സോഷ്യൽ മീഡിയയിൽ ആര്‍ക്കും പിടികൊടുക്കാത്ത ഒന്നാണ് അല്‍ഗരിതം. ഇൻസ്റ്റഗ്രാമിൽ നാം കാണുന്നതെല്ലാം നിയന്ത്രിക്കുന്ന ഈ വില്ലനെ യൂസര്‍മാര്‍ക്ക് ഇഷ്ടാനുസരണം ഇനി മെരുക്കിയെടുക്കാമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് മെറ്റ. അനാവശ്യ കൊണ്ടന്റുകളുടെ തള്ളിക്കയറ്റത്തെ പിടിച്ചുകെട്ടാവുന്ന പുതിയ തകര്‍പ്പന്‍ അപ്‌ഡേറ്റാണ് താമസിയാതെ ഇന്‍സ്റ്റഗ്രാം ആഗോള തലത്തിൽ പുറത്തിറക്കുക. നമ്മുടെ ഫീഡില്‍ എന്തു കാണണമെന്ന് നമുക്കു തന്നെ തീരുമാനിക്കാന്‍ കഴിയുമെന്നതാണ് ഈ പുതിയ അപ്‌ഡേറ്റിന്റെ സവിശേഷത. കൗമാര പ്രായക്കാരുടെ സുരക്ഷയും മാനസികാരോഗ്യവും മുന്‍നിര്‍ത്തിയാണ് ഈ പുതിയ മാറ്റം.
എല്ലാവര്‍ക്കും, പ്രത്യേകിച്ച് കൗമാര പ്രായക്കാര്‍ക്ക് സുരക്ഷിതവും പോസിറ്റീവും അവരുടെ പ്രായത്തിന് അനുയോജ്യവുമായ കൊണ്ടന്റ് അനുഭവമാണ് ലഭിക്കുന്നതെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. അവര്‍ ഇന്‍സ്റ്റഗ്രാമില്‍ ചെലവിടുന്ന സമയം മൂല്യമുള്ളതാണെന്ന ഫീലും നല്‍കണം, വരാനിരിക്കുന്ന അപ്‌ഡേറ്റിനെ കുറച്ച് കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച ഒരു ബ്ലോഗില്‍ ഇന്‍സ്റ്റഗ്രാം വ്യക്തമാക്കി.
എന്താണ് ഈ പുതിയ മാറ്റം?
ഇന്‍സ്റ്റഗ്രാം ആപ്പിന്റെ അല്‍ഗരിതത്തെ നമുക്ക് തന്നെ റീസെറ്റ് ചെയ്ത് വീണ്ടും ഫ്രഷായി തുടങ്ങാമെന്നാണ് ഈ മാറ്റത്തിന്റെ ഏറ്റവും ആകര്‍ഷണീയമായ പ്രത്യേകത. ഇതുപ്രകാരം ഇന്‍സ്റ്റയിലെ എക്‌സ്‌പ്ലോര്‍, റീല്‍സ്, ഫീഡ് ടാബുകളില്‍ പ്രത്യക്ഷപ്പെടുന്ന കൊണ്ടന്റുകള്‍ നമ്മുടെ ഇഷ്ടത്തിന് അനുസരിച്ചുള്ളവ മാത്രമാക്കി സെറ്റ് ചെയ്യാം. റീസെറ്റ് ചെയ്തു കഴിഞ്ഞാല്‍ പിന്നീട് വരുന്ന കൊണ്ടന്റുകളെല്ലാം നാം നല്‍കിയ പ്രിഫറന്‍സിന് അനുസരിച്ചുള്ളവ മാത്രമായിരിക്കും. അനാവശ്യ സജഷനുകള്‍ നമുക്ക് കാണേണ്ടി വരില്ല. താല്‍പര്യമുള്ളവ, താല്‍പര്യമില്ലാത്തവ എന്നിങ്ങനെ വേര്‍ത്തിരിക്കുന്നതിനാല്‍ നമുക്ക് മുമ്പിലെത്തുന്ന കൊണ്ടന്റുകള്‍ എങ്ങനെ ആയിരിക്കണമെന്ന് നമുക്ക് തന്നെ നിയന്ത്രിക്കാം.
