ആപ്പിള്‍ ഫാന്‍സ് കാത്തിരിക്കുന്ന ഐഫോണ്‍ 16 അടുത്തമാസം ഒമ്പതിന് അവതരിപ്പിക്കാനിരിക്കുകയാണ്. പുതിയ ഐഫോണിനെ കുറിച്ച് ഒട്ടേറെ ഊഹങ്ങളും സൂചനകളുമാണ് ടെക് ലോകത്ത് പ്രചരിച്ചുകൊണ്ടിരിക്കുന്നത്. ഔദ്യോഗിക അവതരണത്തിനു മുമ്പ് ആപ്പിള്‍ തങ്ങളുടെ ഏറ്റവും പുതിയ ഉല്‍പ്പന്നങ്ങളെ കുറിച്ച് ഒരു വിവരവും പുറത്തുവിടാറില്ല. എങ്കിലും മാക് റൂമേഴ്‌സ് പോലുള്ള ആപ്പിളിന്റെ അടുക്കള വിശേഷങ്ങള്‍ ഒളിഞ്ഞു കേള്‍ക്കുന്ന ടെക്ക് ബ്ലോഗുകളില്‍ നിന്നാണ് നമുക്ക് സൂചനകള്‍ ലഭിക്കുക. ഏതായാലും ഐഫോണ്‍ 16, ഐഫോണ്‍ 16 പ്ലസ്, ഐഫോണ്‍ 16 പ്രോ, ഐഫോണ്‍ 16 പ്രോ മാക്‌സ് എന്നീ നാലു മോഡലുകളായാണ് പുതിയ ഐഫോണ്‍ എത്തുക എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇവയുടെ ഫീ്‌ച്ചറുകള്‍, വില, പ്രകടന മികവ് തുടങ്ങിയവെ കുറിച്ച് വിവിധ റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചനകള്‍ എന്തെല്ലാമാണെന്ന് നോക്കാം.
പുതിയ ഐഫോണ്‍ ഐഓഎസ് 18 പ്രീ-ഇന്‍സ്റ്റോള്‍ഡ് പതിപ്പുമായാണ് വിപണിയിലെത്തുക. ബീറ്റാ വേര്‍ഷനുകളില്‍ കാര്യമായ മാറ്റമൊന്നുമുണ്ടാട്ടില്ല എന്നതിനാല്‍ ഇതില്‍ സര്‍പ്രൈസായി ഒന്നുമില്ല. ഡിസ്‌പ്ലേയുടെ കാര്യമെടുത്താല്‍, ഐഫോണ്‍ 16ല്‍ 6.1 ഇഞ്ച് ഡിസ്‌പ്ലെ ആണ് പ്രതീക്ഷിക്കുന്നത്. പ്ലസില്‍ 6.7, പ്രോയില്‍ 6.3, പ്രോ മാക്‌സില്‍ 6.9 ഇഞ്ച് എന്നിങ്ങനെ വരുമെന്നാണ് മാക് റൂമേഴ്‌സ് പങ്കുവയ്‌ക്കുന്ന പ്രതീക്ഷ. പ്രോ മോഡലുകള്‍ വേഗതകൂടിയ ഫോണുകളായിരിക്കും. ഓരോ മോഡലിലും ബാറ്ററി ശേഷിയിലും വ്യത്യാസമുണ്ടാകാം. ബാറ്ററി ലൈഫ് അധികം ലഭിക്കുന്ന പുതിയ സാങ്കേതികവിദ്യ വരുമെന്നും റിപ്പോര്‍ട്ടുണ്ട്.
കാമറയുടെ കാര്യത്തില്‍ വലിയ മാറ്റങ്ങളുണ്ടാകില്ലെന്നാണ് ഫോബ്‌സ് റിപോര്‍ട്ട്. ഐഫോണ്‍ 15 മോഡലുകളിലെ കാമറകള്‍ തന്നെയായിരിക്കും. നിലവിലെ ഐഫോണ്‍ മോഡലുകളില്‍ വ്യത്യസ്‌ത പ്രോസസറുകളാണ് ഉപയോഗിച്ചിരിക്കുന്നത്. എന്നാല്‍ ഐഫോണ്‍ 16 മോഡലുകളിലെല്ലാം പുതിയ എ18 ചിപ്പുകളായിരിക്കുമെന്നാണ് മറ്റൊരു സൂചന. ഈ വര്‍ഷം ആപ്പിളിന്റെ എഐ പ്ലാറ്റ്‌ഫോമായ ആപ്പിള്‍ ഇന്റലിജന്‍സില്‍ വരാനിരിക്കുന്ന വലിയ മുന്നേറ്റങ്ങള്‍ മുന്നില്‍ കണ്ടാണിത്.
ഡിസൈനിലും ഐഫോണ്‍ 15ല്‍ നിന്ന് കാതലായ മാറ്റങ്ങളൊന്നുമുണ്ടാകില്ല. അതേസമയം പിന്‍ഭാഗതത്തെ കാമറകളുടെ ക്രമീകരണത്തില്‍ ചില മാറ്റങ്ങളുണ്ടാകാമെന്ന് സൂചനയുണ്ട്. ഒരു പക്ഷേ രണ്ട് റിയര്‍ കാമറകളും വെര്‍ട്ടിക്കലായി വന്നേക്കാം. മറ്റൊന്ന് ആക്ഷന്‍ ബട്ടന്‍ ആണ്. ഐഫോണ്‍ 15 വരെ തുടര്‍ന്നു വന്ന മ്യൂട്ട്/റിങ് ബട്ടനു പകരമാണിത്. മറുവശത്ത് പുതിയ ക്യാപ്‌ചര്‍ ബട്ടനും വന്നേക്കാം. ഫോട്ടോ എടുക്കാനും വിഡിയോ ഷൂട്ട് ചെയ്യാനും രൂപകല്‍പ്പന ചെയ്‌തതാണിത്. യെല്ലോ, പിങ്ക്, ബ്ലൂ, ബ്ലാക്ക്, വൈറ്റ് എന്നീ നിറങ്ങളിലായിരിക്കും പുതിയ ഐഫോണുകളെന്നാണ് ആപ്പിളിന്റെ രേഖകളില്‍ നിന്ന് ലഭിക്കുന്ന സൂചന. സെപ്‌തംബര്‍ 9ന് കാലിഫോര്‍ണിയയിലെ കുപര്‍ട്ടിനോ ആപ്പിളിന്റെ ആസ്ഥാനത്ത് നടക്കുന്ന ചടങ്ങളില്‍ ഇവയെല്ലാം വെളിപ്പെടുത്തും.