മാഞ്ചസ്റ്റർ– പ്രീമിയർ ലീഗിൽ ടോട്ടൻഹാം ഹോട്ട്‌സ്‌പറിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയക്കുതിപ്പ് തുടരുന്നു. സ്വന്തം തട്ടകമായ ഓൾഡ് ട്രാഫോർഡിൽ നടന്ന മത്സരത്തിൽ ബ്രയാൻ എംബ്യൂമോ, നായകൻ ബ്രൂണോ ഫെർണാണ്ടസ് എന്നിവരാണ് യുണൈറ്റഡിനായി ലക്ഷ്യം കണ്ടത്. മൈക്കൽ കാരിക് പരിശീലക ചുമതലയേറ്റ ശേഷം പ്രീമിയർ ലീഗിൽ യുണൈറ്റഡ് നേടുന്ന തുടർച്ചയായ നാലാം വിജയമാണിത്.
മത്സരത്തിന്റെ തുടക്കം മുതൽ തന്നെ യുണൈറ്റഡ് ആധിപത്യം പുലർത്തിയെങ്കിലും 15 മിനുറ്റുകൾക്ക് ശേഷം അതിഥികൾ മികച്ച ആക്രമണത്തോടെ യുണൈറ്റഡിനെ പ്രതിസന്ധിയിലാക്കി. എന്നാൽ 29-ാം മിനിറ്റിൽ ടോട്ടൻഹാം നായകൻ ക്രിസ്റ്റ്യൻ റൊമേറോ ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ കളി മുഴുവൻ ചെകുത്താന്മാരുടെ കയ്യിലായി. കാസമിറോയെ ഫൗൾ ചെയ്തതിനാണ് റൊമേറോയ്ക്ക് നേരിട്ട് ചുവപ്പ് കാർഡ് ലഭിച്ചത്. പത്ത് പേരുമായി ചുരുങ്ങിയ ടോട്ടൻഹാമിനെതിരെ യുണൈറ്റഡ് ആക്രമണം കടുപ്പിച്ചു.
മത്സരത്തിലെ ആദ്യ ഗോൾ പിറന്നത് 38-ാം മിനുറ്റിലാണ്. കോർണർ കിക്കിൽ നിന്നുള്ള മനോഹരമായ ഒരു നീക്കത്തിനൊടുവിൽ ബ്രയാൻ എംബ്യൂമോ യുണൈറ്റഡിനെ മുന്നിലെത്തിച്ചു. കോബി മൈനു നൽകിയ പാസ് സ്വീകരിച്ച് പന്ത്രണ്ട് വാര അകലെ നിന്നുള്ള എംബ്യൂമോയുടെ ഷോട്ട് ഗോൾവല കുലുക്കുകയായിരുന്നു. രണ്ടാം പകുതിയിലും മറ്റൊരു ഗോളിനായി കിണഞ്ഞു ശ്രമിച്ച ആതിഥേയരുടെ പ്രയത്നം ഫലം കണ്ടത്
81-ാം മിനുറ്റിലാണ്. ഡീഗോ ഡാലോട്ട് നൽകിയ ക്രോസ് സെസ്കോ തലകൊണ്ട് നൽകിയ പാസ് സ്വീകരിച്ച് ബ്രൂണോ ഫെർണാണ്ടസ് രണ്ടാം ഗോൾ നേടി യുണൈറ്റഡിന്റെ വിജയം ഉറപ്പിച്ചു.
ഈ വിജയത്തോടെ പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്തുള്ള യുണൈറ്റഡ് തങ്ങളുടെ പിടി മുറുക്കി. അഞ്ചാം സ്ഥാനത്തുള്ള ചെൽസിയേക്കാൾ നാല് പോയിന്റ് മുന്നിലാണ് ഇപ്പോൾ യുണൈറ്റഡ്. മറുവശത്ത്, 2026-ൽ ഇതുവരെ ഒരു ലീഗ് വിജയം പോലും സ്വന്തമാക്കാൻ കഴിയാത്ത ടോട്ടൻഹാമിനും പരിശീലകൻ തോമസ് ഫ്രാങ്കിനും ഈ തോൽവി വലിയ തിരിച്ചടിയാണ്.



