അഹമ്മദാബാദ്– അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന വിജയ് ഹസാരെ ട്രോഫി എലൈറ്റ് ഗ്രൂപ്പ് എ മത്സരത്തിൽ കേരളത്തിനെതിരെ കർണാടക എട്ട് വിക്കറ്റിന്റെ ഉജ്ജ്വല വിജയം സ്വന്തമാക്കി. കേരളം മുന്നോട്ടുവെച്ച 285 റൺസ് എന്ന വെല്ലുവിളി നിറഞ്ഞ വിജയലക്ഷ്യം രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 48.2 ഓവറിൽ കർണാടക മറികടന്നു. ഓപ്പണർ ദേവ്‌ദത്ത് പടിക്കലും മധ്യനിര താരം കരുൺ നായരും നേടിയ തകർപ്പൻ സെഞ്ചറികളാണ് കർണാടകയുടെ ജയം അനായാസമാക്കിയത്.
മറുപടി ബാറ്റിംഗിനിറങ്ങിയ കർണാടകയ്ക്ക് രണ്ടാം ഓവറിൽ തന്നെ ക്യാപ്റ്റൻ മായങ്ക് അഗർവാളിനെ (1) നഷ്ടമായെങ്കിലും പിന്നീട് ഒത്തുചേർന്ന പടിക്കലും കരുൺ നായരും കേരളത്തിന് മറ്റ് അവസരങ്ങളൊന്നും നൽകിയില്ല. രണ്ടാം വിക്കറ്റിൽ ഇരുവരും ചേർന്ന് പടുത്തുയർത്തിയ 223 റൺസിന്റെ കൂറ്റൻ കൂട്ടുകെട്ട് കേരളത്തിന്റെ ബൗളിംഗ് നിരയെ പൂർണ്ണമായും നിഷ്പ്രഭമാക്കി. പടിക്കൽ 137 പന്തിൽ 12 ഫോറുകളും മൂന്ന് സിക്‌സറുമടക്കം 124 റൺസെടുത്ത് പുറത്തായപ്പോൾ, കരുൺ നായർ 130 പന്തിൽ 14 ഫോറുകൾ സഹിതം 130 റൺസുമായി പുറത്താകാതെ നിന്ന് ടീമിനെ വിജയരേഖ കടത്തി. 25 റൺസുമായി സ്മരൻ ആർ കരുണിന് മികച്ച പിന്തുണ നൽകി.
നേരത്തെ മുഹമ്മദ് അസ്ഹറുദ്ദീന്റെയും ബി. അപരാജിതിന്റെയും ബാറ്റിംഗ് മികവിലാണ് കേരളം 284 റൺസ് എന്ന മാന്യമായ സ്കോറിലെത്തിയത്. എന്നാൽ കർണാടകയുടെ ശക്തമായ ബാറ്റിംഗ് കരുത്തിന് മുന്നിൽ ഈ സ്കോർ പ്രതിരോധിക്കാൻ കേരള ബൗളർമാർക്കായില്ല. കേരളത്തിനായി ബോളിംഗിൽ എം.ഡി. നിതീഷ്, അഖിൽ സ്‌കറിയ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തിയെങ്കിലും മറ്റ് ബൗളർമാർക്കൊന്നും മത്സരത്തിൽ കാര്യമായ സ്വാധീനം ചെലുത്താൻ കഴിഞ്ഞില്ല.



