ഗാസ സിറ്റി– അഭയാര്‍ഥി ക്യാമ്പായി മാറ്റിയ സ്‌കൂളിനു നേരെ ഇസ്രായില്‍ സൈന്യം നടത്തിയ ഷെല്ലാക്രമണത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടതായി ഗാസ സിവില്‍ ഡിഫന്‍സ് ഏജന്‍സി അറിയിച്ചു. ഗാസ നഗരത്തിന് കിഴക്ക് തുഫാഹ് ഡിസ്ട്രിക്ടിലുള്ള ശുഹദാ ഗാസ സ്‌കൂളിനു നേരെയാണ് ഇസ്രായില്‍ ആക്രമണം നടത്തിയത്.
സംശയാസ്പദമായ ആളുകള്‍ക്കു നേരെയാണ് വെടിയുതിര്‍ത്തതെന്നാണ് ഇസ്രായില്‍ സൈന്യം പറഞ്ഞത്. വടക്കന്‍ ഗാസ മുനമ്പിലെ യെല്ലോ ലൈനിനു സമീപം സംശയാസ്പദമായ ഏതാനും വ്യക്തികളെ തിരിച്ചറിഞ്ഞ് ഭീഷണി ഇല്ലാതാക്കാന്‍ നിറയൊഴിക്കുകയായിരുന്നെന്ന് സൈന്യം വ്യക്തമാക്കി. യു.എസ് മധ്യസ്ഥതയില്‍ ഗാസയില്‍ ഇസ്രായിലും ഹമാസും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാര്‍ പ്രകാരം, ഇസ്രായില്‍ സൈന്യം യെല്ലോ ലൈനിന് കിഴക്കുള്ള സ്ഥാനങ്ങളിലേക്ക് പിന്‍വാങ്ങി. പ്രദേശത്ത് ആളപായമുണ്ടായെന്ന അവകാശവാദത്തെ കുറിച്ച് അറിയാമെന്നും വിശദാംശങ്ങള്‍ പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നും സൈന്യം അറിയിച്ചു. ഭീകരപ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടാത്ത വ്യക്തികള്‍ക്ക് എന്തെങ്കിലും ദോഷം സംഭവിച്ചതില്‍ ഇസ്രായില്‍ സൈന്യം ഖേദിക്കുന്നു. സാധ്യമായത്രയും നാശനഷ്ടങ്ങള്‍ ലഘൂകരിക്കാന്‍ തങ്ങള്‍ പ്രവര്‍ത്തിക്കുന്നതായും സൈന്യം പറഞ്ഞു.
ഒക്ടോബറില്‍ പ്രാബല്യത്തില്‍ വന്ന വെടിനിര്‍ത്തല്‍ ലംഘിക്കുന്നതായി ഇസ്രായിലും ഹമാസും പരസ്പരം ആരോപിക്കുന്നുണ്ട്. ഒക്ടോബര്‍ 10 ന് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്ന ശേഷം ഇസ്രായില്‍ നടത്തിയ ആക്രമണങ്ങളില്‍ കുറഞ്ഞത് 395 ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി ഹമാസ് നിയന്ത്രണത്തിലുള്ള ഗാസയിലെ ആരോഗ്യ മന്ത്രാലയം വ്യാഴാഴ്ച അറിയിച്ചു. വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍വന്ന ശേഷം പ്രദേശത്ത് മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടതായും ഇസ്രായില്‍ സൈന്യം റിപ്പോര്‍ട്ട് ചെയ്തു.



