Browsing: Iran

ഇസ്രായിലുമായുള്ള 12 ദിവസത്തെ യുദ്ധത്തിനിടെ ഇറാന്റെ അസ്തിത്വവും അഖണ്ഡതയും അഭൂതപൂര്‍വമായ ഭീഷണി നേരിട്ടതായി ഇറാന്‍ ചീഫ് ഓഫ് സ്റ്റാഫ് അബ്ദുറഹീം മൂസവി പറഞ്ഞു. റെവല്യൂഷണറി ഗാര്‍ഡ് മിസൈല്‍ യൂണിറ്റ് ആസ്ഥാനം സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു സംയുക്ത സേനാ മേധാവി. ജൂണ്‍ 13 ന് ഇസ്രായില്‍ ആക്രമണത്തിന്റെ ആദ്യ മണിക്കൂറുകളില്‍ തന്നെ മിസൈല്‍ യൂണിറ്റ് കമാന്‍ഡര്‍മാര്‍ കൊല്ലപ്പെട്ടിരുന്നു. ഇസ്രായിലിനു നേരെ നടത്തിയ പ്രത്യാക്രമണങ്ങളില്‍ ഇറാന്‍ 400 ലേറെ മിസൈലുകളും നൂറുകണക്കിന് ഡ്രോണുകളും തൊടുത്തുവിട്ടു.

യുറേനിയം സമ്പുഷ്ടീകരണം നിര്‍ത്തണമെന്ന വ്യവസ്ഥ ഒരിക്കലും സ്വീകാര്യമല്ലെന്ന് ഇറാന്‍ വ്യക്തമാക്കി. യുറേനിയം സമ്പുഷ്ടീകരണം നിര്‍ത്തണമെന്ന നിബന്ധന അമേരിക്ക മുന്നോട്ടുവെച്ചാല്‍ അവരുമായി ആണവ ചര്‍ച്ചകള്‍ക്ക് ഇടമില്ലെന്ന് ഇറാന്‍ പരമോന്നത നേതാവ് അലി ഖാംനഇയുടെ അന്താരാഷ്ട്രകാര്യ ഉപദേഷ്ടാവായ അലി അക്ബര്‍ വിലായതി പറഞ്ഞു. ഈ വ്യവസ്ഥ ഇറാന്‍ മുറുകെ പിടിക്കുന്ന സീമന്ത രേഖകള്‍ക്ക് വിരുദ്ധമാണെന്ന് പാക്കിസ്ഥാന്‍ ആഭ്യന്തര മന്ത്രി മുഹ്‌സിന്‍ നഖ്വിയുമായി നടത്തിയ കൂടിക്കാഴ്ചക്കിടെ അലി അക്ബര്‍ വിലായതി പറഞ്ഞു.

കഴിഞ്ഞ മാസം ഇറാന്‍, ഇസ്രായില്‍ യുദ്ധത്തിനിടെ ഇറാന്‍ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ യോഗം ലക്ഷ്യമിട്ട് ഇസ്രായില്‍ നടത്തിയ ആക്രമണത്തില്‍ ഇറാന്‍ പ്രസിഡന്റ് മസ്ഊദ് പെസെഷ്‌കിയാന് പരിക്കേറ്റതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ ഇറാനിലെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഫാര്‍സ് ന്യൂസ് ഏജന്‍സി വെളിപ്പെടുത്തി.

ടെഹ്റാനുമായുള്ള ആണവ ചർച്ചകൾ പുനരുജ്ജീവിപ്പിക്കാൻ യുഎസ് ശ്രമിക്കുന്നതായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി.

കഴിഞ്ഞ മാസം ഇറാനും ഇസ്രായിലും തമ്മില്‍ നടത്തിയ ഹ്രസ്വ യുദ്ധത്തിനിടെ തലസ്ഥാനമായ തെഹ്റാനിലെ എവിന്‍ ജയിലിനു നേരെയുണ്ടായ ഇസ്രായില്‍ മിസൈല്‍ ആക്രമണത്തിനിടെ ചില തടവുകാര്‍ രക്ഷപ്പെട്ടതായി ഇറാന്‍ അധികൃതര്‍ സ്ഥിരീകരിച്ചു. ഏകദേശം മൂന്നാഴ്ച മുമ്പ് ജയിലിനു നേരെ നടന്ന വ്യോമാക്രമണത്തിനു പിന്നാലെ വളരെ കുറച്ച് തടവുകാര്‍ക്ക് രക്ഷപ്പെടാന്‍ കഴിഞ്ഞതായി ഇറാന്‍ ജുഡീഷ്യറി വക്താവ് അസ്ഗര്‍ ജഹാംഗീര്‍ പറഞ്ഞു.

