ലാഹോർ– ഇന്ത്യൻ ടി-20 നായകൻ സൂര്യകുമാർ യാദവ് ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (എ.സി.സി) ഓഫീസിലെത്തി ഏഷ്യ കപ്പ് കിരീടം ഏറ്റുവാങ്ങണമെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ മുഹ്സിൻ നഖ്‌വി ആവശ്യപ്പെട്ടു. ഇന്ത്യക്ക് നേരിട്ട് ട്രോഫി കൈമാറുന്നതിന് പകരം അത് എ.സി.സി-യ്ക്ക് വിടാമെന്ന് നഖ്‌വി സമ്മതിച്ചതായി പാകിസ്ഥാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഞായറാഴ്ച എട്ട് ടീമുകൾ പങ്കെടുത്ത ടൂർണമെന്റിന്റെ ഫൈനലിൽ ഇന്ത്യ പാകിസ്ഥാനെ അഞ്ച് വിക്കറ്റിന് തോൽപ്പിച്ച് കിരീടം ചൂടി. എന്നാൽ മൈതാനത്തിന് പുറത്ത് അധികാര പോരാട്ടം തുടരുകയാണ്. എ.സി.സി ചെയർമാൻ എന്നതിനപ്പുറം, പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് തലവനും ആഭ്യന്തര മന്ത്രിയുമായ നഖ്‌വി, ഇന്ത്യക്കെതിരായ പരാമർശങ്ങളും സോഷ്യൽ മീഡിയ പോസ്റ്റുകളും നടത്തിയിരുന്നു. ഇതോടെ ട്രോഫി സ്വീകരണം ഇന്ത്യന്‍ ടീം ഒഴിവാക്കുകയായിരുന്നു. 45 മിനിറ്റ് വൈകിയ പ്രസന്റേഷൻ ചടങ്ങിൽ പാകിസ്ഥാൻ ടീം റണ്ണറപ്പിനുള്ള ചെക്കും മെഡലുകളും സ്വീകരിച്ചു.
അതേസമയം, ഏഷ്യ കപ്പിന് പിന്നാലെ ഞായറാഴ്ച വനിതാ ഏകദിന ലോകകപ്പിൽ ഇന്ത്യയും പാകിസ്ഥാനും വീണ്ടും ഏറ്റുമുട്ടും. പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ഇന്ത്യയിൽ കളിക്കാൻ തയ്യാറല്ലെന്ന നിലപാട് എടുത്തതിനാൽ, മത്സരം ശ്രീലങ്കയിലെ കൊളംബോയിലുള്ള പ്രേമദാസ സ്റ്റേഡിയത്തിൽ നടക്കും. ഏഷ്യ കപ്പിലെ വിവാദങ്ങൾക്ക് പിന്നാലെ ഇന്ത്യ സമാന നിലപാട് തുടരുമെന്ന് സൂചനയുണ്ട്.
ഐസിസി ടൂർണമെന്റ് ആയതിനാൽ, ഹസ്തദാനം ഉൾപ്പെടെയുള്ള പതിവ് പ്രോട്ടോകോളുകൾ പാലിക്കേണ്ടി വരാം. ടോസ് സമയത്തും മത്സരശേഷവും കൈകൊടുക്കുന്നത് പതിവാണ്. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഇന്ത്യയുടെ നിലപാട് വ്യക്തമല്ല. ഹർമൻപ്രീത് കൗർ നയിക്കുന്ന ടീമിന് ബിസിസിഐ ഇതുവരെ പ്രത്യേക നിർദേശങ്ങൾ നൽകിയിട്ടില്ല. ഐസിസിയുടെ അന്തിമ തീരുമാനം അടുത്ത ദിവസങ്ങളിൽ വ്യക്തമാകും.