മലപ്പുറത്തെ പറച്ചിക്കോട്ടിൽ അഷ്ക്കർ അലി എന്ന ഫുട്ബാൾ റഫറിയെ അറിയാത്ത കളി പ്രേമികൾ ചുരുക്കമായിരിക്കും. എന്നാൽ, ഒന്നരപ്പതിറ്റാണ്ട് മുമ്പ് അദ്ദേഹം മികച്ചൊരു ഗോൾ കീപ്പറായിരുന്നുവെന്നത് പലർക്കും പുതിയ അറിവായിരിക്കും. സമർത്ഥനായൊരു പന്ത് പിടുത്തക്കാരനുവേണ്ട സകല കഴിവുകളും സമ്മേളിച്ച അഷ്ക്കർ അലി എന്ന ഗോൾകീപ്പറുടെ പോസ്റ്റ് ബാറിനു കീഴിലെ മാസ്മരിക പ്രകടനം പഴയ കാല കളിപ്രേമികളുടെ മനസ്സിൽ ഇന്നുമുണ്ടാകും.എതിരാളികളുടെ മൂർച്ചയേറിയ മുന്നേറ്റങ്ങളിൽ തെല്ലും പതറാതെ ഗോൾ വലക്കു മുന്നിൽ ഇരുമ്പ് വല തീർത്ത അഷ്ക്കർ അലിയുടെ ഉജജ്വല പ്രകടനങ്ങളധികവും ജില്ലാ ലീഗ് ഫുട്ബാളിലായിരുന്നു.
1986 ൽ പത്താം വയസ്സിൽ കളി തുടങ്ങിയ അഷ്ക്കർ അലി, തിരുവനന്തപുരം ജി.വി.രാജ സ്പോർട്സ് സ്കൂളിൽ പ്രവേശനം നേടിയിരുന്നുവെങ്കിലും പഠനം പൂർത്തിയാക്കാതെ നാട്ടിലേക്ക് മടങ്ങുകയായിരുന്നു. വലിയങ്ങാടി ബി.ബി.സിക്കു വേണ്ടിയാണ് ആദ്യമായി ജഴ്സിയണിഞ്ഞത്.തുടർന്ന് സോക്കറിന്റെ ജൂനിയർ,സീനിയർ ടീമുകളിലും സ്പോർട്ടിംഗ് ക്ലബ്ബിനും ഒതുക്കുങ്ങൽ ബാസ്കോക്കും കളിച്ചു.അതിനിടെ ഒരു പ്രാവശ്യം സബ് ജൂനിയർ ഡിസ്ട്രിക്ടിനും രണ്ട് തവണ (തൊടുപുഴയിലും തൃശൂരിലും ) സീനിയർ ഡിസ്ട്രിക്ടിനും മലപ്പുറം ജില്ലക്ക് കളിച്ചു. ജില്ലാ ലീഗ് ‘എ’, ‘ബി’ ഡിവിഷനുകളിൽ വിവിധ ടീമുകളുടെ ഗോൾ വല കാത്ത അഷ്ക്കർ അലിയുടെ മികച്ച പ്രകടനങ്ങളെല്ലാം അതുകൊണ്ടു തന്നെ ലീഗ് ഫുട്ബാളിലായിരുന്നു. സന്തോഷ് ട്രോഫിയിൽ കേരളത്തിന് കളിച്ച ആസിഫ് സഹീർ, ഷബീറലി, ജസീർ കരണത്ത്, ടൈറ്റാനിയം അൻവർ, കെ.എസ്.ഇ.ബി യുടെ മുജീബ് മുസ്ലിയാരകത്ത്, നവാസ് (ടൈറ്റാനിയം ) എന്നിവരെല്ലാം അസ്ക്കർ അലിക്കൊപ്പം കളിച്ചവരാണ്. മലപ്പുറം മൊയ്തീൻ കുട്ടി, കുഞ്ചിക്ക, എ.എസ്.സി ബാപ്പുട്ടി, കെ.എസ്.ആർ.ടി.സി താരമായിരുന്ന ഉസ്മാൻ കോയ, ഫിഫ റഫറിയായിരുന്ന ഹക്കീം എന്നിവർ അഷ്ക്കർ അലിയെ പരിശീലിപ്പിച്ചവരാണ്.
