Browsing: Hajj 2025

ഈ വര്‍ഷത്തെ പരിശുദ്ധ ഹജ് കര്‍മങ്ങള്‍ക്ക് തുടക്കമായി. ലോകൈകനാഥന്റെ വിളിക്കുത്തരം നല്‍കി പ്രാര്‍ഥനാ മന്ത്രങ്ങളുമായി ആത്മീയോല്‍ക്കര്‍ഷത്തില്‍ തീര്‍ഥാടക ലക്ഷങ്ങള്‍ തര്‍വിയ ദിനമായ ഇന്ന് മിനാ താഴ്‌വരയിലേക്ക് പ്രവഹിക്കാന്‍ തുടങ്ങി. ജീവിതാഭിലാഷം സഫലമായതിന്റെ നിര്‍വൃതിയില്‍ ലോക രാജ്യങ്ങളില്‍ നിന്ന് ഒഴുകിയെത്തിയ പതിനാറു ലക്ഷത്തിലേറെ വരുന്ന ഹാജിമാരും സൗദി അറേബ്യക്കകത്തു നിന്നുള്ള തീര്‍ഥാടകരും ശുഭ്രവസ്ത്രം ധരിച്ച് ഇന്ന് പുലര്‍ച്ചെ മുതല്‍ കൂട്ടംകൂട്ടുമായി മിനായിലെത്താന്‍ തുടങ്ങി.

തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കാനും സുഗമമായ ഗതാഗതവും സംഘാടനവും നടപ്പാക്കാനും ലക്ഷ്യമിട്ട് മക്കയിലും പുണ്യസ്ഥലങ്ങളിലും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. പൊതുസമാധാനത്തിനും പുണ്യസ്ഥലങ്ങളുടെ പവിത്രതയ്ക്കും ഭംഗം വരുത്തുന്ന രാഷ്ട്രീയ, വിഭാഗീയ പതാകകളോ മുദ്രാവാക്യങ്ങളോ ഉയർത്തുന്നത് കർശനമായി നിരോധിച്ചു.

നാളെ തര്‍വിയ ദിനത്തില്‍ രാപാര്‍ക്കാനായി തീര്‍ഥാടകര്‍ മിനായിലേക്ക് പോകുന്നതോടെ ആരംഭിക്കുന്ന ഇത്തവണത്തെ ഹജ് സീസണിനുള്ള ഒരുക്കമെന്നോണം മശാഇര്‍ മെട്രോ ഇന്ന് ആദ്യ സര്‍വീസ് നടത്തി. ഹാജിമാര്‍ക്ക് യാത്രാ സൗകര്യം നല്‍കാനുള്ള മശാഇര്‍ മെട്രോയുടെ സുസജ്ജത സൗദി അറേബ്യ റെയില്‍വെയ്‌സ് സ്ഥിരീകരിച്ചു. ഹജ് ഒരുക്കങ്ങളുടെ ഭാഗമായി കഴിഞ്ഞ ജനുവരി മുതല്‍ മശാഇര്‍ മെട്രോ ട്രെയിനുകള്‍ നിരവധി ട്രയല്‍ സര്‍വീസുകള്‍ നടത്തിയിരുന്നു.

കടുത്ത ചൂട് അനുഭവപ്പെടുന്ന കാര്യം കണക്കിലെടുത്ത് ഇത്തവണത്തെ ഹജ് സീസണില്‍ മക്കയിലെ മസ്ജിദുകളില്‍ ബാങ്ക് വിളിക്കും ഇഖാമത്തിനും ഇടയിലെ കാത്തിരിപ്പ് സമയം കുറക്കാന്‍ മസ്ജിദുകളിലെയും ജുമാമസ്ജിദുകളിലെയും ഇമാമുമാര്‍ക്കും മുഅദ്ദിനുകള്‍ക്കും നിര്‍ദേശം നല്‍കണമെന്ന് മക്ക പ്രവിശ്യ ഇസ്‌ലാമികകാര്യ മന്ത്രാലയ ശാഖയോട് ഇസ്‌ലാമികകാര്യ മന്ത്രി ശൈഖ് ഡോ. അബ്ദുല്ലത്തീഫ് ആലുശൈഖ് ആവശ്യപ്പെട്ടു.

ഈ വര്‍ഷത്തെ ഹജ് പ്രവര്‍ത്തന പദ്ധതിയുടെ ഭാഗമായി സൗദി അറേബ്യ റെയില്‍വെയ്‌സ് ഹറമൈന്‍ ഹൈസ്പീഡ് ട്രെയിന്‍ വഴി ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് മക്കയിലേക്ക് ഓരോ മണിക്കൂറിലും ട്രെയിന്‍ സര്‍വീസ് നടത്തുന്നു. ഹജ് സീസണില്‍ തീര്‍ഥാടകരുടെ ഗതാഗതം സുഗമമാക്കാനും സേവന കാര്യക്ഷമത വര്‍ധിപ്പിക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണിത്. ഇത്തവണത്തെ ഹജ് സീസണ്‍ പ്രവര്‍ത്തന പദ്ധതിയുടെ ഭാഗമായി ഹറമൈന്‍ ഹൈസ്പീഡ് റെയില്‍വെയില്‍ 4,700 ലേറെ ട്രെയിന്‍ സര്‍വീസുകള്‍ നടത്തുമെന്ന് സൗദി അറേബ്യ റെയില്‍വെയ്‌സ് നേരത്തെ അറിയിച്ചിരുന്നു. ലോകത്തെ ഏറ്റവും വേഗതയേറിയ ഇലക്ട്രിക് ട്രെയിനുകളില്‍ ഒന്നായ ഹറമൈന്‍ ഹൈസ്പീഡ് ട്രെയിന്‍ മണിക്കൂറില്‍ 300 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്നു. ജിദ്ദ വിമാനത്താവളത്തില്‍ നിന്ന് മക്കയിലേക്കുള്ള യാത്രാ സമയം ഒരു മണിക്കൂറില്‍ താഴെയായി ട്രെയിന്‍ സര്‍വീസ് കുറക്കുന്നു.

