ഗുവാഹത്തി: രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയെ 408 റൺസിന് തകർത്ത് ദക്ഷിണാഫ്രിക്ക ചരിത്ര വിജയവും പരമ്പരയും സ്വന്തമാക്കി. രണ്ട് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പര 2-0ന് തൂത്തുവാരിയ സന്ദർശകർ 1999-2000ന് ശേഷം ഇന്ത്യൻ മണ്ണിൽ നേടുന്ന ആദ്യത്തെ ടെസ്റ്റ് പരമ്പര വിജയമായി ഇത്. റൺ അടിസ്ഥാനത്തിൽ ഇന്ത്യക്ക് സ്വന്തം നാട്ടിൽ നേരിടേണ്ടി വന്ന ഏറ്റവും വലിയ തോൽവി കൂടിയാണിയാണിത്. ബാറ്റ് കൊണ്ടും പന്ത് കൊണ്ടും ഇന്ത്യയെ ദ്രോഹിച്ച മാർക്കോ യാൻസൻ ആണ് കളിയിലെ താരം. സൈമൺ ഹാർമർ പരമ്പരയുടെ താരമായി.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിംഗ്‌സിൽ സെനുരൻ മുത്തുസാമിയുടെ കന്നി ടെസ്റ്റ് സെഞ്ച്വറിയുടെ കരുത്തിൽ 489 എന്ന കൂറ്റൻ സ്കോർ സ്വന്തമാക്കിയിരുന്നു. വെടിക്കെട്ട് ബാറ്റിങ്ങിലൂടെ 93 റൺസുമായി യാൻസനും മികച്ച പ്രകടനം കാഴ്ചവച്ചു. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് 201-ൽ അവസാനിച്ചു. കരിയറിലെ മികച്ച ബൌളിങ് പ്രകടനം പുറത്തെടുത്ത മാർക്കോ യാൻസന് 48 റൺസ് മാത്രം നൽകി ആറു വിക്കറ്റും സൈമൺ ഹാർമർ 45 റൺസിന് മൂന്നു വിക്കറ്റും വീഴ്ത്തിയതോടെ ഇന്ത്യൻ പതനം പൂർണമായി. വെറ്ററൻ താരം കെ.എൽ രാഹുൽ (52) മാത്രമാണ് ചെറുത്തുനിന്നത്.
288 റൺസിന്റെ ലീഡുമായി രണ്ടാം ഇന്നിംഗ്‌സ് തുടങ്ങിയ ദക്ഷിണാഫ്രിക്ക ട്രിസ്റ്റൻ സ്റ്റബ്സിന്റെ (94) മികവിൽ 260/5 എന്ന നിലയിൽ ഡിക്ലയർ ചെയ്ത് 549 റൺസിന്റെ വിജയലക്ഷ്യം ഇന്ത്യക്ക് മുന്നിൽ വെച്ചു. ഇന്ത്യ സ്വന്തം മണ്ണിൽ നേരിടുന്ന ഏറ്റവും ഉയർന്ന ടെസ്റ്റ് വിജയലക്ഷ്യമാണിത്.
നാലാം ദിനം രണ്ടു വിക്കറ്റ് നഷ്ടമായിരുന്ന ഇന്ത്യക്ക് അവസാന ദിനത്തിൽ ചെറുത്തുനിൽപ്പില്ലാതെ കീഴടങ്ങുകയായിരുന്നു. 63.5 ഓവറിൽ വെറും 140 റൺസിന് ടീം ഓൾ ഔട്ടായി. 37 റൺസിന് ആറു വിക്കറ്റെടുത്ത ഹാർമറിനു മുന്നിലാണ് ഇന്ത്യൻ ബാറ്റിങ് ആടിയുലഞ്ഞത്. രവീന്ദ്ര ജഡേജയുടെ (54) അർധ സെഞ്ച്വറി ഒഴിച്ചു നിർത്തിയാൽ ബാറ്റിങ് ദുരന്തമായിരുന്നു. 16 റൺസെടുത്ത നിതീഷ് കുമാർ റെഡ്ഡിയാണ് ഇന്ത്യയുടെ രണ്ടാമത്തെ ടോപ് സ്‌കോറർ.
ഈ തോൽവിയോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് പട്ടികയിൽ ഇന്ത്യ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഇംഗ്ലണ്ടിനും ബംഗ്ലാദേശിനുമെതിരായ ടെസ്റ്റ് പരമ്പരകൾ ഇന്ത്യക്ക് ഇനി നിർണായകമാകും. ദക്ഷിണാഫ്രിക്കയുടെ പര്യടനത്തിന്റെ ഭാഗമായുള്ള ഏകദിന മത്സരങ്ങൾ ഡിസംബർ 1ന് ഗുവാഹത്തിയിൽ ആരംഭിക്കും.



