മ്യൂണിക്ക്– ബയേൺ മ്യൂണിക്കിന്റെ പ്രമുഖ വിംഗർ കിംഗ്സ്ലി കോമാൻ സൗദി അറേബ്യൻ ക്ലബ്ബായ അൽ നസറിലേക്ക് കൂടുമാറാൻ ഒരുങ്ങുന്നു. 30 ദശലക്ഷം യൂറോയുടെ കരാറിൽ ഇരു ക്ലബ്ബുകളും ധാരണയിലെത്തിയതായി റിപ്പോർട്ട്. മൂന്ന് വർഷത്തെ കരാറാണ് കോമാന് ലഭിക്കുക. ഈ ആഴ്ചയ്ക്കുള്ളിൽ വൈദ്യപരിശോധന പൂർത്തിയാക്കി കോമാൻ അൽ നസറിന്റെ ഔദ്യോഗിക താരമാകും.
കോമാന്റെ വിടവാങ്ങൽ ബയേൺ മ്യൂണിക്കിന് ഒരു ക്ലബ് ഇതിഹാസത്തിന്റെ നഷ്ടമാണ്. പത്ത് വർഷത്തിനിടെ 339 മത്സരങ്ങളിൽ 72 ഗോളുകളും 71 അസിസ്റ്റുകളും നേടിയ കോമാൻ, ചാമ്പ്യൻസ് ലീഗ് കിരീടം മ്യൂണിക്കിലേക്ക് തിരികെ കൊണ്ടുവന്ന ആ അവിസ്മരണീയ ഗോളിന്റെ ഉടമയാണ്. ഫ്രഞ്ച് ദേശീയ ടീമിലും നിർണായക പങ്കുവഹിച്ച കോമാൻ, ബയേണിന്റെ കരുത്തുറ്റ മധ്യനിരയുടെ അവിഭാജ്യ ഭാഗമായിരുന്നു.
ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ നേതൃത്വത്തിലുള്ള അൽ നസർ, സ്പാനിഷ് താരം ഇനിഗോ മാർട്ടിനെസിനെയും പോർച്ചുഗീസ് ഫോർവേഡ് ജാവോ ഫെലിക്സിനെയും നേരത്തെ ടീമിലെത്തിച്ചിരുന്നു. കോമാന്റെ വരവോടെ, സൗദി പ്രോ ലീഗിലും ഏഷ്യൻ ഫുട്ബോൾ രംഗത്തും ആധിപത്യം പുലർത്താനാണ് അൽ നസറിന്റെ ലക്ഷ്യം.