ഈ വര്‍ഷത്തെ ഹജ് സീസണ്‍ ആരംഭിച്ച ശേഷം ദുല്‍ഹജ് ആറു വരെയുള്ള ദിവസങ്ങളില്‍ 91,000 ലേറെ ഹജ് തീര്‍ഥാടകര്‍ക്ക് ആരോഗ്യ പരിചരണങ്ങളും ചികിത്സകളും നല്‍കിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഉയര്‍ന്ന നിലവാരമുള്ളതും കാര്യക്ഷമവുമായ ആരോഗ്യ സംരക്ഷണം നല്‍കാനുള്ള ആരോഗ്യ മന്ത്രാലയത്തിന്റെയും ബന്ധപ്പെട്ട വകുപ്പുകളുടെയും സംയുക്ത ശ്രമങ്ങളുടെ ഭാഗമായാണ് ഇത്രയും തീര്‍ഥാടകര്‍ക്ക് ആരോഗ്യ പരിചരണങ്ങളും ചികിത്സകളും നല്‍കിയത്. വിഷന്‍ 2030 ന്റെ ഭാഗമായ ആരോഗ്യ മേഖലാ പരിവര്‍ത്തന പ്രോഗ്രാമിന്റെയും പില്‍ഗ്രിംസ് സര്‍വീസ് പ്രോഗ്രാമിന്റെയും ലക്ഷ്യങ്ങളുമായി ഇത് പൊരുത്തപ്പെടുന്നു.

കടുത്ത തിരക്കും ഉയര്‍ന്ന സഞ്ചാരവും കണക്കിലെടുത്ത് ഹജ് കര്‍മങ്ങള്‍ക്കിടെ അണുബാധ ഒഴിവാക്കാന്‍ തീര്‍ഥാടകര്‍ വ്യക്തിശുചിത്വം പാലിക്കേണ്ടത് ഏറെ പ്രധാനമാണെന്ന് ലൈവ് ഹെല്‍ത്തി ബോധവല്‍ക്കരണ പ്ലാറ്റ്ഫോമിലൂടെ ആരോഗ്യ മന്ത്രാലയം പറഞ്ഞു.

വിശുദ്ധ മക്കയുടെ ഹൃദയഭാഗത്ത്, 600 മീറ്ററിലേറെ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന പ്രവാചക ജീവചരിത്ര മ്യൂസിയം ലോക രാജ്യങ്ങളില്‍ നിന്നെത്തുന്ന ഹജ്, ഉംറ തീര്‍ഥാടകരെ ആകര്‍ഷിക്കുന്നു. കിംഗ് അബ്ദുല്‍ അസീസ് എന്‍ഡോവ്മെന്റ് പദ്ധതിയില്‍ (ക്ലോക്ക് ടവര്‍ സമുച്ചയം) സ്ഥിതി ചെയ്യുന്ന മ്യൂസിയം സന്ദര്‍ശിക്കുന്ന തീര്‍ഥാടകര്‍ സവിശേഷ വിശ്വാസവും സാംസ്‌കാരിക അനുഭവവും ആസ്വദിക്കുന്നു.

ഈ വര്‍ഷത്തെ ഹജിനുള്ള സിവില്‍ ഡിഫന്‍സ് ഡയറക്ടറേറ്റ് സംവിധാനങ്ങളുടെ ഭാഗമായി കൃത്രിമബുദ്ധി ഉപയോഗിച്ച് മെച്ചപ്പെടുത്തിയ ഫാല്‍ക്കണ്‍ (സഖ്ര്‍) എന്ന് പേരിട്ട അഗ്നിശമന ഡ്രോണ്‍ പുറത്തിറക്കിയതായി സിവില്‍ ഡിഫന്‍സ് അറിയിച്ചു. ഉയര്‍ന്ന പ്രദേശങ്ങളിലും, എത്തിച്ചേരാന്‍ പ്രയാസമുള്ള സ്ഥലങ്ങളിലും അഗ്നിശമന, രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി ഈ ഡ്രോണ്‍ രൂപകല്‍പന ചെയ്തിരിക്കുന്നു. ഏറെ ഉയര്‍ന്ന ഉയരത്തില്‍ 12 മണിക്കൂര്‍ തുടര്‍ച്ചയായി പ്രവര്‍ത്തിക്കാന്‍ സാധിക്കുന്ന ഈ ഡ്രോണിന് 40 കിലോഗ്രാം ഭാരം വഹിക്കാന്‍ കഴിയും.

ഹജ് നിര്‍വഹിക്കുകയെന്ന ലക്ഷ്യത്തോടെ അനധികൃതമായി രാജ്യത്ത് തങ്ങിയ വിസിറ്റ് വിസക്കാര്‍ക്ക് ആതിഥേയത്വം നല്‍കിയവര്‍ അടക്കം 16,190 വിസാ നിയമ ലംഘകര്‍ക്ക് ഓട്ടോമാറ്റിക് ആയി പിഴകള്‍ ചുമത്തിയതായി പൊതുസുരക്ഷാ വകുപ്പ് മേധാവിയും ഹജ് സുരക്ഷാ കമ്മിറ്റി ചെയര്‍മാനുമായ ലെഫ്. ജനറല്‍ മുഹമ്മദ് അല്‍ബസ്സാമി അറിയിച്ചു.