു.
ഇസ്താംബുൾ കോൺഗ്രസ് സെന്റർ എന്നേ പേരിലുള്ള കെട്ടിടത്തിന് ഇന്ത്യൻ നാഷണൽ കോൺഗ്രസുമായി ബന്ധമില്ലെന്നും അത് ഇസ്താംബുൾ മെട്രോപൊളിറ്റൻ മുനിസിപ്പാലിറ്റിക്ക് കീഴിലുള്ള ഒരു കൺവെൻഷൻ സെന്ററാണെന്നുമാണ് പ്രമുഖ ഫാക്ട് ചെക്കിങ് വെബ്‌സൈറ്റായ ആൾട്ട്‌ന്യൂസ് കണ്ടെത്തിയത്.
പ്രൈം ടൈമിൽ തെറ്റായ ചിത്രം ഉപയോഗിച്ചത് സാങ്കേതിക പിഴവ് മൂലമാണെന്നും മാപ്പു പറയുന്നതായും ചാനൽ വ്യക്തമാക്കി. വീഡിയോ എഡിറ്റർക്ക് പറ്റിയ സാങ്കേതിക പിഴവാണ് തെറ്റായ ചിത്രം ഉപയോഗിക്കാൻ കാരണമായതെന്നും തെറ്റ് ശ്രദ്ധയിൽ പെട്ടപ്പോൾ തന്നെ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ നിന്നടക്കം പിൻവലിച്ചിരുന്നുവെന്നും കുറിപ്പിൽ പറയുന്നു. അർണാബ് ഗോസ്വാമിയുടെ ആരോപണം ഏറ്റെടുത്ത് ബി.ജെ.പി ഐ.ടി സെൽ മേധാവി അമിത് മാൽവിയ കോൺഗ്രസിനെതിരെ പ്രചരണം ആരംഭിച്ചിരുന്നു.
2019-ൽ തുർക്കിയിൽ ഓഫീസ് തുറക്കാനുള്ള ഓവർസീസ് കോൺഗ്രസിന്റെ തീരുമാനത്തെപ്പറ്റി പിന്നീട് വിവരമൊന്നും ഉണ്ടായിട്ടില്ലെന്നും ആൾട്ട്‌ന്യൂസ് റിപ്പോർട്ടിൽ പറയുന്നു. അതേസമയം, ബിജെപിയുടെ ഓവർസീസ് ഫ്രണ്ട്‌സ് ഓഫ് ബിജെപി (ഒ.എഫ്.ബി.ജെ.പി) തുർക്കിയിലടക്കം യൂണിറ്റുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും, മുതിർന്ന ബി.ജെ.പി നേതാവ് വിജയ് ജോളി തുർക്കി പ്രസിഡണ്ട് ത്വയ്യിബ് ഉർദുഗാൻ താമരചിത്രമുള്ള സ്‌കാർഫ് നൽകിയതായും വാർത്തകളുണ്ട്.