ഗാസ– ഫലസ്തീൻ ഫുട്ബോൾ ആരാധകർക്കിടയിൽ “ഫലസ്തീൻ പെലെ” എന്നറിയപ്പെട്ടിരുന്ന മുൻ ദേശീയ ടീം അംഗമായ സുലൈമാൻ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു. 41കാരനായ ഉബൈദിനെ തെക്കൻ ഗാസയിൽ ഭക്ഷ്യ സഹായം തേടുന്നതിനിടെ ഇസ്രായേൽ സൈന്യം വെടിവെച്ചു കൊല്ലുകയായിരുന്നു. കഴിഞ്ഞദിവസമാണ് ഫലസ്തീൻ ഫുട്ബോൾ അസോസിയേഷൻ (പി. എഫ്. എ ) താരം കൊല്ലപ്പെട്ടതായി ഔദ്യോഗികമായി അറിയിച്ചത്.
ഫലസ്തീൻ ഫുട്ബോൾ ലീഗുകളിൽ 100ൽ അധികം ഗോളുകൾ താരം നേടിയിട്ടുണ്ടായിരുന്നു. ഖദാമത്ത് അൽ ഷാത്തി ക്ലബിലൂടെയാണ് ഉബൈദ് കരിയർ ആരംഭിച്ചത്. പിന്നീട് ഷബാബ് അൽ-അമാരി,ഗസ്സ സ്പോർട്സ് ക്ലബ് എന്നിവർക്ക് വേണ്ടിയും കളിച്ചതിലൂടെ “ഫലസ്തീൻ പെലെ” എന്ന പേര് ആരാധകർക്കിടയിൽ ഉയർന്നു.
2012 എ.എഫ്.സി ചലഞ്ച് കപ്പ് യോഗ്യതാ മത്സരങ്ങളിലും,2014 ലോകകപ്പ് യോഗ്യതാ മത്സരങ്ങളിലും ഫലസ്തീൻ ദേശീയ ടീമിന് വേണ്ടിയും താരം ബൂട്ട് കെട്ടിയിരുന്നു.
ഉബൈദിന്റെ മരണത്തോടെ കളിക്കാർ, പരിശീലകർ, റഫറിമാർ, ഉദ്യോഗസ്ഥർ എന്നിവർ ഉൾപ്പെടെ 321 ഫുട്ബോൾ പ്രൊഫഷണലുകൾ കൊല്ലപ്പെട്ടു എന്നാണ് ഫെഡറേഷൻ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.ഉബൈദിന്റെ മരണത്തെ തുടർന്ന് ഇസ്രയേൽ ഫുട്ബോൾ അസോസിയേഷന്റെ അംഗത്വം ഫിഫ താൽക്കാലികമായി നിർത്തിവെക്കണമെന്ന് മനുഷ്യാവകാശ സംഘടനകൾ വീണ്ടും ആവശ്യം ഉയർത്തിയിരിക്കുകയാണ്.