ചികിത്സ ലഭിക്കാതെ ഇസ്രായില്‍ ജയിലിൽ വെച്ച് ഫലസ്തീൻ യുവാവ് മരിച്ചു. യാതൊരു കുറ്റവും ചുമത്താതെ ഇസ്രായില്‍ സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്ത 22 കാരനായ അഹ്മദ് ഖദൈറാത്ത് ആണ് മരിച്ചത്. 2024 മെയ് 23 മുതല്‍ അഹ്മദ് ഖദൈറാത്ത് തടവിലായിരുന്നു. 2023 ഒക്ടോബര്‍ 7 മുതല്‍ ഇസ്രായില്‍ ജയിലുകളില്‍ മരിക്കുന്ന 78-ാമത്തെ തടവുകാരനാണ് അഹ്മദ് ഖദൈറാത്ത്. ആരോഗ്യനില പാടെ വഷളായതിനെ തുടര്‍ന്ന് യുവാവിനെ ജയിലില്‍ നിന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും അവിടെ വെച്ച് മരിക്കുകയായിരുന്നു. അഹ്മദ് ഖദൈറാത്ത് മതിയായ ചികിത്സയും വൈദ്യപരിചരണവും ലഭിക്കാതെ ഇസ്രായില്‍ ജയിലില്‍ മരിച്ചതായി ഫലസ്തീന്‍ ഗവണ്‍മെന്റിനു കീഴിലെ ഡീറ്റെയ്‌നീസ് ആന്റ് എക്‌സ്-ഡീറ്റെയ്‌നീസ് അഫയേഴ്‌സ് കമ്മിറ്റിയും സര്‍ക്കാരിതര ഫലസ്തീന്‍ പ്രിസണേഴ്‌സ് സൊസൈറ്റിയുമാണ് അറിയിച്ചത്.
ഇസ്രായില്‍ ജയില്‍ വെച്ച് അധികൃതർ മനപ്പൂർവ്വം അദ്ദേഹത്തെ അവഗണിച്ചതായുള്ള ആരോപണവും ഉയരുന്നുണ്ട്. ജയിലില്‍ അടക്കുന്നതിന് മുമ്പ് അഹ്മദ് ഖദൈറാത്തിന് പ്രമേഹമുണ്ടായിരുന്നു. കുപ്രസിദ്ധമായ നെഗേവ് ജയിലില്‍ കടുത്ത സാഹചര്യത്തില്‍ കഴിയുമ്പോള്‍ യുവാവിന് ചൊറി പിടിപെട്ടു. വിശപ്പ്, രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയല്‍, 40 കിലോഗ്രാം ഭാരം കുറയല്‍ എന്നിവ അടക്കം തടവില്‍ കഴിയുന്നതിനിടെ യുവാവിന്റെ ആരോഗ്യം വഷളാവുകയായിരുന്നെന്ന് പ്രിസണേഴ്സ് സൊസൈറ്റി പറഞ്ഞു.
വിചാരണ കൂടാതെ ഫലസ്തീനികളെ ആറു മാസം വരെ ജയിലില്‍ അടക്കാന്‍ അനുവദിക്കുന്ന പഴയ ബ്രിട്ടീഷ് നിയമം ഉപയോഗിച്ച് ഖദൈറാത്തിനെ അഡ്മിനിസ്‌ട്രേറ്റീവ് തടങ്കലിലാണ് വെച്ചിരുന്നത്. ഈ നിയമം ഇസ്രായിലി അധികൃതര്‍ക്ക് കുറ്റം ചുമത്താതെയും വിചാരണ കൂടാതെയും ആളുകളെ ആറ് മാസത്തേക്ക് തടവിലാക്കാന്‍ അധികാരം നല്‍കുന്നു. ഈ കാലയളവ് അനിശ്ചിതമായി പുതുക്കാവുന്നതുമാണ്. ദക്ഷിണ വെസ്റ്റ് ബാങ്കിലെ ഹെബ്രോണിന് തെക്കുപടിഞ്ഞാറ് 22 കിലോമീറ്റര്‍ ദൂരെ സ്ഥിതി ചെയ്യുന്ന അല്‍ദാഹിരിയ നഗരത്തിലാണ് അഹ്മദ് ഖദൈറാത്ത് താമസിച്ചിരുന്നത്.
ഇസ്രായിലി ജയിലുകളിലും തടങ്കല്‍ കേന്ദ്രങ്ങളിലുമായി 400 കുട്ടികളും 53 സ്ത്രീകളും അടക്കം ആകെ 11,100 ആളുകളാണ് ഉള്ളത്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 1,600 കുട്ടികളും 595 സ്ത്രീകളും ഉള്‍പ്പെടെ 20,000 ലേറെ ഫലസ്തീനികളെ ഇസ്രായില്‍ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് ഇസ്രായേല്‍ ജയിലുകളിലെ ഫലസ്തീന്‍ തടവുകാരുടെ കാര്യങ്ങള്‍ നിരീക്ഷിക്കുന്ന ഫലസ്തീന്‍ സംഘടനകള്‍ പറഞ്ഞു. ഇസ്രായില്‍ സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്ത് തടങ്കലില്‍ വെച്ചവരും പിന്നീട് മോചിപ്പിച്ചവരും ഈ കണക്കുകളില്‍ ഉള്‍പ്പെടുന്നു. ഗാസയില്‍ നിന്ന് നടത്തിയ ആയിരക്കണക്കിന് അറസ്റ്റുകളും 1948 ല്‍ ഇസ്രായില്‍ കൈവശപ്പെടുത്തിയ പ്രദേശങ്ങളില്‍ നിന്ന് നടത്തിയ അറസ്റ്റുകളുമായി ബന്ധപ്പെട്ട ഡാറ്റയും ഈ കണക്കില്‍ ഉള്‍പ്പെടുന്നില്ലെന്ന് ഫലസ്തീന്‍ സംഘടനകള്‍ പ്രസ്താവനയില്‍ പറഞ്ഞു. 2025 ഒക്ടോബര്‍ ആദ്യത്തെ കണക്കുകള്‍ പ്രകാരം ഇസ്രായിലി ജയിലുകളിലെ ആകെ ഫലസ്തീന്‍ തടവുകാരുടെ എണ്ണം 11,100 കവിഞ്ഞതായി ഔദ്യോഗിക ഫലസ്തീന്‍ സ്ഥിതിവിവരക്കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇസ്രായിലി സൈനിക ക്യാമ്പുകളില്‍ തടവിലാക്കപ്പെട്ടവരും ഈ കണക്കില്‍ ഉള്‍പ്പെടുന്നില്ല.