ശ്രീഹരിക്കോട്ട – യുഎസിന്റെ പുതുതലമുറ വാർത്താവിനിമയ ഉപഗ്രഹമായ ബ്ലൂബേർഡ് ബ്ലോക്ക് 2-ന്റെ വിക്ഷേപണം പൂർണ്ണ വിജയം. ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്പേസ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയിൽ നിന്നു കുതിച്ചുയർന്ന എൽവിഎം 3-എം 6 ദൗത്യം 16 മിനിറ്റിനുള്ളിൽ ലക്ഷ്യത്തിലെത്തി. എൽവിഎം 3 റോക്കറ്റിന്റെ വിക്ഷേപണ ചരിത്രത്തിൽ താഴ്ന്ന ഭൂ ഭ്രമണപഥത്തിൽ സ്ഥാപിക്കുന്ന ഏറ്റവും ഭാരമേറിയ ഉപഗ്രഹമാണ് 6,100 കിലോഗ്രാം ഭാരമുള്ള ബ്ലൂബേർഡ്. 4,400 കിലോഗ്രാം ഭാരമുള്ള എൽവിഎം 3-എം 5 കമ്മ്യൂണിക്കേഷൻ സാറ്റലൈറ്റ് 03 ആയിരുന്നു ഇതിനു മുൻപുള്ള ഏറ്റവും ഭാരമേറിയ ഉപഗ്രഹം.
ഐഎസ്ആർഒയുടെ വാണിജ്യ വിഭാഗമായ ന്യൂസ്പേസ് ഇന്ത്യ ലിമിറ്റഡും (NSIL) യുഎസ് ആസ്ഥാനമായുള്ള എഎസ്‌ടി സ്പേസ് മൊബൈലും തമ്മിൽ ഒപ്പുവച്ച വാണിജ്യ കരാറിന്റെ ഭാഗമായാണ് ഈ ദൗത്യം നടന്നത്. സ്മാർട്ട് ഫോണുകളിലേക്ക് ടവറിന്റെ സഹായമില്ലാതെ നേരിട്ട് അതിവേഗ സെല്ലുലാർ സിഗ്നലുകൾ നൽകാൻ രൂപകൽപ്പന ചെയ്ത ഉപഗ്രഹമാണ് ബ്ലൂബേർഡ്. വാർത്താവിനിമയ രംഗത്ത് വലിയ മാറ്റങ്ങൾക്ക് ഈ വിക്ഷേപണം വഴിതുറക്കും.



