മാഡ്രിഡ്– കിലിയൻ എംബാപ്പെയുടെ അഭാവത്തിൽ റയൽ മാഡ്രിഡിന്റെ ഗോളടി വീരനായി അവതരിച്ച് യുവതാരം ഗോൺസാലോ ഗാർഷ്യ. സ്പാനിഷ് ലാ ലിഗയിൽ റിയൽ ബെറ്റിസിനെ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക് തകർത്ത് റയൽ മാഡ്രിഡ് പോയിന്റ് പട്ടികയിൽ ഒന്നാമതുള്ള ബാഴ്സലോണയുമായുള്ള പോയിൻ്റ് വ്യത്യാസം കുറച്ചു. സ്വന്തം തട്ടകമായ സാന്റിയാഗോ ബെർണബ്യൂവിൽ നടന്ന മത്സരത്തിൽ 21-കാരനായ അക്കാദമി താരം ഗോൺസാലോ ഗാർഷ്യ ഹാട്രിക് നേടിയപ്പോൾ, റൗൾ അസെൻസിയോ, ഫ്രാൻ ഗാർഷ്യ എന്നിവർ ഓരോ ഗോൾ വീതം നേടി.
മുട്ടിനേറ്റ പരിക്കു കാരണം എംബാപ്പെ പുറത്തിരുന്ന മത്സരത്തിൽ ഗാർഷ്യക്ക് ലഭിച്ച ആദ്യ അവസരം തന്നെ താരം ഗംഭീരമാക്കി. 20-ാം മിനുറ്റിൽ റോഡ്രിഗോയുടെ ഫ്രീ കിക്കിൽ നിന്ന് ലഭിച്ച പന്ത് മനോഹരമായ ഒരു ഹെഡറിലൂടെ വലയിലെത്തിച്ച് ഗാർഷ്യ മാഡ്രിഡിന് ലീഡ് നൽകി. രണ്ടാം പകുതിയുടെ തുടക്കത്തിൽ ഫെഡെ വാൽവെർഡെ നൽകിയ ലോങ് ബോൾ നെഞ്ചിലൊതുക്കി ബോക്സിന് പുറത്തുനിന്നും ഉതിർത്ത വോളിയിലൂടെ താരം രണ്ടാം ഗോൾ നേടി.
56-ാം മിനുറ്റിൽ മുൻപായി റോഡ്രിഗോയുടെ കോർണറിൽ നിന്ന് റൗൾ അസെൻസിയോ ടീമിൻ്റെ ലീഡ് വർധിപ്പിച്ചു. 66-ാം മിനുറ്റിൽ കുച്ചോ ഹെർണാണ്ടസിലൂടെ ബെറ്റിസ് ഒരു ഗോൾ തിരിച്ചടിച്ചെങ്കിലും അത് റയലിന്റെ ആധിപത്യത്തെ തടയാനായില്ല. 83-ാം മിനിറ്റിൽ അർദ ഗുലറുടെ ക്രോസിൽ നിന്ന് പന്ത് മനോഹരമായി ഫ്ലിക്ക് ചെയ്ത് ഗാർഷ്യ തന്റെ ഹാട്രിക് പൂർത്തിയാക്കി. മത്സരം അവസാനിക്കാൻ മിനുറ്റുകൾ ബാക്കിനിൽക്കെ ഫ്രാൻ ഗാർഷ്യ മാഡ്രിഡിന്റെ അഞ്ചാം ഗോളും നേടി വിജയം ആധികാരികമാക്കി. നിലവിൽ പോയിന്റ് പട്ടികയിൽ ബാഴ്സലോണയേക്കാൾ നാല് പോയിന്റ് പിന്നിലായി രണ്ടാം സ്ഥാനത്താണ് റയൽ മാഡ്രിഡ്.
മറ്റൊരു മത്സരത്തിൽ അത്ലറ്റികോ മാഡ്രിഡിനെ റയൽ സോസിഡാഡ് സമനിലയിൽ തളച്ചു (1-1). സോസിഡാഡിന്റെ തട്ടകത്തിൽ നടന്ന മത്സരത്തിൽ 50 മിനുറ്റിൽ അലക്സാണ്ടർ സോർലോത്തിന്റെ ഗോളിൽ അത്ലറ്റികോ മുന്നിലെത്തിയെങ്കിലും അഞ്ച് മിനുറ്റുകൾക്ക് ശേഷം ഗോൺസലോ ഗ്വെഡെസിലൂടെ തിരിച്ചടിച്ച് ആതിഥേയർ സമനില പിടിക്കുകയായിരുന്നു.
മറ്റു മത്സരങ്ങൾ
സെവിയ്യ – 0
ലെവന്റെ – 3 ( ഐകർ ലോസഡ – 45+2/ കാർലോസ് എസ്പി – 77/ കാർലോസ് ആൽവരസ് 90+4)
ഡിപാർട്ടിവോ അലാവസ് – 1 ( ലുക്കസ് ബോയെ – 69)
റയൽ ഒവിഡോ – 1 ( ഫ്രെഡറിക്കോ വിനസ് – 56)
മയ്യോർക്ക – 1( വേദത് മുറിക്കി – 90+1 – പെനാൽറ്റി)
ജിറോണ – 2 ( വിറ്റാലിയോവിച്ച് സിഹാങ്കോവ് – 25/ ആൻഡ്രിയോവിച്ച് വനത്ത് – 63 – പെനാൽറ്റി )



