ബാർസലോണ – ഈ സീസണിലെ ആദ്യം മത്സരത്തിനിറങ്ങിയ ബാർസലോണക്ക് മികച്ച വിജയം. മയ്യോർക്കക്ക് എതിരെ അവരുടെ തട്ടകത്തിൽ നടന്ന മത്സരത്തിൽ ഏകപക്ഷീയമായ മൂന്നു ഗോളുകൾക്കായിരുന്നു കാറ്റിലോണിയൻ ക്ലബ്ബിന്റെ വിജയം. ഒരു ഗോളും ഒരു അസിസ്റ്റും നൽകി ലാമിൻ യമാൽ കളിയിലെ താരമായപ്പോൾ ബാർസക്ക് വേണ്ടി റാഫീന്യ, ഫെറാൻ ടോറസ് എന്നിവരും ഗോൾ നേടി. ആദ്യപകുതിയിൽ തന്നെ രണ്ടുപേർ ചുവപ്പ് കാർഡ് കണ്ടു മടങ്ങിയത് ആതിഥേർക്ക് തിരിച്ചടിയായി.
മത്സരത്തിന്റെ ഏഴാം മിനുറ്റിൽ യമാൽ നൽകിയ ഒരു ക്രോസിൽ നിന്നും
റാഫീന്യ ഹെഡറലിലൂടെ ഈ സീസണിലെ ഗോൾ വേട്ടക്ക് തുടക്കം കുറിച്ചു. ഇരുപത്തിമൂന്നാം മിനുറ്റിൽ ടോറസ് തകർപ്പൻ ഷോട്ടിലൂടെ ഗോൾ നേടിയതോടെ സ്കോർ (2-0). ഇതിനിടെ പന്ത് ക്ലിയർ ചെയ്യുന്നതിനിടെ മയ്യോർക്ക ഡിഫൻഡർ പരുക്ക പറ്റി കളത്തിൽ വീണെങ്കിലും റഫറി ഗോൾ അനുവദിച്ചു.
33-ാം മിനുറ്റിൽ മധ്യനിര താരം മാനുവൽ മോർലൻസും, 39-ാം മിനിറ്റിൽ വേദത് മുറിക്കിയും ചുവപ്പ് കാർഡ് കണ്ടു മടങ്ങിയതോടെ മയ്യോർക്ക 9 പേരായി ചുരുങ്ങി.
രണ്ടാം പകുതി ആരംഭിച്ചു ബാർസ താരങ്ങൾ തുടരെ ആക്രമണത്തിന് ശ്രമിച്ചെങ്കിലും ഗോൾകീപ്പർ ലിയോ റോമൻ ഗോൾ ഒന്നുറപ്പിച്ച പല അവസരങ്ങളും തട്ടിയകറ്റി. മത്സരത്തിന്റെ ഇഞ്ചുറി സമയത്ത് ഗാവി നൽകിയ പന്തിൽ നിന്നും പത്താം നമ്പർ കാരൻ ഗോൾ നേടിയതോടുകൂടി മത്സരം അവസാനിച്ചു.
മറ്റു മത്സരങ്ങൾ
ഡിപ്പാർട്ടിവോ അലാവസ് – 2 ( ടോണി മാർട്ടിനെസ്- 36-ാം മിനുറ്റ് , നഹുവൽ ടെനാഗ്ലിയ- 90+2)
ലെവന്റെ – 1 ( ജെറമി ടോൾജൻ- 68)
വലൻസിയ – 1 ( ഡീഗോ ലോപ്പസ്- 57)
റയൽ സോസീഡാഡ് – 1 ( ടേക്ക്ഫുസ കുബോ- 60)