ഒരിക്കൽ ‘എ ‘ഡിവിഷൻ ലീഗിൽ ഒതുക്കുങ്ങൽ ബാസ്കോക്കുവേണ്ടി കളിച്ച മത്സരം അഷ്ക്കർ അലി ജീവിതത്തിലൊരിക്കലും മറക്കില്ല. അന്ന് എതിരാളികൾ മൈലപ്പുറം സെവൻസ് മൈലപ്പുറമായിരുന്നു.കളി തുടങ്ങിയപ്പോഴേ എതിരാളികളുടെ മുന്നേറ്റങ്ങൾ ഒന്നൊന്നായി വിഫലമാക്കുകയാണ് അഷ്ക്കർ മത്സരമാരംഭിച്ചിട്ട് മിനിട്ടുകൾ മാത്രമേ ആയിട്ടുള്ളു. അതിനിടെ അഷ്ക്കറലിക്ക് പരിക്കേറ്റു. കളിക്കളത്തിനു പുറത്തു പോയ അയാളുടെ തലക്ക് ആറ് തുന്നിടേണ്ടി വന്നു.പരിക്ക് ഭേദമായ അഷ്ക്കറലി പിന്നീട് കളിച്ചതേയില്ല.അതിനിടെ ജോലി തേടി സൗദി അറേബ്യയിലേക്ക് പോയി.ജിദ്ദയിലെ ദാറുൽ മർവ മെഡിസിൻ കമ്പനിയിലായിരുന്നു ജോലി. പ്രവാസത്തിനിടെ ജിദ്ദയിലെ കേരള ഇലവനുവേണ്ടി രണ്ട് വർഷം ഗോൾവല കാത്തു. രണ്ട് കൊല്ലം ടീമിന്റെ പരിശീലകനുമായി.നാലര വർഷത്തെ പ്രവാസത്തിനു ശേഷം നാട്ടിലേക്ക് മടങ്ങി.


2002 ൽ അഖിലേന്ത്യാ റഫറി ടെസ്റ്റ് പാസായി. പിന്നീട് മിടുക്കനായ ആപഴയ ഗോൾകീപ്പറെ ചുണ്ടിൽ വിസിലുമായി മികച്ചൊരു റഫറിയായിട്ടാണ് മൈതാനങ്ങളിൽ കണ്ടത്. മാന്യനായ റഫറി എന്ന് പേരെടുത്ത അഷ്ക്കർ അലി ഇതിനകം കേരളത്തിലങ്ങോളം ഒട്ടേറെ ടൂർണമെന്റുകളിൽ വിസിലൂതിയിട്ടുണ്ട്. കളിക്കളത്തിൽ ഗോൾകീപ്പറുടെയും റഫറിയുടെയും റോൾ വെല്ലുവിളി നിറഞ്ഞതാണങ്കിലും അഷ്ക്കർഅലിക്കത് പ്രയാസമായി തോന്നിയിട്ടില്ല. താൻ ഏറ്റവും ഇഷ്ടപ്പെട്ടിരുന്ന ഗോൾകീപ്പർ മെക്സിക്കോയുടെ ജോർജ് കാമ്പോസും ഇഷ്ടപ്പെട്ട ലോകകപ്പ് റഫറി കൊളീനയും ഇന്ത്യൻ റഫറി തന്റെ കളി പരിശീലകൻ കൂടിയായിരുന്ന ഫിഫ ഹക്കീമുമാണന്ന് അഷ്ക്കർ അലി പറഞ്ഞു.
കോഴിക്കോട്ടേ ഒരു കൺസ്ട്രക്ഷൻ കമ്പനിയിൽ സൂപ്പർവൈസറായി ജോലി നോക്കുകയാണ് അഷ്ക്കർ അലി ഇപ്പോൾ. പിതാവ് പരേതനായ മൊയ്തീൻകുട്ടി.മാതാവ് മേചീരി നഫീസ.ഭാര്യ ഹഫ്സ. മക്കൾ: ഫാത്തിമ ലിഷ, ദിയ ഫാത്തിമ. സഹോദരങ്ങൾ.ഹുസൈൻ, സാജുദ്ദീൻ, ഫൈസൽ.



