മാഡ്രിഡ് – ഈ സീസണിലെ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് റൗണ്ടിലെ ആദ്യ മത്സരങ്ങളിൽ വമ്പന്മാരായ റയൽ മാഡ്രിഡ്, ആർസണൽ, ടോട്ടൻഹാം എന്നിവർ ജയിച്ചു കയറിയപ്പോൾ പോർച്ചുഗീസ് ക്ലബ്ബായ ബെൻഫിക്കക്ക് ഞെട്ടിക്കുന്ന തോൽവി. ജുവന്റസ് – ബോറൂസിയ ഡോർട്ട്മുണ്ട് ത്രില്ലർ പോരാട്ടം സമനിലയിലും കലാശിച്ചു.
ഇംഗ്ലീഷ് വമ്പൻമാരായ ആർസണൽ സ്പാനിഷ് ക്ലബ്ബായ അത്‌ലറ്റിക് ബിൽബാവോയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് തോൽപ്പിച്ചത്. ബിൽബാവോയുടെ തട്ടകത്തിൽ നടന്ന മത്സരത്തിൽ പീരങ്കികൾക്ക് വേണ്ടി ഗബ്രിയേൽ മാർട്ടിനെല്ലി, ലിയാൻഡ്രോ ട്രോസാർഡ് എന്നിവരാണ് ഗോളുകൾ നേടിയത്.
സമനിലയിൽ അവസാനിക്കും എന്ന് കരുതിയ മത്സരത്തിൽ അവസാന 20 മിനിറ്റുകളിൽ ആയിരുന്നു ലണ്ടൻ ക്ലബ്ബ് വിജയം പിടിച്ചെടുത്തു. 72-ാം മിനുറ്റിൽ മധ്യനിരയിൽ നിന്ന് ഒറ്റക്ക് കൊണ്ടുപോയി മാർട്ടിനെല്ലി സുന്ദരമായ ഗോളിലൂടെ ഇംഗ്ലീഷ് ക്ലബ്ബിന് ലീഡ് നേടിക്കൊടുത്തു. 87-ാം മിനുറ്റിൽ ബെൽജിയൻ താരം ട്രോസാർഡും കൂടി ഗോൾ നേടിയതോടെ ആർസണൽ വിജയം ഉറപ്പിച്ചു. ഇവിടെയും ഗോളിലേക്കുള്ള വഴി ഒരുക്കി കൊടുത്തത് മാർട്ടിനെല്ലി തന്നെയായിരുന്നു.
സാബി അലൻസോയുടെ കീഴിൽ ആദ്യ ചാമ്പ്യൻസ് ലീഗ് മത്സരത്തിനിറങ്ങിയ റയൽ മാഡ്രിഡ് ഫ്രഞ്ച് കരുത്തരായ ഒളിംപിക് ഡി മാർസെയെ തകർത്താണ് വിജയം സ്വന്തമാക്കിയത്. സാന്റിയാഗോ ബെർണബ്യൂവിൽ നടന്ന മത്സരത്തിൽ സൂപ്പർതാരം എംബാപ്പെയുടെ ഇരട്ട ഗോൾ മികവിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് വിജയിച്ചെങ്കിലും തിരിച്ചടിയോടെയാണ് മത്സരം തുടങ്ങിയതും അവസാനിച്ചതും.
അഞ്ചാം മിനുറ്റിൽ തന്നെ ട്രെന്റ് അലക്സാണ്ടർ അർനോൾഡിന് പരിക്ക് പറ്റിയതിനെ തുടർന്ന് കാർവാജലിനെ കളത്തിൽ ഇറക്കിയാണ് മത്സരം ആരംഭിച്ചത്. 22-ാം മിനുറ്റിൽ തിമോത്തി ടാർപെയിലൂടെ സന്ദർശകർ മുന്നിലെത്തിയത് റയലിനെ ഞെട്ടിച്ചു.
ഏഴു മിനിറ്റുകൾക്ക് ശേഷം റോഡ്രിഗോയെ ഫൗൾ ചെയ്തതിനെ തുടർന്ന് ലഭിച്ച പെനാൽറ്റി കൃത്യമായി വലയിലെത്തിച്ചു എംബാപ്പെ ആതിഥേയരെ ഒപ്പമെത്തിച്ചു.
