ന്യൂജേഴ്‌സി– കോച്ച് ലൂയി എൻറിക്കിന്റെ വരവോടെ ഫ്രഞ്ച് ക്ലബ് നേട്ടങ്ങളും മാറ്റങ്ങളുമായി യൂറോപ്പിൽ തങ്ങളുടെ ആധിപത്യം തുടരുകയാണ്. ഈ സീസണിൽ നേടിയ ലീഗ് ടൈറ്റിൽ, ഫ്രഞ്ച് സൂപ്പർ കപ്പ്, ഏറ്റവും പ്രധാനമായ, തങ്ങൾ ഏറെ ആഗ്രഹിച്ചിരുന്ന ആദ്യത്തെ ചാമ്പ്യൻസ് ലീഗ് കിരീടം, ഒടുവിലിതാ വമ്പന്മാരെയൊക്കെ മറികടന്ന് ക്ലബ് ലോകകപ്പിന്റെ ഫൈനലിലേക്കും. വെറും ജയങ്ങൾക്കപ്പുറം സുന്ദരമായ ഫുട്‌ബോളാണ് പി.എസ്.ജി കാഴ്ച്ചവെക്കുന്നത്. മധ്യനിരയിൽ നിന്ന് കളി മെനഞ്ഞ് കുറിയ പാസുകളും,വേഗതയേറിയ മുന്നേറ്റങ്ങളുമായി കളം നിറയുകയാണ് എൻറികിന്റെ സംഘം. വലിയ സ്വപ്‌നങ്ങളും കിരീട മോഹങ്ങളുമായി കൂടുമാറിയ എമ്പാപ്പെ നിലവിലെ പി.എസ്.ജിയുടെ കളി മികവിൽ കുറച്ചെങ്കിലും അസൂയപ്പെട്ടിട്ടുണ്ടാകണം.പരിക്കുകൾക്കൊണ്ട് വിധിയെഴുതിയിരുന്ന ഡെമ്പെലെ തന്റെ കരിയറിലെ തന്നെ ഏറ്റവും ഉയർന്ന ഫോമിൽ നിൽക്കുകയും ബാലൻഡിയോർ ഫാവറിറ്റായ് ഫുട്‌ബോൾ നിരീക്ഷകരും ആരാധകരും കാണുകയും ചെയ്യുന്നു. ക്ലബ് ലോകകപ്പ് കൂടെ നേടിയാൽ യൂറോപ്പിൽ ഇനി എതിരാളികളില്ല ഫ്രഞ്ച് ടീമിന്.
റയലിനെ നാണം കെടുത്തി പി.എസ്.ജിയുടെ ഫൈനൽ പ്രവേശനം
ഫുട്‌ബോൾ ലോകം ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കിയിരുന്ന മത്സരമായിരുന്നു റയൽ-പി.എസ്.ജി സെമിഫൈനൽ. ശക്തരായ ഇരു ടീമുകൾ കടുത്ത മത്സരം കാഴ്ച്ച വെക്കുമെന്നും,തുല്ല്യ ശക്തികളുടെ പോരാട്ടമായിരിക്കുമെന്നായിരുന്നു വിലയിരുത്തൽ. എന്നാൽ നിരീക്ഷണങ്ങുടെയെല്ലാം മുനയൊടിച്ച് മത്സരത്തിൽ പി.എസ്.ജി പൂണ്ടു വിളയാടി. കളിയുടെ തുടക്കത്തിൽ തന്നെ ഇടവേളയില്ലാതെ റയൽ രണ്ടു ഗോളുകൾ വാങ്ങിക്കൂട്ടി. കളി തുടങ്ങി 6-ാം മിനുട്ടിലേക്ക് കടന്നപ്പോൾ തന്നെ റിയൽ ഡിഫണ്ടർ അസെൻസിയോയുടെ പിഴവിൽ പന്ത് കോരിയെടുത്ത് ഗോളാക്കാൻ ശ്രമിച്ച ഡെമ്പെലെ, പക്ഷേ റയൽ ഗോൾകീപ്പർ കോർട്ടോയിസ് തട്ടിമാറ്റിയെങ്കിലും പന്ത് നേരെ ചെന്നത് പി.