അല്‍ഗരിതത്തിന് നാം നല്‍കുന്ന മുന്‍ഗണനകള്‍ക്കും താല്‍പര്യങ്ങള്‍ക്കുമനുസരിച്ച് ആപ്പ് കൊണ്ടന്റ് പേഴ്‌സനലൈസ് ചെയ്യും. റീസെറ്റ് ചെയ്യുന്ന വേളയില്‍ നമ്മുടെ താല്‍പര്യത്തിന് വിരുദ്ധമായ അക്കൗണ്ടുകളെ നിങ്ങള്‍ ഫോളോ ചെയ്യന്നുണ്ടെങ്കില്‍ അവ റിവ്യൂ ചെയ്യാനുള്ള ഓപ്ഷനും ലഭിക്കും. അനാവശ്യമാണെങ്കില്‍ അണ്‍ഫോളോ ചെയ്യാം. ഇന്‍സ്റ്റഗ്രാമില്‍ നിലവിലുള്ള ടൂള്‍സ് പരിഷ്‌കരിച്ചാണ് പുതിയ അപ്‌ഡേറ്റ് ഇറക്കുന്നത്.
എന്തിനാണ് ഇപ്പോള്‍ ഒരു മാറ്റം?
കൗമാരക്കാരുടെ മാനസിക ആരോഗ്യം താളം തെറ്റിക്കുന്നതില്‍ സോഷ്യല്‍ മീഡിയയ്ക്ക് വലിയ പങ്കുള്ളതായി സമീപ കാലത്ത് ഒട്ടേറെ പഠനങ്ങള്‍ വന്നിട്ടുണ്ട്. അമിതമായ സോഷ്യല്‍ മീഡിയ ഉപയോഗവുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്‌നങ്ങള്‍ വിശദമാക്കുന്ന ഗവേഷണ റിപ്പോര്‍ട്ടുകള്‍ ജേണല്‍ ഓഫ് അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്‍ അടക്കമുള്ളവ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ദിവസവും മൂന്നു മണിക്കൂറിലേറെ സമയം സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്ന കൗമാര പ്രായക്കാരില്‍ വിഷാദം, അമിത ഉത്കണ്ഠ തുടങ്ങിയ മാനസിക രോഗങ്ങൾ വരാന്‍ സാധ്യത ഇരട്ടിയാണെന്ന് ഈ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഇന്‍സ്റ്റയിലെ പുതിയ അപ്‌ഡേറ്റിലൂടെ ഇത്തരം അപകടങ്ങളില്‍ നിന്ന് കൗമാരപ്രായക്കാരെ സംരക്ഷിക്കാമെന്ന പ്രതീക്ഷയും മെറ്റ പങ്കുവയ്ക്കുന്നു.
പുതിയ അപ്‌ഡേറ്റ് എപ്പോള്‍?
ഇപ്പോള്‍ പരീക്ഷണാടിസ്ഥാനത്തില്‍ മാത്രമാണ് പുതിയ അപ്‌ഡേറ്റ് യൂസേഴ്‌സിന് ഇന്‍സ്റ്റഗ്രാം ലഭ്യമാക്കിയിട്ടുള്ളത്. എല്ലാവർക്കും ലഭിക്കണമെന്നില്ല. കൗമാരപ്രായക്കാര്‍ക്കടക്കം എല്ലാ പ്രായക്കാരിലും ഇതു പരീക്ഷിച്ചു വരികയാണ്. ഒരു പക്ഷെ നിങ്ങള്‍ക്കും പരീക്ഷിക്കാന്‍ അവസരം ലഭിച്ചേക്കാം. ടെസ്റ്റ് പൂർത്തിയാക്കിയാൽ എല്ലാവർക്കുമായി പുതിയ അപ്ഡേറ്റ് അവതരിപ്പിക്കും.