പിന്നീടും ഇരു ടീമുകൾക്ക് പല തവണ അവസരങ്ങൾ ലഭിച്ചെങ്കിലും മുതലെടുക്കാനായില്ല. 72-ാം മിനുറ്റിൽ പകരക്കാരനായി ഇറങ്ങിയ കാർവാജൽ ചുവപ്പ് കാർഡ് കണ്ടു മടങ്ങിയത് തിരിച്ചടിയായെങ്കിലും 81-ാം മിനുറ്റിൽ റയലിന് വീണ്ടും പെനാൽറ്റി ലഭിക്കുന്നു. ഇത്തവണയും പെനാൽറ്റി എടുത്ത എംബാപ്പെ പിഴച്ചില്ല. ഗോൾ തിരിച്ചടിക്കാനായി എതിരാളികൾ ആക്രമിച്ചു കളിച്ചെങ്കിലും പിടിച്ചു നിർത്താൻ റയൽ താരങ്ങൾക്ക് കഴിഞ്ഞതോടെ വിജയം കൈക്കലാക്കി. എങ്കിലും അടുത്ത മത്സരങ്ങളിൽ അർനോൾഡിന്റെ പരിക്ക് തിരിച്ചടിയാകുമോ എന്ന് കണ്ടറിയാം.
നിലവിലെ യൂറോപ്പ ലീഗ് ചാമ്പ്യന്മാരായ ടോട്ടൻഹാം എതിരില്ലാത്ത ഒരൊറ്റ ഗോളിനാണ് സ്പാനിഷ് ക്ലബ്ബായ വിയ്യ റയലിനെ തകർത്തത്. നാലാം മിനുറ്റിൽ തന്നെ വിയ്യ റയൽ ഗോൾകീപ്പർ ലൂയിസ് ജൂനിയറിന് പറ്റിയ പിഴവാണ് ഗോളായി മാറിയത്. മറുവശത്ത് ടോട്ടൻഹാം ഗോൾകീപ്പർ ഗുഗ്ലിയൽമോ വികാരിയോയുടെ മികച്ച പ്രകടനം ഇംഗ്ലീഷ് ക്ലബ്ബിന് തുണയായി.
ജുവന്റസ് – ഡോർട്ട്മുണ്ട് ത്രില്ലർ പോരാട്ടം സമനിലയിൽ കലാശിച്ചു. ഇരു ടീമുകളും നാല് ഗോളുകൾ വീതമടിച്ചാണ് മത്സരം അവസാനിച്ചത്. ആതിഥേയരായ ജുവന്റ്സ് അവസാന നിമിഷങ്ങളിൽ നേടിയ രണ്ടു ഗോളുകളാണ് തോൽവിയിൽ നിന്നു കര കയറ്റിയത്. ഇറ്റാലിയൻ ക്ലബിന് വേണ്ടി ദുസാൻ വ്‌ലഹോവിച്ച് (67, 90+4) ഇരട്ട ഗോളുകൾ നേടിയപ്പോൾ കെനാൻ യിൽഡിസ് (63), ലോയ്ഡ് കെല്ലി ( 90+6) എന്നിവർ ഓരോ ഗോളും വീതവും നേടി. ജർമൻ ക്ലബ്ബിനുവേണ്ടി ഗോളുകൾ നേടിയത് കരിം അഡെയെമി ( 52), ഫെലിക്സ് എൻമെച്ച ( 65), ബ്യൂണോ കൂട്ടോ ( 74), ബെൻസെബൈനി (86 – പെനാൽറ്റി) എന്നിവരാണ്.
മറ്റു മത്സരങ്ങൾ
പിഎസ്‌വി ഐൻഹോവൻ – 1 ( റൂബൻ വാൻ ബൊമ്മൽ – 90)
യൂണിയൻ സെൻ്റ്-ഗില്ലോയിസ് – 3 ( പ്രോമിസ് ഡേവിഡ് – 9 പെനാൽറ്റി / അനൗർ ഐത് എൽ ഹാജ് – 39 / കെവിൻ മാക് അലിസ്റ്റർ – 81)
ബെൻഫിക്ക – 2 ( സാമുവൽ ഏലിയാസ് ഡാൽ – 6 / പാവ്‌ലിഡിസ് – 16)
ഖരാബാഗ് – 3 ( ലിയാൻഡ്രോ ആൻഡ്രേഡ് – 30 / ഡുറാൻ മാർക്വേസ് – 48 / ഒലെക്സി കാഷ്ചുക് – 86)