ദോഹ– ഏകദിന സന്ദർശനത്തിനായി ഖത്തറിൽ എത്തിയ കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഖത്തർ അന്താരാഷ്ട്ര സഹകരണ സഹമന്ത്രി ഡോ. മറിയം ബിൻത് അലി ബിൻ നാസർ അൽ മിസ്‌നാദുമായി കൂടിക്കാഴ്ച നടത്തി. മാനുഷിക, ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഖത്തർ നടത്തുന്ന ശ്രമങ്ങൾക്കും, ഇന്ത്യയ്ക്കും ഖത്തറിൽ താമസിക്കുന്ന കേരളീയ സമൂഹത്തിന് വിശേഷിച്ചും നൽകുന്ന പിന്തുണയ്ക്കും അംഗീകാരത്തിനും മുഖ്യമന്ത്രി പിണറായി വിജയൻ ഖത്തർ ഭരണകൂടത്തിന് നന്ദി അറിയിച്ചു.
ഇരുരാജ്യങ്ങൾക്കിടയിലുള്ള മാനുഷിക, വികസന പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനും വർദ്ധിപ്പിക്കുന്നതിനെ കുറിച്ചും മുഖ്യമന്ത്രി ഖത്തർ സഹമന്ത്രിയുമായി സംസാരിച്ചു. കേരള-ഖത്തര്‍ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനെ കുറിച്ചും നിക്ഷേപ അവസരങ്ങളും ഉഭയകക്ഷി സഹകരണവുമായി ബന്ധപ്പെട്ട വിഷയങ്ങളും ചര്‍ച്ചയിൽ ഉൾപ്പെടുത്തി.
കേരളത്തിലെ വ്യവസായ സാധ്യതകളും നിക്ഷേപക സൗഹൃദ നയങ്ങളും ഖത്തറിലെ ബിസിനസ് മേഖലയില്‍ കേരളത്തിലെ സംരംഭകര്‍ക്ക് ലഭ്യമായ അവസരങ്ങളെ കുറിച്ചും ഇരുവരും സംസാരിച്ചു.


ഖത്തര്‍-ഇന്ത്യ ബന്ധത്തിലെ കേരള നിക്ഷേപ സാധ്യതകളെക്കുറിച്ച് ഖത്തർ സഹകരണ സഹമന്ത്രി പ്രത്യേക താത്പര്യം പ്രകടിപ്പിച്ചുട്ടുണ്ട്. ശക്തമായ സാമ്പത്തിക-സാംസ്‌കാരിക ബന്ധങ്ങള്‍ ഇരുരാജ്യങ്ങള്‍ക്കിടയിലുള്ള സഹകരണത്തെ പരസ്പര ഗുണം ചെയ്യുമെന്നും അവര്‍ വ്യക്തമാക്കി.
ഫിഷറീസ്, സാംസ്കാരിക, യുവജനകാര്യ മന്ത്രി സജി ചെറിയാൻ, കേരള ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, ഖത്തറിലെ ഇന്ത്യൻ അംബാസഡർ വിപുല്‍, വ്യവസായ പ്രമുഖനും നോർക്ക റൂട്ട്സ് ഡയറക്ടറുമായ ജെ കെ മേനോൻ തുടങ്ങിയവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.



