മുംബൈ: ലോകോത്തര ബൗളർമാർ തിങ്ങിനിറഞ്ഞ ടീമിൽ മലപ്പുറത്തുകാരൻ വിഘ്‌നേഷ് പുത്തൂരിനെ മുംബൈ ഇന്ത്യൻസ് കാണുന്നത് ഒരു സാധാരണ ബൗളറായല്ലെന്ന് റോയൽ ചലഞ്ചേഴ്‌സ് ബംഗളുരുവിനെതിരായ മത്സരത്തോടെ വ്യക്തമായി. അവസരം ലഭിച്ച ഒരേയൊരു ഓവറിൽ ദേവ്ദത്ത് പടിക്കലിന്റെ വിക്കറ്റ് വീഴ്ത്തിയെങ്കിലും വിഘ്‌നേഷിന് അടുത്ത ഒരു ഓവർ കൂടി മുംബൈ ക്യാപ്ടൻ ഹാർദിക് പാണ്ഡ്യ നൽകിയില്ല.
തന്റെ ക്വാട്ടയിലുള്ള നാല് ഓവറും എറിഞ്ഞുതീർക്കുന്ന സ്‌പെഷ്യലിസ്റ്റ് ബൗളർ എന്നതിനേക്കാൾ പാർട്ണർഷിപ്പുകൾ ബ്രേക്ക് ചെയ്യുന്ന യൂട്ടിലിറ്റി ബൗളർ ആയാണ് താരത്തെ മുംബൈ കാണുന്നത് എന്നാണ് ഇതിൽ നിന്നു മനസ്സിലാകുന്നത്. സീസണിൽ ഇതുവരെയുള്ള മത്സരങ്ങളിൽ ഈ പ്ലാനിനോട് ഏറെക്കുറെ നീതി പുലർത്താൻ വിഘ്‌നേഷിന് കഴിഞ്ഞിട്ടുണ്ട്.
ചെന്നൈ സൂപ്പർ കിങ്‌സിനെതിരെ മൂന്നു വിക്കറ്റെടുത്ത സ്വപ്‌നതുല്യമായ അരങ്ങേറ്റത്തിൽ ഋതുരാജ് ഗെയ്ക്ക്‌വാദിനെ വീഴ്ത്തിയാണ് വിഘ്‌നേഷ് തന്റെ ഡ്യൂട്ടി തുടങ്ങുന്നത്. രണ്ടാം വിക്കറ്റിൽ 67 റൺസ് ചേർത്ത ഋതുരാജ് – രചിൻ രവീന്ദ്ര സഖ്യം പൊളിക്കാനുള്ള മുംബൈയുടെ രഹസ്യായുധമായിരുന്നു വിഘ്‌നേഷ്. പാർട്ണർഷിപ്പ് പൊളിച്ചു എന്നു മാത്രമല്ല, തന്റെ അടുത്ത ഓവറുകളിൽ രാഹുൽ ത്രിപാഠി, ശിവം ദുബെ എന്നീ അപകടകാരികളെയും പുറത്താക്കി ചെന്നൈ ഇന്നിങ്‌സ് താളം തെറ്റിക്കാനും താരത്തിന് കഴിഞ്ഞു. ഒന്നിന് 78 എന്ന നിലയിൽ നിന്ന് ചെന്നൈയെ നാലിന് 107 എന്ന നിലയിലേക്ക് വിഘ്‌നേഷ് തള്ളിവിട്ടെങ്കിലും, മുംബൈയുടെ സ്‌കോർ കുറവായിരുന്നതിനാൽ ടീമിന് ജയം നേടാൻ കഴിഞ്ഞില്ല.
ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരെ പവർപ്ലേ കഴിഞ്ഞ ഉടനെയാണ് വിഘ്‌നേഷിനെ പാണ്ഡ്യ പന്തെറിയാൻ വിളിക്കുന്നത്. ഓപണർമാരായ മിച്ചൽ മാർഷും (60) എയ്ഡൻ മാർക്രവും (7) ചേർന്ന് ലഖ്‌നൗവിന് മിന്നും തുടക്കം നൽകിയ സമയം. 200 സ്‌ട്രൈക്ക് റേറ്റിൽ അപകടകാരിയായി നിന്ന മാർഷിനെ സമർത്ഥമായ ഒരു റോങ് വണ്ണിലൂടെ വിഘ്‌നേഷ് കുഴക്കി. റിട്ടേൺ ക്യാച്ച് നൽകി ഓസീസ് താരം മടങ്ങുകയും ചെയ്തു.
ഇന്നലെ രണ്ടാം വിക്കറ്റിൽ ദേവ്ദത്ത് പടിക്കലും വിരാട് കോലിയും തമ്മിലുള്ള കൂട്ടുകെട്ട് അപകടകരമായി വളരുമ്പോഴായിരുന്നു പത്താം ഓവറിൽ ഇടങ്കയ്യൻ റിസ്റ്റ് സ്പിന്നറായ വിഘ്‌നേഷിന്റെ വരവ്. വിരാട് കോലി ഒരു സിക്‌സറടിച്ചെങ്കിലും അത് വിഘ്‌നേഷിന്റെ ആത്മവിശ്വാസത്തെ ബാധിച്ചില്ല. വേഗം കുറച്ചെറിഞ്ഞ അവസാന പന്തിൽ സിക്‌സറടിക്കാനുള്ള പടിക്കലിന്റെ ശ്രമം ബൗണ്ടറിയിൽ ക്യാച്ചായി പരിണമിക്കുകയായിരുന്നു.
ലോകക്രിക്കറ്റിൽ അധികം കാണാനില്ലാത്ത ഇടങ്കയ്യൻ റിസ്റ്റ് സ്പിന്നർ എന്ന ഗണത്തിൽ വരുന്ന വിഘ്‌നേഷ് പന്ത് ടേൺ ചെയ്യിക്കുന്നതിനേക്കാൾ വേരിയേഷൻ കൊണ്ടാണ് എതിരാളികളെ സമ്മർദത്തിലാക്കുന്നത്. ആക്രമിക്കാൻ പ്രേരിപ്പിച്ച് ക്യാച്ചിൽ കുടുക്കുന്നതാണ് തന്ത്രം. അവസരം ലഭിച്ച നാല് മത്സരങ്ങളിൽ നിന്ന് ആറു പേർ വലയിലായി എന്നതും, അവയിൽ മിക്കതും വൻതോക്കുകളായിരുന്നു എന്നതും താരത്തിന്റെ മികവിന് ഉദാഹരണമാണ്. ഈ മികവ് തുടരാനും കൂടുതൽ അവസരം ലഭിക്കാനും താരത്തിന് കഴിയട്ടെ എന്നാശംസിക്കാം.