ജയ്‌പുർ– ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2026 സീസണിൽ രാജസ്ഥാൻ റോയൽസിനെ യുവ ഓൾറൗണ്ടർ റിയാൻ പരാഗ് നയിക്കും. ദീർഘകാലം ടീമിനെ നയിച്ച മലയാളി താരം സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിംഗ്‌സിലേക്ക് ചേക്കേറിയതിനെത്തുടർന്നാണ് പരാഗിനെ നായകനായി മാനേജ്‌മെന്റ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. സീനിയർ താരം രവീന്ദ്ര ജഡേജ, യുവ ഓപ്പണർ യശസ്വി ജയ്‌സ്വാൾ എന്നിവരെ മറികടന്നാണ് 24-കാരനായ പരാഗിലേക്ക് നായകസ്ഥാനം എത്തിയത്.
മുഖ്യ പരിശീലകൻ കുമാർ സംഗക്കാര ടീമിലെ പ്രമുഖ താരങ്ങളുമായി നടത്തിയ ചർച്ചകൾക്കും അഭിമുഖങ്ങൾക്കും ശേഷമാണ് പരാഗിന്റെ പേര് നിർദേശിച്ചത്. ‘ഇഎസ്പിഎൻ ക്രിക്ഇൻഫോ’യുടെ റിപ്പോർട്ട് പ്രകാരം, പരാഗിനൊപ്പം ജയ്‌സ്വാളിനെയും ധ്രുവ് ജുറെലിനെയും നായകസ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു. എന്നാൽ ദീർഘകാലാടിസ്ഥാനത്തിൽ ടീമിനെ നയിക്കാൻ പരാഗിന്റെ യുവത്വവും ടീമിനോടുള്ള പ്രതിബദ്ധതയുമാണ് നല്ലതെന്ന് മാനേജ്‌മെന്റ് വിലയിരുത്തി. ചെന്നൈയിൽ നിന്ന് ട്രേഡിംഗിലൂടെ എത്തിയ രവീന്ദ്ര ജഡേജയുടെ പരിചയസമ്പത്തിനേക്കാൾ പരാഗിന്റെ നേതൃപാടവത്തിനാണ് സംഗക്കാര മുൻഗണന നൽകിയത്. 2019-ൽ അരങ്ങേറ്റം കുറിച്ചത് മുതൽ ടീമിനൊപ്പമുള്ള പരാഗ് റോയൽസ് കുടുംബത്തിലെ അവിഭാജ്യ ഘടകമാണ്.
ഇതാദ്യമായല്ല പരാഗ് രാജസ്ഥാന്റെ അമരത്തെത്തുന്നത്. കഴിഞ്ഞ സീസണിൽ സഞ്ജു സാംസണ് പരിക്കേറ്റപ്പോൾ 8 മത്സരങ്ങളിൽ പരാഗ് ടീമിനെ നയിച്ചിരുന്നു. എങ്കിലും നയിച്ച 8 മത്സരങ്ങളിൽ രണ്ടെണ്ണത്തിൽ മാത്രമാണ് ടീമിന് വിജയിക്കാനായത്. പുതിയ സീസണിൽ ആ കുറവ് നികത്താമെന്ന ആത്മവിശ്വാസത്തിലാണ് താരം.
11 വർഷം നീണ്ട ബന്ധം അവസാനിപ്പിച്ചാണ് സഞ്ജു സാംസൺ കഴിഞ്ഞ നവംബറിൽ രാജസ്ഥാൻ വിട്ടത്. 18 കോടി രൂപയുടെ റെക്കോർഡ് ട്രേഡിലൂടെ സഞ്ജു ചെന്നൈയിലെത്തിയപ്പോൾ, പകരം രവീന്ദ്ര ജഡേജയെയും സാം കറനെയുമാണ് രാജസ്ഥാൻ സ്വന്തമാക്കിയത്. നായകസ്ഥാനം ഉറപ്പുനൽകിയാണ് ജഡേജയെ എത്തിച്ചതെന്ന റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും, ഒടുവിൽ മാനേജ്‌മെന്റ് യുവത്വത്തിന് വോട്ട് ചെയ്യുകയായിരുന്നു.