ഖത്തറിലെ അല്‍ഉദൈദ് യു.എസ് വ്യോമതാവളത്തിന് നേരെ ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ സുരക്ഷിത ആശയവിനിമയത്തിനായി അമേരിക്കക്കാര്‍ ഉപയോഗിക്കുന്ന കമ്മ്യൂണിക്കേഷന്‍സ് സെന്ററിന് കേടുപാടുകള്‍ സംഭവിച്ചതായി ഉപഗ്രഹ ചിത്രങ്ങള്‍ വ്യക്തമാക്കുന്നതായി അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. എ.പി റിപ്പോര്‍ട്ട് പുറത്തുവന്ന് മണിക്കൂറുകള്‍ക്ക് ശേഷം ഇറാന്‍ ബാലിസ്റ്റിക് മിസൈല്‍ കമ്മ്യൂണിക്കേഷന്‍സ് സെന്ററില്‍ പതിച്ചതായി അമേരിക്കന്‍ പ്രതിരോധ മന്ത്രാലയ (പെന്റഗണ്‍) വക്താവ് ഷോണ്‍ പാര്‍നെല്‍ സമ്മതിച്ചു. അല്‍ഉദൈദ് വ്യോമതാവളത്തിനുണ്ടായ നാശനഷ്ടങ്ങളുടെ വ്യാപ്തിയെ കുറിച്ച അന്വേഷണങ്ങള്‍ക്ക് ഖത്തര്‍ മറുപടി നല്‍കിയില്ല.

കഴിഞ്ഞ മാസം ഇറാന്‍ നടത്തിയ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ ഇസ്രായിലിലെ ചില സൈനിക കേന്ദ്രങ്ങള്‍ക്ക് നാശനഷ്ടങ്ങളുണ്ടാക്കിയതായി ഇസ്രായില്‍ സൈനിക ഉദ്യോഗസ്ഥന്‍ സമ്മതിച്ചു. തങ്ങളുടെ സൈനിക കേന്ദ്രങ്ങള്‍ക്കു നേരെ ഇറാന്‍ ആക്രമണങ്ങള്‍ നടത്തിയതായി ആദ്യമായാണ് ഇസ്രായില്‍ പരസ്യമായി സമ്മതിക്കുന്നത്. വളരെ ചെറിയ എണ്ണം സൈനിക കേന്ദ്രങ്ങള്‍ ആക്രമിക്കപ്പെട്ടു. പക്ഷേ, അവ ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട്. ഇറാന്‍ ആക്രമണം ബാധിച്ച സൈനിക കേന്ദ്രങ്ങളോ നാശനഷ്ടത്തിന്റെ വ്യാപ്തിയോ ഇസ്രായില്‍ സൈനിക ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തിയില്ല.

തന്ത്രപ്രധാനമായ ഹുര്‍മുസ് കടലിടുക്ക് അടക്കാന്‍ കഴിഞ്ഞ മാസം ഇറാന്‍ ഒരുക്കങ്ങള്‍ നടത്തിയിരുന്നതായി രണ്ട് അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. കടലിടുക്ക് അടക്കാനുള്ള തയാറെടുപ്പിന്റെ ഭാഗമായി കപ്പലുകളില്‍ ഇറാന്‍ സൈന്യം സമുദ്ര മൈനുകള്‍ കയറ്റിയിരുന്നു. ഇറാനിലുടനീളമുള്ള കേന്ദ്രങ്ങളില്‍ ഇസ്രായില്‍ നടത്തിയ ആക്രമണങ്ങളെ തുടര്‍ന്ന് ഹുര്‍മുസ് കടലിടുക്ക് അടക്കാന്‍ ഇറാന്‍ തയാറെടുക്കുകയാണെന്ന അമേരിക്കയുടെ ആശങ്ക ഇത് വര്‍ധിപ്പിച്ചു.

അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുടെ ഇരട്ടത്താപ്പ് മേഖലാ, ആഗോള സുരക്ഷക്ക് നിരവധി പ്രശ്നങ്ങള്‍ സൃഷ്ടിച്ചതായി ഇറാന്‍ പ്രസിഡന്റ് മസ്ഊദ് പെസെഷ്‌കിയാന്‍ പറഞ്ഞു. ഞങ്ങളുടെ ആണവ പ്രവര്‍ത്തനങ്ങള്‍ ഏജന്‍സിയുടെ മേല്‍നോട്ടത്തിലായിരുന്നു. ഞങ്ങളുടെ ആണവ കേന്ദ്രങ്ങളില്‍ നിരീക്ഷണ ക്യാമറകള്‍ ഉണ്ടായിരുന്നു – ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ ഇറാന്‍ പ്രസിഡന്റ് പറഞ്ഞു.

ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജി.സി.സി) രാജ്യങ്ങളുമായി സമ്പൂർണ സഹകരണത്തിന് ഇറാന്‍ തയാറാണെന്നും, ഇതിലൂടെ ഗള്‍ഫ് മേഖലയിലെ അയല്‍ രാജ്യങ്ങളുമായുള്ള ബന്ധത്തില്‍ പുതിയ അധ്യായം തുറക്കുമെന്നും ഇറാന്‍ പ്രസിഡന്റ് മസ്ഊദ് പെസെഷ്‌കിയാന്‍ പറഞ്ഞു. അയല്‍പക്ക നയവും മേഖലാ രാജ്യങ്ങളുമായുള്ള ബന്ധം വികസിപ്പിക്കലും ഇറാന്റെ അടിസ്ഥാന തന്ത്രമാണ്. ഈ നയം മുന്നോട്ട് കൊണ്ടുപോകാന്‍ തന്റെ സര്‍ക്കാര്‍ പ്രത്യേക താല്‍പര്യം കാണിക്കുന്നുണ്ടെന്നും ഇറാന്‍ പ്രസിഡന്റ് പറഞ്ഞു.