കോൽക്കത്ത– ടി-ട്വന്റി ലോകകപ്പിന്റെ നിർണായക മത്സരത്തിൽ മലയാളി താരം സഞ്ജു സാംസണിന്റെ ബാറ്റിംഗ് മികവിൽ വെസ്റ്റിൻഡീസിനെ അഞ്ചു വിക്കറ്റിന് തകർത്ത് ഇന്ത്യ സെമിയിലേക്ക്. ആദ്യ ബാറ്റിംഗിന് ഇറങ്ങിയ വെസ്റ്റ് ഇൻഡീസ് നിശ്ചിത ഓവറിൽ നാലു വിക്കറ്റ് 195 റൺസ് എടുത്തപ്പോൾ മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ മലയാളി താരത്തിന്റെ വെടിക്കെട്ട് ബാറ്റിംഗിൽ നാലു പന്ത് ബാക്കി നിൽക്കെ ലക്ഷ്യം കാണുകയായിരുന്നു. 50 പന്തിൽ 12 ഫോറും നാല് സിക്സും അടക്കം 97 റൺസാണ് സഞ്ജു അടിച്ചെടുത്തത്.
ഈഡൻ ഗാർഡിൽ ടോസ് ലഭിച്ച ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഒന്നാം വിക്കറ്റിൽ തന്നെ മികച്ച ഷോട്ടുകളുമായി ഷായ് ഹോപ്പ് – റോസ്റ്റൺ ചെസ് സഖ്യം റൺസ് പടുത്തുയർത്തി. ഒമ്പതാമത്തെ ഓവറിൽ സ്കോർ 68ൽ നിൽക്കേയാണ് ആദ്യ വിക്കറ്റ് ഇന്ത്യ നേടിയത്. 33 പന്തിൽ 32 റൺസ് റൺസ് ഹോപ്പിനെ വരുൺ ചക്രവർത്തിയാണ് മടക്കിയത്. സ്കോർ 102ൽ നിൽക്കെ 12 പന്തിൽ 27 റൺസ് ഹെറ്റ്മയറിനെയും ബുമ്ര മടക്കി. പിന്നാലെ ചെസ് ( 25 പന്തിൽ 40), റൂഥർ ഫോർഡ് ( 14) എന്നിവരെയും നഷ്ടമായതോടെ ഒരു ഘട്ടത്തിൽ നാലു വിക്കറ്റിന് 119 റൺസ് എന്ന നിലയിലായി.
തുടർന്ന് ക്രീസിൽ എത്തിയ റോവ്മാൻ പവൽ ( പുറത്താകാതെ 19 പന്തിൽ 34), ജെസൺ ഹോൾഡർ ( പുറത്താകാതെ 22 പന്തിൽ 37 ) എന്നിവരുടെ ബാറ്റിംഗ് ആണ് 190 കടത്തിയത്. ഇന്ത്യക്ക് വേണ്ടി ബുമ്ര രണ്ട് വിക്കറ്റും, വരുൺ ചക്രവർത്തി, ഹാർദിക് പാണ്ഡ്യ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.
മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യക്ക് ആദ്യ അഞ്ച് ഓവറിനിടെ അഭിഷേക് ശർമ, ഇഷാൻ കിഷൻ എന്നിവരെ നഷ്ടമായി. ഇരുവരും നേടിയത് 10 റൺസ് മാത്രമാണ്. ക്രീസിൽ എത്തിയ സൂര്യയെ കൂട്ടുപിടിച്ച് സഞ്ജു റൺസ് ഉയർത്തി. തുടരെത്തുടരെ മലയാളി താരം ബൗണ്ടറികൾ കടത്തിയപ്പോൾ സൂര്യ സൂക്ഷിച്ചാണ് കളിച്ചത്. ഇരുവരും ചേർന്ന് 58 കൂട്ട്കെട്ടാണ് ഉണ്ടാക്കിയത്. സ്കോർ 99ൽ നിൽക്കെ കൂറ്റനടിക്ക് ശ്രമിച്ച സൂര്യയെ ഷാമാർ ജോസഫ് മടക്കി. 18 റൺസ് ആണ് താരം നേടിയത്. പിന്നാലെ തിലക് വർമ്മ ( 15 പന്തിൽ 27 ), പാണ്ഡ്യ ( 14 പന്തിൽ 17) എന്നിവരുടെ സഞ്ജുവിന് മികച്ച പിന്തുണ നൽകി മടങ്ങി.
അവസാന ഓവറിൽ ഏഴ് റൺസ് ആയിരുന്നു ഇന്ത്യയുടെ ലക്ഷ്യം. ബൗൾ ചെയ്യാനെത്തിയ റൊമാറിയോ ഷേപ്പർഡിനെ ആദ്യ പന്തിൽ സിക്സും രണ്ടാം പന്തിൽ ഫോറും കടത്തി മലയാളി ഇന്ത്യക്ക് വിജയം സമ്മാനിച്ചു. ശിവം ദുബെ എട്ട് റൺസുമായി പുറത്താകാതെ നിന്നു. സഞ്ജുവാണ് കളിയിലെ താരം.
മാർച്ച് അഞ്ചിന് നടക്കുന്ന രണ്ടാം സെമിയിൽ ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടും. മുംബൈയിലാണ് മത്സരം. മാർച്ച് നാലിന് നടക്കുന്ന ആദ്യ സെമിയിൽ ദക്ഷിണാഫ്രിക്ക ന്യൂസിലാൻഡിനെയും നേരിടും.



