കറാച്ചി– പാകിസ്താനി നടിയും മോഡലുമായ ഹുമൈറ അസ്ഗറിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോർട്ട് പുറത്ത്. കറാച്ചിയിലെ ഫ്ലാറ്റില്‍ മരിച്ച നിലയിൽ ഹുമൈറയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഒന്‍പത് മാസം മുന്‍പ് മരണം സംഭവിച്ചുവെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോർട്ട് സൂചിപ്പിക്കുന്നത്. കണ്ടെത്തുമ്പോൾ മൃതദേഹം ചീഞ്ഞഴുകിയ നിലയിലായിരുന്നു. മാസങ്ങളായി വീട്ടുവാടക നല്‍കാത്തതിനാൽ ഫ്ലാറ്റുടമ പോലീസില്‍ പരാതിപ്പെട്ടതിന് പിന്നാലെ, പോലീസ് സ്ഥലത്തെത്തി പരിശോധിച്ചതിനെത്തുടർന്നാണ് താരത്തിന്‍റെ മൃതദേഹാവശിഷ്ടം കണ്ടെത്തിയത്.
ഹുമൈറയുടെ മൃതദേഹാവശിഷ്ടങ്ങള്‍ ഏറ്റുവാങ്ങാന്‍ കുടുംബം ആദ്യം വിസമ്മതിച്ചതായി പോലീസ് പറഞ്ഞു. പിന്നീട് താരത്തിന്റെ സഹോദരന്‍ നവീദ് അസ്ഗര്‍ കറാച്ചിയിലെത്തി മൃതദേഹം ഏറ്റെടുക്കുകയായിരുന്നു. ഡിഎന്‍എ പരിശോധന നടത്തി മൃതദേഹം ഹുമൈറയുടേതെന്ന് തന്നെ ഉറപ്പിക്കുകയായിരുന്നു.
2024 ഒക്ടോബര്‍ 24നാണ് ഹുമൈറയുടെ ഫോണ്‍ അവസാനമായി ഉപയോഗിക്കപ്പെട്ടതെന്നും പോലീസ് കണ്ടെത്തി. സെപ്റ്റംബറിലോ ഒക്ടോബറിലോ മറ്റോ ആണ് താരത്തെ അവസാനമായി കണ്ടതെന്ന് അയല്‍വാസികളും സൂചിപ്പിച്ചു. ബില്ലടയ്ക്കാതിരുന്നതിനെ തുടര്‍ന്ന് ഹുമൈറയുടെ ഫ്ലാറ്റിലേക്കുള്ള വൈദ്യുതി ബന്ധം 2024 ഒക്ടോബറില്‍ വിച്ഛേദിച്ചിരുന്നു. അടുക്കളയില്‍ മിക്സിയുടെ ജാര്‍ തുരുമ്പിച്ചിരിക്കുന്ന നിലയിലാണ് കണ്ടെത്തിയത്. പുറത്ത് ഇരുന്ന ഭക്ഷണത്തിന് ആറുമാസത്തെയെങ്കിലും പഴക്കമുണ്ടെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
ഏഴു വര്‍ഷം മുന്‍പ് ലഹോറില്‍ നിന്നും കറാച്ചിയിലേക്ക് ഹുമൈറ താമസം മാറിയിരുന്നുവെന്നും കുടുംബവുമായി വലിയ ബന്ധം സൂക്ഷിച്ചിരുന്നില്ലെന്നുമാണ് സഹോദരന്‍ പോലീസിനോട് പറഞ്ഞത്. ഒന്നര വര്‍ഷത്തോളമായി അവർക്ക് വീടുമായി ബന്ധമുണ്ടായിരുന്നില്ല എന്നും സഹോദരൻ പറഞ്ഞു. ഹുമൈറ മരിച്ചുവെന്ന് പോലീസ് അറിയിച്ചപ്പോള്‍, അത്യാവശ്യമുണ്ടെങ്കില്‍ നിങ്ങള്‍ തന്നെ മറവ് ചെയ്തോളൂ എന്നായിരുന്നു ഹുമൈറയുടെ പിതാവിന്റെ പ്രതികരണമെന്ന് പോലീസ് വെളിപ്പെടുത്തി. പിന്നീട് സംഭവം വലിയ വാർത്ത ആയതോടെ സഹോദരൻ കറാച്ചിയിൽ എത്തി മൃതദേഹം ഏറ്റെടുക്കുകയായിരുന്നു.