തിരുവനന്തപുരം– മൂന്ന് പതിറ്റാണ്ടിലധികം നീണ്ട നിയമനടപടികൾക്കും വിവാദങ്ങൾക്കും ഒടുവിൽ തൊണ്ടിമുതൽ തിരിമറിക്കേസിൽ മുൻ മന്ത്രിയും എംഎൽഎയുമായ ആന്റണി രാജു കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. 1990-ൽ നടന്ന ലഹരിമരുന്ന് കേസിലെ പ്രതിയെ രക്ഷിക്കാൻ കോടതിയിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലിൽ കൃത്രിമം കാട്ടിയെന്ന കേസിലാണ് നെടുമങ്ങാട് ജുഡീഷ്യൽ ഫസ്‌റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയുടെ നിർണായക വിധി.
1990 ഏപ്രിൽ 4-ന് തിരുവനന്തപുരം വിമാനത്താവളത്തിൽ അടിവസ്ത്രത്തിൽ ഒളിപ്പിച്ച് ലഹരിമരുന്നുമായി എത്തിയ ഓസ്ട്രേലിയൻ പൗരൻ ആൻഡ്രൂ സാൽവദോറിനെ പിടികൂടിയതാണ് കേസിനാസ്പദമായ സംഭവം. ഈ കേസിൽ പ്രതിയുടെ അഭിഭാഷകയുടെ ജൂനിയറായിരുന്നു ആന്റണി രാജു. കോടതിയിൽ തൊണ്ടിമുതലായി സൂക്ഷിച്ചിരുന്ന അടിവസ്ത്രം കോടതി ക്ലർക്കിന്റെ സഹായത്തോടെ പുറത്തെടുത്ത്, വെട്ടിത്തയ്ച്ച് ചെറുതാക്കി തിരികെ വെച്ചുവെന്നാണ് പ്രോസിക്യൂഷൻ കേസ്. വിചാരണ വേളയിൽ ഈ അടിവസ്ത്രം പ്രതിക്ക് പാകമാകാതെ വന്നതോടെ, തൊണ്ടിമുതലിലെ അവ്യക്തത ചൂണ്ടിക്കാട്ടി ഹൈക്കോടതി വിദേശിയെ വെറുതെ വിട്ടിരുന്നു.
കേസിൽ നിന്നും രക്ഷപ്പെട്ട ആൻഡ്രൂ സാൽവദോർ പിന്നീട് മറ്റൊരു കേസിൽ ജയിലിലായപ്പോൾ സഹതടവുകാരനോട് നടത്തിയ വെളിപ്പെടുത്തലാണ് നിർണായകമായത്. തൊണ്ടിമുതലിൽ കൃത്രിമം കാട്ടിയാണ് താൻ രക്ഷപ്പെട്ടതെന്ന വിവരം പുറത്തായതോടെ 1994-ൽ പോലീസ് കേസെടുത്തു. കോടതി ജീവനക്കാരനായ കെ.എസ്. ജോസിനെ ഒന്നാം പ്രതിയാക്കിയും, ആന്റണി രാജുവിനെ രണ്ടാം പ്രതിയാക്കിയും കുറ്റപത്രം സമർപ്പിച്ചു.
കുറ്റപത്രം സമർപ്പിക്കാൻ തന്നെ 13 വർഷമെടുത്ത കേസ്, മുപ്പതിലധികം തവണയാണ് മാറ്റിവെച്ചത്. വിചാരണ വൈകുന്നതിനെതിരെ മാധ്യമപ്രവർത്തകനായ അനിൽ ഇമ്മാനുവൽ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് കേസിന് വീണ്ടും ജീവൻ വെച്ചത്. വഞ്ചനാക്കുറ്റം കൂടി ചുമത്തി വിചാരണ വേഗത്തിലാക്കാൻ കോടതി നിർദ്ദേശിച്ചു. കേസ് റദ്ദാക്കാൻ ആന്റണി രാജു സുപ്രീം കോടതിയെ വരെ സമീപിച്ചെങ്കിലും, ഒരു വർഷത്തിനകം വിചാരണ പൂർത്തിയാക്കാൻ സുപ്രീം കോടതി ഉത്തരവിടുകയായിരുന്നു. കേസിൽ 29 സാക്ഷികളുണ്ടായിരുന്നെങ്കിലും 19 പേരെയാണ് വിസ്തരിച്ചത്. ശിക്ഷാവിധി സംബന്ധിച്ച വാദം കോടതി പിന്നീട് കേൾക്കും.



