ജിദ്ദ – ഇസ്രായിലിലെ യു.എസ് അംബാസഡര്‍ മൈക്ക് ഹക്കബി നടത്തിയ പ്രസ്താവനകളെ അറബ്, ഇസ്‌ലാമിക് രാജ്യങ്ങളുടെ വിദേശ മന്ത്രാലയങ്ങള്‍ സംയുക്ത പ്രസ്താവനയില്‍ ശക്തമായി അപലപിക്കുകയും ഗുരുതരമായ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു. സൗദി അറേബ്യ, ജോര്‍ദാന്‍, യു.എ.ഇ, ഖത്തര്‍, ഇന്തോനേഷ്യ, പാകിസ്ഥാന്‍, ഈജിപ്ത്, തുര്‍ക്കി, സിറിയ, ഫലസ്തീന്‍, കുവൈത്ത്, ലെബനോന്‍, ഒമാന്‍, ബഹ്റൈന്‍, ഗള്‍ഫ് സഹകരണ കൗണ്‍സില്‍, അറബ് ലീഗ്, ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോ-ഓപ്പറേഷന്‍ എന്നിവയാണ് ഹക്കബിയുടെ പ്രസ്താവനകളെ സംയുക്തമായി അപലപിച്ചത്. അധിനിവിഷ്ട വെസ്റ്റ് ബാങ്ക് ഉള്‍പ്പെടെ അറബ് രാജ്യങ്ങളുടെ പ്രദേശങ്ങളില്‍ ഇസ്രായിലിന്റെ ആധിപത്യം അംഗീകരിക്കുന്നതായി ഹക്കബി പ്രസ്താവിക്കുകയായിരുന്നു. അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകന്‍ ടക്കര്‍ കാള്‍സണിന് നല്‍കിയ അഭിമുഖത്തിലാണ് ഇസ്രായിലിന് മുഴുവന്‍ മിഡില്‍ ഈസ്റ്റിലും ആധിപത്യം സ്ഥാപിക്കാന്‍ അവകാശം ഉണ്ടെന്ന് ഇസ്രായിലിലെ യു.എസ് അംബാസഡര്‍ മൈക്ക് ഹക്കബി പറഞ്ഞത്.
നീണ്ട അഭിമുഖത്തില്‍, പഴയനിയമത്തിലെ വാഗ്ദത്ത ഭൂമിയുടെ ബൈബിള്‍, തോറ പ്രവചന വ്യാഖ്യാനത്തെ ആശ്രയിച്ചാണ് ഹക്കബി വിവാദ പരാമര്‍ശം നടത്തിയത്. നൈല്‍ നദി മുതല്‍ യൂഫ്രട്ടീസ് നദി വരെയുള്ള വിശാലമായ പ്രദേശങ്ങളില്‍ ആധിപത്യം സ്ഥാപിക്കാന്‍ ഇസ്രായിലിന് തോറ അവകാശം ഉണ്ടെന്ന് അദ്ദേഹം വാദിച്ചു. മേഖല മുഴുവന്‍ ഇസ്രായില്‍ നിയന്ത്രിക്കുകയാണെങ്കില്‍ അത് നല്ലതും സ്വീകാര്യവും ആയിരിക്കുമെന്നും യു.എസ് അംബാസഡര്‍ കൂട്ടിച്ചേര്‍ത്തു.
അന്താരാഷ്ട്ര നിയമത്തിന്റെ തത്വങ്ങളുടെയും യു.എന്‍ ചാര്‍ട്ടറിന്റെയും നഗ്‌നമായ ലംഘനവും മേഖലയുടെ സുരക്ഷക്കും സ്ഥിരതക്കും ഗുരുതരമായ ഭീഷണി ഉയര്‍ത്തുന്നതുമായ അത്തരം അപകടകരവും പ്രകോപനപരവുമായ പ്രസ്താവനകളെ തങ്ങളുടെ രാജ്യങ്ങള്‍ വ്യക്തമായി നിരാകരിക്കുന്നതായി വിദേശ മന്ത്രാലയങ്ങള്‍ വ്യക്തമാക്കി. സംഘര്‍ഷം നിയന്ത്രിക്കുന്നതിലും ഫലസ്തീന്‍ ജനതക്ക് അവരുടെ സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കുന്നത് ഉറപ്പുനല്‍കുന്ന സമഗ്രമായ ഒരു ഒത്തുതീര്‍പ്പിനായി രാഷ്ട്രീയ ചക്രവാളം സൃഷ്ടിക്കുന്നതിലും അധിഷ്ഠിതമായ, സഹിഷ്ണുതയുടെയും സമാധാനപരമായ സഹവര്‍ത്തിത്വത്തിന്റെയും മൂല്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന, യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നോട്ടുവച്ച ദര്‍ശനത്തിനും ഗാസയിലെ സംഘര്‍ഷം അവസാനിപ്പിക്കാനുള്ള സമഗ്ര പദ്ധതിക്കും ഈ പ്രസ്താവനകള്‍ വിരുദ്ധമാണ്.
