മുംബൈ – മഹാരാഷ്ട്രയിലെ നവി മുംബൈയിലെ ഫ്ലാറ്റിലുണ്ടായ തീപിടിത്തത്തിൽ മൂന്ന് മലയാളികൾ ഉൾപ്പെടെ നാലു പേർ മരിച്ചു. മരിച്ച മൂന്നു മലയാളികളും ഒരു കുടുംബത്തിലെ അംഗമാണ്. തിരുവനന്തപുരം സ്വദേശിയായ സുന്ദര്‍ ബാലകൃഷ്ണന്‍ (44), ഭാര്യ പൂജാ രാജന്‍ (39), മകള്‍ വേദിക (6) ,മഹാരാഷ്ട്ര സ്വദേശിയായ കമല ഹിരാൽ ജെയിൻ എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെ 12:40-ഓടെയാണ് അപകടമുണ്ടായത്. സംഭവത്തിൽ പരിക്കേറ്റ 11 പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും അധികൃതർ അറിയിച്ചു.
ഷോർട്ട് സർക്യൂട്ട് മൂലം എസിയുടെ കംപ്രസര്‍ പൊട്ടിത്തെറിച്ചു എന്നതാണ് പ്രാഥമിക നിഗമനം. വാഷിയിലെ എംജി കോംപ്ലക്സിലാണ് തീപിടിത്തമുണ്ടായത്. ഫ്ലാറ്റിന്റെ 10-ാം നിലയിൽ ഉണ്ടായ തീപിടിത്തം 11,12 നിലകളിലേക്ക് വ്യാപിക്കുകയായിരുന്നു.
തീ പടർന്നതോടെ മലയാളി കുടുംബം ഫ്ലാറ്റിനുള്ളിൽ കുടുങ്ങി. അഗ്നിശമന സേനാംഗങ്ങൾ രക്ഷാപ്രവർത്തനം നടത്തി നിരവധി പേരെ പുറത്തെത്തിച്ചെങ്കിലും ഇവരെ രക്ഷിക്കാനായില്ല. ഏകദേശം മൂന്ന് മണിക്കൂറുകളുടെ പരിശ്രമത്തിനൊടുവിലാണ് തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കിയത്.