എസ്.ജി താരം ഫാബിയാൻ റൂയിസിന്റെ അടുത്തേക്കും, അദ്ദേഹം ബോൾ വലയിലേക്ക് തൊടുത്ത് വിടുകയും ചെയ്യുന്നു. ആദ്യ ഗോൾ പിറന്ന് രണ്ട് മിനുട്ടുകൾക്ക് ശേഷം റയലിന്റെ ഡിഫണ്ടർ റുഡിഗറിനും ഒരു വലിയ പിഴവ് സംഭവിക്കുന്നു. ലാസ്റ്റ് മാൻ ആയിരുന്ന റുഡിഗർ ബോൾ പാസ് ചെയ്യാൻ ശ്രമിക്കുകയും പിഴക്കുകയും ചെയ്തു. അവസരം കാത്തു നിന്ന ഡെമ്പെലെ പന്ത് റാഞ്ചിയെടുത്ത് പോസ്റ്റിലേക്ക് കുതിച്ച് പാഞ്ഞ് മനോഹരമായി ബോൾ വലയിലേക്കെത്തിക്കുന്നു. തന്റെ പഴയ ക്ലബിനെതിരെ മുന്നേറ്റങ്ങൾ നടത്താൻ നോക്കിയ എമ്പാപ്പെയെ ക്യത്യമായി ഇടപെട്ട് പൂട്ടിക്കെട്ടുന്ന പി.എസ്.ജി ഡിഫണ്ടേർസ്. 23-ാം മിനുട്ടിൽ സുന്ദരമായ ഡയഗ്നൽ പാസുകളിലൂടെ റയൽ ഡിഫൻസ് പൊട്ടിച്ച് പെനാൽട്ടി ബോക്‌സിലെത്തുകയും 8-ാം നമ്പർ താരം ഫാബിയാൻ റൂയിസ് വീണ്ടും പന്ത് വലയിലേക്കെത്തിക്കുന്നു. ആദ്യ ഇരുപതു മിനുട്ടുകളിൽ തന്നെ മൂന്ന് ഗോളുകൾക്ക് മുന്നിടുന്ന പി.എസ്.ജി. തങ്ങൾ തകർച്ചയുടെ വക്കിലാണെന്ന് റിയൽ മഡ്രിഡിന് ബോധ്യപ്പെട്ട നിമിഷങ്ങളായിരുന്നു പിന്നീട്. തുടർന്ന് ഒരുപാട് അവസരങ്ങൾ ലഭിച്ച പി.എസ്.ജി കളിയുടനീളം ആധിപത്യം പുലർത്തുന്നു. ഗാലറിയിൽ മുഴുവൻ തിങ്ങിക്കൂടിയ ഭൂരിഭാഗം വരുന്ന റയൽ ആരാധകർ നിരാശയിലേക്ക് മടങ്ങേണ്ടി വരുന്നു. രണ്ടാം പകുതിയുടെ അവസാന നിമിഷങ്ങളില്‍ ഗോണ്‍സാലോ റാമോസ് പി എസ് ജിയുടെ ഗോള്‍പ്പട്ടിക തികച്ച് ക്ലബ് ലോകകപ്പിന്റെ ഫൈനലിലേക്ക് കടക്കുന്നു.
ക്ലബ് ലോകകപ്പ് ഫൈനലിൽ പി.എസ്.ജി ഇംഗ്ലീഷ് കരുത്തരായ ചെൽസിയെ നേരിടും. ജൂലൈ 14ന് മെറ്റ് ലൈഫ് സ്റ്റേഡിയത്തിലാണ് പോരാട്ടം നടക്കുക