ജിദ്ദ: പൊന്നാനി മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറിയും മുൻ എം.എസ്.എഫ് സംസ്ഥാന നേതാവുമായിരുന്ന സി.എം. യൂസഫ് സാഹിബിന്റെ നിര്യാണത്തിൽ ജിദ്ദ പൊന്നാനി മണ്ഡലം കെ.എം.സി.സി അനുസ്മരണവും പ്രാർത്ഥനാ സദസ്സും സംഘടിപ്പിച്ചു. വിദ്യാർത്ഥി രാഷ്ട്രീയം മുതൽ പ്രസ്ഥാനത്തിന് വേണ്ടി നിരവധി ത്യാഗങ്ങൾ സഹിച്ച നേതാവായിരുന്നു സി.എം. യൂസഫ് സാഹിബെന്ന് യോഗം അനുസ്മരിച്ചു. പാർട്ടി പ്രവർത്തകർക്കായി എപ്പോഴും വാതിലുകൾ തുറന്നിട്ടിരുന്ന അദ്ദേഹം, തിരുവനന്തപുരത്ത് എത്തുന്ന ഏത് ലീഗ് പ്രവർത്തകനും വലിയൊരു ആശ്രയമായിരുന്നു. എം.എസ്.എഫിലൂടെ പൊതുരംഗത്തേക്ക് കടന്നുവന്ന് പിന്നീട് യൂത്ത് ലീഗിന്റെ അമരക്കാരനായും മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിലെ വിശ്വസ്തനായും അദ്ദേഹം തിളങ്ങി. ഏൽപ്പിച്ച ഉത്തരവാദിത്തങ്ങളിലൊക്കെയും നിഷ്കളങ്കമായ കർമ്മകുശലതയും ദീർഘവീക്ഷണവും അടയാളപ്പെടുത്തിയ നേതാവായിരുന്നു അദ്ദേഹം. പദവികളുടെ വലിപ്പമല്ല, മറിച്ച് ചെയ്യുന്ന പ്രവർത്തികളുടെ ആത്മാർത്ഥതയാണ് ഒരാളെ ജനപ്രിയനാക്കുന്നത് എന്ന് സ്വന്തം ജീവിതം കൊണ്ട് അദ്ദേഹം തെളിയിച്ചതായി യോഗത്തിൽ പങ്കെടുത്തവർ വികാരനിർഭരമായി പങ്കുവെച്ചു.
നാഷണൽ കെ.എം.സി.സി സെക്രട്ടറി നാസർ വെളിയംകോട് അധ്യക്ഷത വഹിച്ച ചടങ്ങ് ടി.എം.എ റൗഫ് ഉദ്ഘാടനം ചെയ്തു. സലീം ഗ്ലോബ് സ്വാഗതം പറഞ്ഞു. കെ.എം.സി.സിയുടെയും പൊതുരംഗത്തെയും പ്രമുഖ നേതാക്കളായ നിസാം മമ്പാട് (കെ.എം.സി.സി നാഷണൽ കമ്മറ്റി വൈസ് പ്രസിഡന്റ്), ലത്തീഫ് മുസ്ലിയാരങ്ങാടി (ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മറ്റി സെക്രട്ടറി), നാണി മാസ്റ്റർ (മലപ്പുറം ജില്ലാ കെ.എം.സി.സി ജനറൽ സെക്രട്ടറി), അബ്ദുള്ള ഹിറ്റാച്ചി (കാസർകോട് ജില്ലാ പ്രസിഡന്റ്), മുജീബ് പാങ്ങ് (അനീക്കസ് സെക്രട്ടറി), മുസ്തഫ (തിരൂർ മണ്ഡലം സെക്രട്ടറി), മജീദ് കോട്ടീരി (മുൻ മലപ്പുറം ജില്ല കെ.എം.സി.സി ജനറൽ സെക്രട്ടറി), മുഹമ്മദലി മുസ്ലിയാർ (പെരിന്തൽമണ്ണ മണ്ഡലം കെ.എം.സി.സി പ്രസിഡന്റ്), അഷറഫ് മുല്ലപ്പള്ളി (മലപ്പുറം ജില്ല കെ.എം.സി.സി വൈസ് പ്രസിഡന്റ്), ഹംദാൻബാബു കോട്ടക്കൽ (കോട്ടക്കൽ മണ്ഡലം ജനറൽ സെക്രട്ടറി), റഹ്മത്തലി (കൊണ്ടോട്ടി മണ്ഡലം കമ്മറ്റി വൈസ് പ്രസിഡന്റ്), യാസിദ് തിരൂർ (ജില്ലാ കെ.എം.സി.സി സെക്രട്ടറി), മജീദ് കള്ളീയിൽ (ജില്ലാ കെ.എം.സി.സി സെക്രട്ടറി), ബേബി നീലാമ്പ്ര (ജില്ലാ കെ.എം.സി.സി ചെയർമാൻ), മുജീബ് മുതുവല്ലൂർ, ജംഷി കാരി, നാസർ കാട്ടിപ്പരുത്തി, സി.സി റസാഖ് എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.
ഫത്താഹ് താനൂർ നന്ദി രേഖപ്പെടുത്തി.



