മാഡ്രിഡ്: സ്പാനിഷ് ലീഗിലെ ടോപേഴ്‌സായ റയല്‍ മാഡ്രിഡിനെ അട്ടിമറിച്ച് എസ്പാനിയോള്‍. ലീഗിലെ 17ാം സ്ഥാനക്കാരോട് ഒരു ഗോളിനാണ് റയല്‍ തോല്‍വി വഴങ്ങിയത്. 85ാം മിനിറ്റില്‍ എസ്പാനിയോള്‍ വിജയ ഗോള്‍ നേടി. കാര്‍ലോസ് റൊമേറോയാണ് ഗോള്‍ നേടിയത്. മറ്റൊരു മല്‍സരത്തില്‍ മയ്യോര്‍ക്കയെ എതിരില്ലാത്ത രണ്ട് ഗോളിന് വീഴ്ത്തി അത്‌ലറ്റിക്കോ മാഡ്രിഡ് രണ്ടാം സ്ഥാനം നിലനിര്‍ത്തി.സാമുവല്‍ ലിനോയും ഗ്രീസ്മാനുമാണ് അത്‌ലറ്റിക്കോയ്ക്കായി സ്‌കോര്‍ ചെയ്തത്. റയലുമായി ഒരു പോയിന്റ് വ്യത്യാസത്തിലാണ് അത്‌ലറ്റിക്കോ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നത്. മറ്റൊരു മല്‍സരത്തില്‍ വിയ്യാറയല്‍ 5-1ന് റയല്‍ വലാഡോളിഡിനെ പരാജയപ്പെടുത്തി.വിയ്യാറയല്‍ അഞ്ചാം സ്ഥാനത്താണ്.
ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂള്‍ എഎഫ്‌സി ബേണ്‍മൗത്തിനെ എതിരില്ലാത്ത രണ്ട് ഗോളിന് മറികടന്നു. മുഹമ്മദ് സലാഹ് ചെമ്പടയ്ക്കായി ഇരട്ട ഗോളുകള്‍ നേടി. മറ്റൊരു മല്‍സരത്തില്‍ നോട്ടിങ്ഹാം ഫോറസ്റ്റ് എതിരില്ലാത്ത ഏഴ് ഗോളിന് ബ്രിങ്ടണെ വീഴ്ത്തി. ലെസ്റ്റര്‍ സിറ്റിയെ എവര്‍ട്ടണ്‍ എതിരില്ലാത്ത നാല് ഗോളിനും മറികടന്നു. സതാംപ്ടണ് ഇപ്‌സ്വിച്ച് ടൗണിനെ 2-1ന് പരാജയപ്പെടുത്തി. ഫുള്‍ഹാം ന്യൂകാസിലിനെ 2-1നും തോല്‍പ്പിച്ചു.
ലീഗില്‍ നോട്ടിങ്ഹാം മൂന്നാം സ്ഥാനത്താണ്. ഇന്ന് നടക്കുന്ന മല്‍സരത്തില്‍ ആഴ്‌സണല്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ നേരിടും.