മറ്റുള്ളവരുടെ ഭൂമിയിലെ ആധിപത്യം നിയമാനുസൃതമാക്കാന്‍ ശ്രമിക്കുന്ന ഏതൊരു പ്രസ്താവനയും ഈ ലക്ഷ്യങ്ങളെ ദുര്‍ബലപ്പെടുത്തുകയും പിരിമുറുക്കങ്ങള്‍ക്ക് ഇന്ധനമാവുകയും സമാധാനത്തിന് സംഭാവന നല്‍കുന്നതിനു പകരം പ്രകോപനം സൃഷ്ടിക്കുകയും ചെയ്യും. അധിനിവിഷ്ട ഫലസ്തീന്‍ പ്രദേശത്തോ മറ്റ് ഏതെങ്കിലും അധിനിവിഷ്ട അറബ് പ്രദേശങ്ങളിലോ ഇസ്രായിലിന് പരമാധികാരമില്ലെന്നും ഇവർ പറഞ്ഞു.
വെസ്റ്റ് ബാങ്കിനെ ഇസ്രായിലില്‍ കൂട്ടിച്ചേക്കാനോ ഗാസ മുനമ്പില്‍ നിന്ന് വേര്‍പെടുത്താനോ ഉള്ള ഏതൊരു ശ്രമത്തെയും തങ്ങള്‍ പൂര്‍ണ്ണമായി നിരാകരിക്കുന്നു. അധിനിവിഷ്ട ഫലസ്തീന്‍ പ്രദേശത്ത് ജൂതകുടിയേറ്റ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിനെ ശക്തമായി എതിര്‍ക്കും. അറബ് രാജ്യങ്ങളുടെ പരമാധികാരത്തിന് നേരെയുള്ള ഏതൊരു ഭീഷണിയെയും വ്യക്തമായി നിരാകരിക്കുന്നു. ഇസ്രായിലിന്റെ തുടര്‍ച്ചയായ വിപുലീകരണ നയങ്ങളും നിയമവിരുദ്ധ നടപടികളും മേഖലയില്‍ കൂടുതല്‍ അക്രമത്തിനും സംഘര്‍ഷത്തിനും ആക്കം കൂട്ടുകയും സമാധാന സാധ്യതകളെ ദുര്‍ബലപ്പെടുത്തുകയും ചെയ്യും. പ്രകോപനപരമായ ഇത്തരം പ്രസ്താവനകള്‍ അവസാനിപ്പിക്കണം. ഫലസ്തീന്‍ ജനതയുടെ സ്വയം നിര്‍ണ്ണയാവകാശത്തിനും 1967 ജൂണ്‍ 4 ലെ അതിര്‍ത്തികള്‍ക്കുള്ളില്‍ സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കാനുമുള്ള അവരുടെ അനിഷേധ്യമായ അവകാശത്തോടും, എല്ലാ അധിനിവിഷ്ട അറബ് പ്രദേശങ്ങളിലെയും അധിനിവേശം അവസാനിപ്പിക്കുന്നതിനോടുമുള്ള തങ്ങളുടെ രാജ്യങ്ങളുടെ അചഞ്ചലമായ പ്രതിബദ്ധത വിദേശ മന്ത്രാലയങ്ങള്‍ സംയുക്ത പ്രസ്താവനയില്‍ സ്ഥിരീകരിച്ചു.
മുഴുവന്‍ മിഡില്‍ ഈസ്റ്റിലും ഇസ്രായിലിന്റെ ആധിപത്യം സ്വീകാര്യമാണെന്ന് വീണ്ടുവിചാരമില്ലാതെ വ്യക്തമാക്കി ഇസ്രായിലിലെ യു.എസ് അംബാസഡര്‍ നടത്തിയ പ്രസ്താവനകളെ സൗദി വിദേശ മന്ത്രാലയം പ്രത്യേക പ്രസ്താവനയില്‍ ശക്തമായി അപലപിച്ചു. അന്താരാഷ്ട്ര നിയമം, യു.എന്‍ ചാര്‍ട്ടര്‍, നയതന്ത്ര മാനദണ്ഡങ്ങള്‍ എന്നിവയുടെ ലംഘനമായ ഈ നിരുത്തരവാദപരമായ പ്രസ്താവനകളെ സൗദി അറേബ്യ വ്യക്തമായി നിരസിക്കുന്നു. ഒരു യു.എസ് ഉദ്യോഗസ്ഥന്റെ ഭാഗത്തു നിന്ന് ആദ്യമായാണ് അത്തരം അപകടകരമായ പ്രസ്താവനകള്‍ പുറത്തുവരുന്നത്. മേഖലയിലെ രാജ്യങ്ങള്‍ക്കും അമേരിക്കക്കും ഇടയിലുള്ള വേറിട്ട ബന്ധങ്ങളോടുള്ള അവഗണന ഇത് പ്രകടമാക്കുന്നുവെന്ന് സൗദി വ്യക്തമാക്കി.
ഈ തീവ്രവാദ നിര്‍ദേശം ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുകയും, മേഖലയിലെ രാജ്യങ്ങളോടും ജനങ്ങളോടും ശത്രുത വളര്‍ത്തുന്നതിലൂടെയും അന്താരാഷ്ട്ര ക്രമത്തിന്റെ അടിത്തറയെ തകര്‍ക്കുന്നതിലൂടെയും ആഗോള സമാധാനത്തിനും സുരക്ഷക്കും ഭീഷണിയാകുകയും ചെയ്യുന്നു. മുന്‍കാലങ്ങളില്‍ ദശലക്ഷക്കണക്കിന് ആളുകളുടെ ജീവന്‍ അപഹരിച്ച രക്തരൂക്ഷിത യുദ്ധങ്ങള്‍ അവസാനിപ്പിക്കാനാണ് ലോകരാഷ്ട്രങ്ങള്‍ അന്താരാഷ്ട്ര ക്രമം അംഗീകരിച്ചത്. രാജ്യങ്ങളുടെ അതിര്‍ത്തികളോടും പരമാധികാരത്തോടുമുള്ള ബഹുമാനം അന്താരാഷ്ട്ര ക്രമത്തിന്റെ അടിസ്ഥാനമാണ്. സമാധാനപ്രിയരായ എല്ലാ രാജ്യങ്ങളും നിരാകരിക്കുന്ന ഈ നിര്‍ദേശത്തില്‍ യു.എസ് വിദേശ മന്ത്രാലയം നിലപാട് വ്യക്തമാക്കണെന്നും ഇവർ അഭിപ്രായപ്പെട്ടു.
രാജ്യങ്ങളുടെ പരമാധികാരം, അതിര്‍ത്തികള്‍, പ്രദേശിക സമഗ്രത എന്നിവയെ ലംഘിക്കുന്ന ഏതൊരു കാര്യത്തിനും എതിരായ നിലപാട് സൗദി അറേബ്യ ആവര്‍ത്തിക്കുന്നു. പശ്ചിമേഷ്യയില്‍ നീതിയുക്തവും സമഗ്രവുമായ സമാധാനത്തിലേക്കുള്ള ഏക മാര്‍ഗം ദ്വിരാഷ്ട്ര പരിഹാരത്തെ അടിസ്ഥാനമാക്കി അധിനിവേശം അവസാനിപ്പിക്കുകയും കിഴക്കന്‍ ജറൂസലം തലസ്ഥാനമായി 1967 ലെ അതിര്‍ത്തിക്കുള്ളില്‍ സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുകയുമാണെന്ന് സൗദി വിദേശ മന്ത്രാലയം പറഞ്ഞു.
ഇസ്രായിലിലെ യു.എസ് അംബാസഡര്‍ നടത്തിയ നിരുത്തരവാദപരവും അസ്വീകാര്യവുമായ പ്രസ്താവനകളെ ഗള്‍ഫ് സഹകരണ കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ ജാസിം മുഹമ്മദ് അല്‍ബുദൈവി നിരാകരിക്കുകയും അപലപിക്കുകയും ചെയ്തു. ഈ പ്രസ്താവനകള്‍ രാജ്യങ്ങളുടെ പരമാധികാരം, പ്രദേശിക സമഗ്രത, പൂര്‍ണ്ണ പരമാധികാരം എന്നിവ വ്യവസ്ഥ ചെയ്യുന്ന യു.എന്‍ ചാര്‍ട്ടറുകളുടെയും ഉടമ്പടികളുടെയും വ്യക്തമായ ലംഘനമാണ്. നിരുത്തരവാദപരവും അഭൂതപൂര്‍വവുമായ ഈ പ്രസ്താവനകള്‍ അമേരിക്കയുടെ നയങ്ങള്‍ക്കും, ഫലസ്തീന്‍ പ്രശ്‌നത്തിന് ശാശ്വതമായ പരിഹാരത്തിലെത്താനും സമാധാനമുണ്ടാക്കാനും അതുവഴി മേഖലയിലും ലോകത്തും സുരക്ഷയും സ്ഥിരതയും വര്‍ധിപ്പിക്കാനും ലക്ഷ്യമിട്ട് പ്രാദേശിക, അന്തര്‍ദേശീയ പങ്കാളികളുമായി ചേര്‍ന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അവതരിപ്പിച്ച ദര്‍ശനത്തിനും വിരുദ്ധമാണ്. അന്താരാഷ്ട്ര പ്രമേയങ്ങളുടെയും അറബ് സമാധാന സംരംഭത്തിന്റെയും അടിസ്ഥാനത്തില്‍, 1967 ജൂണ്‍ 4 ലെ അതിര്‍ത്തിക്കുള്ളില്‍ കിഴക്കന്‍ ജറൂസലം തലസ്ഥാനമാക്കി സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കാനും ഫലസ്തീന്‍ ജനതയെ പിന്തുണക്കാനുമുള്ള ജി.സി.സിയുടെ ഉറച്ച നിലപാടും പ്രതിബദ്ധതയും ജാസിം അല്‍ബുദൈവി വ്യക്തമാക്കി.



